റൂബി കരയുന്നു, പിതാവിനെ കണ്ടെത്താനാകാതെ
കാണ്‍പൂര്‍: അപകടത്തില്‍പെട്ട ഇന്‍ഡോര്‍-പട്ന എക്സ്പ്രസ് ട്രെയിനില്‍ തന്റെ പിതാവ് രാം പ്രസാദ് ഗുപ്തയെ കാണാനാകാതെ 20കാരിയായ റൂബി ഗുപ്ത കരയുകയാണ്.
സഹോദരിമാര്‍ക്കും പിതാവിനുമൊപ്പം അസംഗഡ് പട്ടണത്തിലേക്ക് പോവുകയായിരുന്നു യുവതി. അടുത്ത മാസം ഒന്നിന് അവളുടെ വിവാഹമാണ്. ഇതുമായി ബന്ധപ്പെട്ടാണ് ട്രെയിനില്‍ അവിടേക്ക് യാത്ര തിരിച്ചത്.
അപകടത്തില്‍ റൂബിക്കും സഹോദരിമാരായ അര്‍ച്ചന, ഖുശി, വിശാല്‍ എന്നിവര്‍ക്കും നിസാര പരുക്കേറ്റെങ്കിലും പിതാവിനെ കണ്ടെത്താനാകാത്തതാണ് ഇവരെ അസ്വസ്ഥമാക്കുന്നത്.
വിവാഹം നടന്നാലും ഇല്ലെങ്കിലും പിതാവിനെ കണ്ടെത്തിയാല്‍ മതിയെന്നാണ് അവള് രക്ഷാ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ ആവശ്യപ്പെടുന്നത്. ചിലര്‍ ആവശ്യപ്പെട്ടത് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പോയി കാണാനാണ്.
അതേസമയം വിവാഹത്തിനായി കരുതിയ ഒട്ടേറെ വസ്തുവകകള്‍ യാത്രക്കിടയില്‍ നഷ്ടമായിട്ടുണ്ട്. അതൊന്നും തന്നെ അലട്ടുന്നില്ല, പിതാവിനെ കണ്ടെത്തിയാല്‍ മതിയായിരുന്നു എന്നുമാത്രമാണ് റൂബിയുടെ ആവശ്യം.
ബന്ധുക്കള്‍ക്കൊപ്പം പട്നയിലേക്ക് പോവുകയായിരുന്നു ദീപികാ ത്രിപാഠി. ഉറക്കത്തിനിടയില്‍ ഞെട്ടിയുണര്‍ന്നപ്പോഴാണ് ഉഗ്രമായ സ്ഫോടന ശബ്ദം കേട്ടത്. പിന്നീട് കോച്ചുകള്‍ ഉരുണ്ടണ്ട് പാളത്തില്‍ നിന്നും മറിഞ്ഞു വീഴുന്നു.
എന്താണ് സംഭവിച്ചതെന്നറിയാന്‍ കുറച്ചു സമയമെടുത്തു. തങ്ങളുടെ വസ്തുവകകളെല്ലാം തിരിച്ചെടുക്കാനാകാത്ത വിധത്തില്‍ ചിന്നിച്ചിതറി പോയിട്ടുണ്ടെന്നും ദീപിക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."