കാണ്‍പൂര്‍ ദുരന്തം: അലംഭാവത്തിന്റെ ബാക്കിപത്രം
യാത്രക്കാരുടെ സുരക്ഷിതത്വത്തില്‍ റെയില്‍വേ തുടരുന്ന അലംഭാവം കാരണം മറ്റൊരു ട്രെയിന്‍ ദുരന്തത്തിന് കൂടി രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു. യു.പിയിലെ കാണ്‍പൂരില്‍ ഞായറാഴ്ച പുലര്‍ചെ മൂന്നിന് പാളം തെറ്റിയ പാറ്റ്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ബോഗികള്‍ പൂര്‍ണമായും ചതഞ്ഞരഞ്ഞ നിലയിലാണ്. ഇതുവരെയായി നൂറിലധികം പേരാണ് മരണപ്പെട്ടിരിക്കുന്നത്. മരണപ്പെട്ടവരിലധികവും സ്ലീപ്പര്‍ കോച്ചിലുള്ളവരായിരുന്നു.150ല്‍പരം ആളുകള്‍ക്ക് മാരകമായ പരുക്കുണ്ട്. മൂന്നിന് അപകടം സംഭവിച്ചെങ്കിലും രാവിലെ ആറോടെയാണ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനായത്. ഗുരുതരാവസ്ഥയില്‍പ്പെട്ടവര്‍ അതുവരെ ചോര വാര്‍ന്ന നിലയില്‍ ബോഗിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. മരണസംഖ്യ മുഖ്യകാരണമായത് രക്ഷാപ്രവര്‍ത്തനത്തില്‍ വന്ന ഈ കാലവിളമ്പമാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇന്‍ഡോറില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ പാറ്റ്‌നയില്‍ എത്തേണ്ടതായിരുന്നു. അവധി ദിവസമായതിനാല്‍ യാത്രക്കാര്‍ കൂടുതലായിരുന്നു. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഏറെ വൈകിയാരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവട്ടെ മതിയായ ആംബുലന്‍സുകളോ മറ്റു സൗകര്യമോ ലഭ്യമായതുമില്ല. മരിച്ചവരുടെ ആശ്രിതര്‍ക്ക് പതിവുപോലെ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ചെയ്തുപോരുന്നതുപോലെ അപകടത്തിനു കാരണം അന്വേഷിക്കാന്‍ ഉത്തരവായിട്ടുമുണ്ട്. പല റെയില്‍ അപകടങ്ങള്‍ക്കും ഇതുപോലെ കാരണം കണ്ടെത്താന്‍ റെയില്‍വേ അന്വേഷണ പ്രഹസനങ്ങള്‍ക്ക് ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണഫലങ്ങളൊന്നും വെളിച്ചം കണ്ടില്ല. അതിനുപ്രധാന കാരണം ഇത്തരം അപകടങ്ങളൊക്കെയും ഉണ്ടാകുന്നത് റെയില്‍വേയുടെ ഭാഗത്ത്‌നിന്നുണ്ടാവുന്ന നിരുത്തരവാദപരമായ സമീപനങ്ങളായതിനാലാണ്. റെയില്‍വെ സുതാര്യമാണെന്ന് പറയാറുണ്ടെങ്കിലും പലതും വളരെ ഗോപ്യമായാണ് നടക്കുന്നത്. റെയില്‍വേ മന്ത്രിക്ക് പോലും റെയില്‍വേ മന്ത്രാലയത്തില്‍ കാര്യമായ ഇടമില്ല.
ആഗസ്റ്റ് 28ന് തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് 'കുറുകുറ്റി'യില്‍ പാളംതെറ്റിയതിന്റെ പാപഭാരം താഴെതട്ടിലുള്ള എന്‍ജിനീയര്‍മാരുടെ തലയിലിട്ട് ഉന്നത ഉദ്യോഗസ്ഥര്‍ കൈകഴുകുകയായിരുന്നു. സെപ്തംബറിലും കരുണാഗപ്പള്ളിക്കടുത്ത് ചരക്കുവണ്ടി പാളംതെറ്റുകയുണ്ടായി. ഈ അപകടത്തിന്റെയൊക്കെ പശ്ചാതലത്തില്‍ കേരളത്തിലെ റെയില്‍പാളങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുവാനും അടിയന്തര നടപടികള്‍ സ്വീകരിക്കുവാനുമായി റെയില്‍വേ ബോര്‍ഡ് അംഗം എ.കെ മിത്തന്‍ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് കേട്ടിരുന്നു. അദ്ദേഹം എന്ത് അടിയന്തര നടപടികളാണ് സ്വീകരിച്ചതെന്ന് അറിയില്ല. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഭര്‍തൃഹരിയും അന്ന് പറഞ്ഞിരുന്നു. ഒന്നും സംഭവിച്ചില്ല. അതുതന്നെയായിരിക്കും കാണ്‍പൂര്‍ റെയില്‍ദുരന്തത്തിനും ഉണ്ടാകാന്‍ പോകുന്നത്. ട്രെയിന്‍ യാത്രയുടെ സുരക്ഷാ കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയൊന്നും റെയില്‍വേ നടപടിയെടുക്കാറില്ല.
യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയിരുന്ന റയില്‍വേ, ആ നയം തിരുത്തിയിട്ട് കാലമേറെയായി. സമയം പാലിക്കുന്നതിനും ലാഭം കൂട്ടുന്നതിനുമാണ് റെയില്‍വേ ഇപ്പോള്‍ മുന്തിയ പരിഗണന നല്‍കുന്നത്. ഇതിനിടെ സുരക്ഷിതത്വം അവഗണിക്കപ്പെടുകയും ചെയ്യുന്നു. തകര്‍ന്ന പാളങ്ങളില്‍ പോലും അറ്റകുറ്റ പണി നടക്കുന്നില്ല. ഇത്തരം പാളങ്ങളിലൂടെയാണ് ട്രെയിനുകള്‍ ഇന്ന് ഓടിക്കൊണ്ടിരിക്കുന്നത്. ദൈവാധീനം കൊണ്ടാണ് യാത്രക്കാര്‍ പലപ്പോഴും രക്ഷപ്പെട്ടുപോരുന്നത്.
കേരളത്തിലെ കുറുകുറ്റി റെയില്‍അപകടത്തിന് ശേഷം സുരക്ഷിത യാത്രയ്ക്ക് ട്രെയിന്‍ എന്ന ധാരണതന്നെ തിരുത്തപ്പെട്ടിട്ടുണ്ട്. കാണ്‍പൂരില്‍ അത് അരക്കിട്ടുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ ധമനിപോലെ നീണ്ടുകിടക്കുന്നതാണ് റെയില്‍പാളങ്ങള്‍. രാജ്യത്തിന്റെ വൈവിധ്യമുള്‍ക്കൊണ്ട് ദേശീയ ഐക്യത്തിന്റെ പ്രതീകമെന്നോണം ഈ പാളങ്ങളിലൂടെ വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ബാധ്യത റയില്‍വേ മന്ത്രാലയത്തിനുണ്ട്. സമയനിഷ്ഠ പാലിക്കാനായി കൂടുതല്‍ വണ്ടികള്‍ ഓടിച്ച് ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്ന റെയില്‍വേയുടെ പുതിയ നയത്തിന്റെ ഭാഗമായാണ് റയില്‍ദുരന്തങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ കാണ്‍പൂറിന്റെ നൂറ് കിലോമീറ്റര്‍ അകലെ സംഭവിച്ച ദുരന്തം അവസാനത്തേതാകണമെന്നില്ല. ഇന്ത്യയിലെ ട്രെയിന്‍ യാത്ര സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുന്നു എന്ന സൂചനകളാണ് ഇത്തരം അപകടങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."