ചികിത്സയ്ക്കും വീടിനും പണമില്ല; സുമനസുകളുടെ കാരുണ്യംതേടി തൗസീഫ്
മങ്കട: രോഗ ചികിത്സയ്ക്കും വീടിനും സുമനസുകളെ തേടുകയാണ് വയനാട് സ്വദേശികളായ കുടുംബം. 15 കാരനായ മകന്‍ തൗസീഫിന്റെ രോഗാതുരതയ്‌ക്കൊപ്പം വീടില്ലാത്ത ദുരിതവും പേറി കഴിഞ്ഞ പതിനഞ്ചു വര്‍ഷമാണ് ഈ കുടുംബം കഴിയുന്നത്.
മൈസൂര്‍ സ്വദേശി വാഹിദും ഭാര്യ വയനാട് സ്വദേശിനി റസിയയുമാണ് മകന്റെ രോഗവും വീടില്ലാത്ത പ്രയാസവും കാരണം കണ്ണീരില്‍ കുതിര്‍ന്ന ജീവിതത്തിലായത്. ഓട്ടോ ഡ്രൈവറായ അബ്ദുല്‍ വാഹിദിന്റെയും റസിയയുടെയും ആദ്യ സന്താനങ്ങളില്‍ ഒരാളാണ് തൗസിഫ്. ജനനം മുതല്‍ തൗസീഫ് എഴുന്നേറ്റു നടന്നിട്ടില്ല. ശരീരത്തിനു വളര്‍ച്ചയും എല്ലിനു ബലവുമില്ല. കിടന്ന കിടപ്പില്‍ കൈയും കാലും കെട്ടു പിണഞ്ഞ നിലയിലായിരുന്നത് നാലു കൊല്ലത്തെ ചികിത്സ മൂലം വേര്‍പെടുത്തിയതാണ് ഏക ആശ്വാസം.
ചിലപ്പോഴൊക്കെ എല്ലുകള്‍ താനെ ഒടിയും. എഴുന്നേല്‍പിക്കാനും കുളി, ഭക്ഷണം, വിസര്‍ജനം തുടങ്ങിയവയുടെ പരിചരണത്തിന് മാതാവ് റസിയയാണ് കൂടെയുള്ളത്. ചോറ് വാരിക്കൊടുത്താണ് ഭക്ഷിക്കുന്നത്. വയനാട് മേപ്പാടിക്കു സമീപം വടുവഞ്ചാല്‍ പഞ്ചായത്തിലെ പുതിയ പാടിയില്‍ റസിയയുടെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് ഭൂമി മാത്രമാണ് ഇവരുടെ ഏക സ്വത്ത്.
നാട്ടുകാരുടെ സഹായത്തോടെ പത്തുകൊല്ലം ചികിത്സിച്ചിട്ടും തൗസിഫിനു കാര്യമായ ഫലമുണ്ടായില്ല. പെരിന്തല്‍മണ്ണയിലെ മാലാപറമ്പ് മെഡിക്കല്‍ കോളജിലെ ചികിത്സയിലാണിപ്പോള്‍ തൗസീഫ്. നാലു ഓപ്പറേഷനുകളടക്കം നാലു വര്‍ഷത്തെ ചികിത്സ നടത്തിയാണ് കെട്ടു പിണഞ്ഞ കാലുകള്‍ വേര്‍പെടുത്തിയത്. ഇപ്പോള്‍ കൈകള്‍ നേരിയ തോതില്‍ ചലിപ്പിക്കാം. അരക്കു മുകളില്‍ കഴുത്ത് വരെ ബെല്‍റ്റു കെട്ടി.
ഡോ. രജനീഷിന്റെ നേതൃത്വത്തിലാണ് നാലു മാസമായി ചികിത്സ. ആശുപത്രി ജീവനക്കാരുടെയും മറ്റു രോഗികളുടെ ബന്ധുക്കളുടെയും സഹായത്താലാണ് ജീവിത ചെലവും ചികിത്സയും നടക്കുന്നത്. ചികിത്സ ഇനിയും തുടരണം. വയനാട്ടില്‍ ചെറിയ ഷെഡില്‍ ആസിഫിനു പ്രാഥമിക കാര്യങ്ങള്‍ക്കു പോലും സൗകര്യമില്ല.
ഇതു മൂലം നാലു മാസമായി മാലാപറമ്പിലെ മെഡിക്കല്‍ കോളജില്‍ തന്നെ കഴിയുകയാണ്. മകന്‍ തൗസീഫ് സ്വന്തം എഴുന്നേറ്റു നിന്നു കാണലാണ് ഉമ്മയുടെ അതിയായ ആഗ്രഹം. അതു വരെ അവനെ പരിചരിക്കാന്‍ ഒരു കൊച്ചു കൂരയും. സുമനസുകള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."