മൂന്നാം വാരത്തിലും ജനങ്ങള്‍ക്ക് നെട്ടോട്ടം തന്നെ
കാഞ്ഞങ്ങാട: ആയിരം, അഞ്ഞൂറ് നോട്ടുകളുടെ നിരോധനത്തെ തുടര്‍ന്നുണ്ടായ ജനങ്ങളുടെ നെട്ടോട്ടം മൂന്നാം വാരത്തിലും തുടരുന്നു. ഇന്നലെയും അതിരാവിലെ തന്നെ നൂറുകണക്കിന് ജനങ്ങള്‍ വിവിധ ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയാണ് ഉണ്ടായത്. അതേസമയം നഗരത്തിലെ വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ പൂട്ടിയിട്ട നിലയിലായിരുന്നു. എന്നാല്‍ തുറന്നു വച്ച ചില ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രമാണ് വിതരണം നടന്നത്. നൂറു രൂപ ഉള്‍പ്പെടെയുള്ള നോട്ടുകള്‍ക്കും എ.ടി.എമ്മില്‍ ക്ഷാമം നേരിടുകയാണ്. പുതിയ അഞ്ഞൂറിന്റെ നോട്ടുകളും ജില്ലയില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് രണ്ടായിരം രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മില്‍ നിന്നും കൈപറ്റുന്നവര്‍ ചില്ലറക്ക് വേണ്ടി വീണ്ടും നെട്ടോട്ടമോടുകയാണ്. വളരെ സമയം എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ കാത്തു നിന്നാണ് പലര്‍ക്കും തുക കിട്ടുന്നത്. എന്നാല്‍ ഈ തുകയുമായി ആശുപത്രികളിലും മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കും പോകേണ്ടവര്‍ ചില്ലറ ലഭിക്കാതെ പിന്നേയും പ്രയാസപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതേസമയം അക്കൗണ്ടില്‍ പണമുള്ളവര്‍ക്കും നേരിട്ട് ബേങ്കില്‍ നിന്നെടുക്കാനും മണിക്കൂറുകള്‍ വെയില്‍ കൊള്ളേണ്ട അവസ്ഥയാണ്. വളരെ സമയം ക്യൂവില്‍ നിന്ന് ഒടുവില്‍ ബാങ്കില്‍ നിന്ന് ലഭിക്കുന്ന തുക രണ്ടായിരം രൂപയുടെ നോട്ടുകളായതിനാല്‍ വീണ്ടും ചില്ലറക്ക് വേണ്ടി ജനങ്ങള്‍ പരക്കം പായുകയാണ്.
വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടയുള്ളവ വാങ്ങിക്കുന്നതിന് വേണ്ടി സ്ത്രീകളടക്കം സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. എന്നാല്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് പണം നിറക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം വരെ സാധിച്ചിട്ടില്ല. വല്ലപ്പോഴും തുറക്കുന്ന എ.ടി.എം കൗണ്ടറുകള്‍ ഒരു മണിക്കൂറിനകം കാലിയാവുന്ന അവസ്ഥയിലാണ് സ്ഥിതി വിശേഷങ്ങള്‍. ഇതോടെ നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും കടുത്ത വ്യാപാര മാന്ദ്യവും പിടിപെട്ടു. എന്നാല്‍ ജനങ്ങളുടെ ദുരിതം അകറ്റാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നീക്കങ്ങളൊന്നുമില്ല. എ.ടി.എം കൗണ്ടറുകളില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ് രൂപ പിന്‍വലിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും രണ്ടായിരം രൂപ മാത്രമാണ് ഇതില്‍ നിന്നും വിതരണം ചെയ്യുന്നത്. അതേസമയം നിലവില്‍ നാലായിരം രൂപ മാറി നല്‍കിയിരുന്നത് കഴിഞ്ഞ ദിവസം രണ്ടായിരമായി കുറച്ചതോടെ പലര്‍ക്കും അത്യാവശ്യ ചിലവിന് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യമാണ് നോട്ടു നിരോധനത്തിന്റെ മൂന്നാം വാരത്തില്‍ ഉണ്ടായത്. ഇതോടെ വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു വരുകയാണ്. കേരളാ പ്രവാസി സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ കാഞ്ഞങ്ങാട് സിന്‍ഡിക്കേറ്റ് ബാങ്കിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു. അതേ സമയം പെട്രോള്‍ പമ്പുകളിലൊന്നും പണമെടുക്കാനുള്ള ജനത്തിരക്കൊന്നും കാണാനായില്ല. എന്നാല്‍ ചില്ലറ ക്ഷാമം കാരണം നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ കച്ചവടം നാലിലൊന്നായി കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി, റെയില്‍വേ സ്റ്റേഷന്‍ എന്നിവയില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. ചില്ലറയില്ലെന്ന ബോര്‍ഡാണ് റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."