ഏറ്റുമാനൂര്‍ നഗരത്തിലെ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ ഒന്നൊന്നായി പൂട്ടുന്നു
ഏറ്റുമാനൂര്‍: നഗരത്തിലെ രണ്ടാമത്തെ മാലിന്യസംസ്‌കരണ പ്ലാന്റും പൂട്ടുന്നു. നഗരസഭാ ആസ്ഥാനത്തിനും മാര്‍ക്കറ്റിനും സമീപം സ്ഥിതിചെയ്യുന്ന ചപ്പുചവറുകള്‍ കത്തിച്ചു കളയുന്ന പ്ലാന്റ് അടച്ചു പൂട്ടുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി തീരുമാനിച്ചു. വ്യാപാരികളുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭയുടെ നടപടി. രണ്ടാഴ്ച മുമ്പാണ് ഇതോട് ചേര്‍ന്നുള്ള ബയോഗ്യാസ് പ്ലാന്റ് അടച്ചു പൂട്ടിയത്.
ശബരിമല സീസണ്‍ ആരംഭിച്ചതോടെ നഗരത്തില്‍ കുന്നുകൂടുന്ന മാലിന്യങ്ങളുടെ അളവ് വര്‍ദ്ധിച്ചിരിക്കുകയാണ്. നഗരസഭാ പരിസരവും നിരത്തുകളും മാലിന്യങ്ങള്‍ നിറഞ്ഞ് പൊതുജനം പൊറുതി മുട്ടി. ഈ സാഹചര്യത്തില്‍ പകരം സംവിധാനം കാണാതെ പ്ലാന്റുകള്‍ അടച്ചു പൂട്ടുന്നതില്‍ നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ട്..
2013-14 കാലഘട്ടത്തിലാണ് 6 ലക്ഷം രൂപാ മുടക്കി ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചത്. ഉയരക്കുറവുകൊണ്ട് പ്ലാന്റില്‍ നിന്നും ഉയരുന്ന പുക ടൗണിലാകെ വ്യാപിച്ച് പരിസ്ഥിതി പ്രശ്‌നമുയര്‍ത്തിയതോടെ നാട്ടുകാര്‍ എതിരായി. പിന്നെ വല്ലപ്പോഴുമായി അതിന്റെ പ്രവര്‍ത്തനം. തെര്‍മോക്കോളും പ്ലാസ്റ്റിക്കും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇപ്പോഴും പ്ലാന്റിനു ചുറ്റും കുന്നു കൂടികിടക്കുകയാണ്. പ്ലാന്റ് സ്ഥാപിച്ച വകയില്‍ രണ്ട് ലക്ഷം രൂപാ ഇനിയും കമ്പനിയ്ക്ക് നല്‍കാനുണ്ട്.
മത്സ്യമാര്‍ക്കറ്റിലെ മാലിന്യം സംസ്‌കരിക്കുക എന്ന ഉദ്ദേശത്തിലാണ് 2015 ഒക്ടോബറില്‍ 28 ലക്ഷം രൂപാ മുടക്കി ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്. ഉദ്ഘാടനം സമയത്ത് നടത്താനായില്ല എന്നു മാത്രമല്ല രണ്ടാഴ്ച മുമ്പ് അടച്ചു പൂട്ടുകയും ചെയ്തു.
താല്‍ക്കാലികമായി 15 ദിവസത്തേക്ക് അടച്ചിടുവാനായിരുന്നു തീരുമാനം. പക്ഷെ എന്നു തുറക്കുമെന്നതിന് ഇനിയും വ്യക്തതയില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഗ്രാമപഞ്ചായത്തില്‍ ആദ്യമായി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റും ഇതേ വളപ്പില്‍ പ്രവര്‍ത്തനരഹിതമായി സ്ഥിതി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."