സമാധാനം കൈവിട്ടു : വാഹനങ്ങളും വീടുകളും തകര്‍ത്തു
കാഞ്ഞങ്ങാട് : തെരഞ്ഞെടുപ്പ് ദിനം വരെ ശാന്തമായിരുന്ന മണ്ഡലത്തില്‍ ഫലപ്രഖ്യാപനം വന്നതോടെഅക്രമം തുടങ്ങി.
നഗര പരിസര പ്രദേശങ്ങളായ മാവുങ്കാല്‍,വെള്ളിക്കോത്ത്,ആറങ്ങാടി തുടങ്ങിയ ഭാഗങ്ങളിലാണ് അക്രമങ്ങള്‍ നടന്നത്.കഴിഞ്ഞ ദിവസം മാവുങ്കാലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കാഞ്ഞങ്ങാട് എം എല്‍ എ, ചന്ദ്രശേഖരനും,മൂന്നോളം സി പി എം നേതാക്കള്‍ക്കും പരുക്കേറ്റിരുന്നു.എം എല്‍ യുടെ കൈക്കാണ് പരുക്കേറ്റത്.ഇന്നലെ അദ്ദേഹം ആശുപത്രി വിട്ടു.പരുക്കേറ്റ സി പി എം നീലേശ്വരം ഏരിയാ സെക്രട്ടറി ടി കെ രവിയെ മംഗളൂരുവിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.ഇയാള്‍ക്കും കൈക്കാണ് പരുക്കേറ്റത്.എം എല്‍ എയെ അക്രമിച്ച സംഭവത്തില്‍ ഒരു കൂട്ടം ആളുകള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു.
ആറങ്ങാടിയില്‍ വീടുകള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറുണ്ടായത്.വീടുകളുടെ ജനല്‍ ഗ്ലാസുകളും മറ്റും കല്ലേറില്‍ തകര്‍ന്നു.സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകളും ആക്രമിക്കപ്പെട്ടു.ഇതിനു പുറമേ അരയിയിലെ ലീഗ് ഓഫിസ് തീയിട്ടു നശിപ്പിച്ചു.കഴിഞ്ഞ ദിവസം കൂളിയങ്കാലിലെ ലീഗ് ഓഫിസ് തകര്‍ത്തിരുന്നു.വെള്ളിക്കോത്ത് സ്ത്രീകള്‍ നടത്തുന്ന തയ്യല്‍ പരിശീലന കേന്ദ്രം തീയിട്ടു നശിപ്പിച്ചു.
സംഭവത്തില്‍ സ്‌കൂള്‍ യുണിഫോം ഉള്‍പ്പെടെയുള്ള തയ്യലിനു വേണ്ടി എല്‍പ്പിച്ച തുണിത്തരങ്ങളും,മെഷീനുകളും നശിച്ചതായി പറയുന്നു.പ്രദേശത്തെ ബി ജെ പി പ്രവര്‍ത്തകനായ ഗോവിന്ദന്റെ വീടിനു നേരെയും അക്രമം നടന്നു.ഇതിനു പുറമേ വ്യാപാര സ്ഥാപനം തകര്‍ക്കുകയും ചെയ്തു.സിമന്റ്,പ്ലാസ്റ്റിക് പൈപ്പുകള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി പറയുന്നു.വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഒട്ടനവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയത്ത് കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പരിധിയില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.ഇതേ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ സര്‍വ്വ കക്ഷിയോഗത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും,പൊലിസ്,ആര്‍ ഡി ഒ എന്നിവരുള്‍പ്പെടെ സംബന്ധിച്ച യോഗത്തില്‍ തീരുമാനിച്ചിരുന്നു..എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടനെ തന്നെ എല്ലാ തീരുമാനങ്ങളും കാറ്റില്‍ പറന്നു.അക്രമങ്ങള്‍ സംബന്ധിച്ച് 15 ഓളം കേസുകള്‍ ഹൊസ്ദുര്‍ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."