എഫ്.സി.ഐ ഗോഡൗണുകളില്‍ അരി നീക്കം നിലച്ചു; റേഷന്‍ വിതരണം പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നുള്ള അരി നീക്കം നിലച്ചു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നല്‍കേണ്ട അരി എഫ്.സി.ഐ ഗോഡൗണുകളില്‍ എത്തിയെങ്കിലും കൂലി ലഭിക്കാത്തതിനാല്‍ അരി കയറ്റാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചതോടെയാണ് അരി നീക്കം നിലച്ചത്. ഇതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായി.
നേരത്തെ മൊത്ത വ്യാപാരികളാണ് റേഷന്‍ കടകളില്‍ അരി എത്തിച്ചിരുന്നത്. ഇവര്‍ പ്രത്യേകമായി തൊഴിലാളികള്‍ക്ക് പണം നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയ സാഹചര്യത്തില്‍ മൊത്ത വിതരണക്കാരെ ഒഴിവാക്കണമെന്നും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടു വന്ന് അരിയെടുക്കണമെന്നും എഫ്. സി.ഐ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ തന്നെ നേരിട്ട് കഴിഞ്ഞയാഴ്ച എഫ്.സി.ഐയില്‍ പണമടച്ചു. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ കഴിഞ്ഞദിവസം അരിയെടുക്കാന്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ എത്തിയെങ്കിലും ലോഡ് കയറ്റാന്‍ തൊഴിലാളികള്‍ തയാറായില്ല. വേതനത്തിനു പുറമെ അട്ടിക്കൂലി കൂടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ലോഡൊന്നിന് 700 രൂപ മുതല്‍ 1600 രൂപവരെയാണ് അട്ടിക്കൂലിയായി നല്‍കേണ്ടത്. എന്നാല്‍ ഒരു രൂപ പോലും അനാവശ്യമായി കൊടുത്ത് അരിയെടുക്കേണ്ടെന്നു ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സംസ്ഥാനത്തെ 22 ഗോഡൗണുകളില്‍ നിന്നും അരി നീക്കം നിലയ്ക്കുകയായിരുന്നു. ഈ മാസത്തെ അരി 30ന് ഉപഭോക്താക്കള്‍ക്ക് കൊടുത്ത് തീര്‍ക്കണം. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കെ റേഷന്‍ കടകളില്‍ അരിയെത്തിക്കാനാകാത്തത് സര്‍ക്കാരിന് വെല്ലുവിളിയാകുകയാണ്.
അതേസമയം, റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുക്കിയിരുന്ന ചില മൊത്തവിതരണക്കാര്‍ നടപ്പാക്കിയ ശീലമാണ് അട്ടിക്കൂലിയെന്നും ഇതു തുടരാനാകില്ലെന്നുമാണ് സര്‍ക്കാരിന്റ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."