ഡി.സി.സി പുനഃസംഘടന: ഡല്‍ഹിയില്‍ ഇന്നു ചര്‍ച്ച
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു തലവേദനായി മാറിക്കഴിഞ്ഞ ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച. ഇതിനായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഡല്‍ഹിയിലെത്തി. വൈകീട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി മൂന്നുപേരും ചര്‍ച്ചനടത്തും.
ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനത്തിനായി രാഹുലിനെ ചുമതലപ്പെടുത്തും. പ്രഖ്യാപനം പിന്നീടായിരിക്കും. ഡി.സി.സി പുനഃസംഘടന നീണ്ടു പോകുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം മന്ദീഭവിച്ച സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ തീരുമാനത്തിലെത്താനാണ് ഹൈക്കമാന്റിന്റെ നീക്കം.
വിവിധ ജില്ലകളില്‍നിന്നുള്ള ഗ്രൂപ്പ് നേതാക്കളും ഡല്‍ഹിയില്‍ തമ്പടിക്കുന്നുണ്ട്. എതിര്‍ ഗ്രൂപ്പില്‍പെട്ട നേതാക്കള്‍ ഡി.സി.സി പ്രസിഡന്റുമാരാവാതിരിക്കാനും തങ്ങളുടെ നോമിനികളെ അവരോധിക്കാനുമുള്ള കരുനീക്കങ്ങള്‍ നടത്താനായി എത്തിയവരും സജീവമാണ്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായി സതീശന്‍ പാച്ചേനിയെ നിശ്ചയിച്ചേക്കാനുള്ള സാധ്യത മുന്നില്‍കണ്ടു ഈ നീക്കം തടയാനായി കെ.സുധാകരന്‍ ഇന്നലെ ഡല്‍ഹിയിലെത്തി തിരക്കിട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. ഡി.സി.സി അധ്യക്ഷ പദവി ഇരുഗ്രൂപ്പുകളും പങ്കിട്ടെടുക്കുന്ന പതിവില്‍നിന്നു വ്യത്യസ്തമായി ഇത്തവണ വി.എം സുധീരനും രംഗത്തുള്ളതാണ് ചര്‍ച്ച അനന്തമായി നീളാന്‍ ഇടയാക്കിയത്. മൂന്ന് നേതാക്കളില്‍നിന്നും രാഹുല്‍ ഭാരവാഹികളുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു.
ഒരേ ജില്ലയിലേക്ക് തന്നെ ഒന്നില്‍കൂടുതല്‍ നേതാക്കളുടെ പേരുകള്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഇവര്‍ക്കുള്ള നിര്‍ദേശം. പതിനാലു ജില്ലകളിലേയും പ്രസിഡന്റുമാര്‍ മാറുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ നിലവിലെ ഭാരവാഹികള്‍ മാസങ്ങളായി പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിക്കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."