മത്സരം കോതമംഗലത്തെ സ്‌കൂളുകള്‍ തമ്മില്‍
കൊച്ചി: റവന്യൂ ജില്ലാ കായിക മേള രണ്ടാം ദിനം പിന്നിട്ടതോടെ ഒന്നാം സ്ഥാനത്തിനായുള്ള മത്സരം കോതമംഗലത്തെ സ്‌കൂളുകള്‍ തമ്മിലായി മാറി. മറ്റ് ഉപജില്ലകളിലെ സ്‌കൂളുകളെ പിന്‍തള്ളി കോതമംഗലത്തെ സ്‌കൂളുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. മീറ്റില്‍ ഇതു വരെ പിറന്ന റിക്കാര്‍ഡുകളെല്ലാം കോതമംഗലം സ്‌കൂളുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനത്തില്‍ മാര്‍ ബേസില്‍ താരങ്ങള്‍ മൂന്ന്, മാതിരപ്പള്ളി സ്‌കൂള്‍ രണ്ട്, സെന്റ് ജോര്‍ജ് ഒന്ന് എന്നിങ്ങനെയാണ് റിക്കാര്‍ഡുകളുടെ കണക്ക്. രണ്ടാം ദിനമായ ഇന്നലെ കുറിച്ച മൂന്നില്‍ രണ്ടു റിക്കാര്‍ഡും നേടിയത് സെന്റ് ജോര്‍ജ് താരങ്ങളാണ്. മാര്‍ ബേസിലും ഒരു റിക്കാര്‍ഡ് തിരുത്തിക്കുറിച്ചു.
ഓരോ മീറ്റിലും റിക്കാര്‍ഡിട്ടു മുന്നേറുന്ന താരങ്ങള്‍ ജില്ലാ സംസ്ഥാന തലങ്ങളിലും ദേശീയ തലത്തിലും മികച്ച പ്രകടനങ്ങള്‍ നടത്താറുണ്ട്. സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ സ്‌കൂളുകളാണ് കാലാകാലങ്ങളായി കോതമംഗലത്തിന്റെ അഭിമാനതാരങ്ങളെ സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മാതിരപ്പള്ളി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസും ഈ നിരയിലേക്ക് സംഭാവനകള്‍ നല്‍കി കായിക കേരളത്തെ സമ്പുഷ്ടമാക്കുന്നുണ്ട്.
ഉപജില്ലയിലെ സ്‌കൂളുകളുടെ മികവില്‍ ആദ്യദിനം രണ്ടാം സ്ഥാനത്തു നിന്ന എറണാകുളത്തിന്റെ 27 പോയിന്റിനെതിരെ 210 പോയിന്റുമായി വന്‍ ലീഡെടുത്ത കോതമംഗലം, രണ്ടാം ദിനം 462 പോയിന്റുമായാണ് 65 പോയിന്റുമായി രണ്ടാമതു നില്‍ക്കുന്ന എറണാകുളത്തെ ബഹുദൂരം പിന്നിലാക്കി കുതിപ്പു തുടരുന്നത്. സ്‌കൂള്‍ തിരിച്ചുള്ള പട്ടികയില്‍ 231 പോയിന്റുമായി മാര്‍ ബേസില്‍ എച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. 134 പോയിന്റുമായി സെന്റ് ജോര്‍ജാണ് രണ്ടാമത്. കോതമംഗലത്തിന്റെ തന്നെ മാതിരപ്പള്ളി സ്‌കൂളാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത്.
കോതമംഗലം നേടിയ 462 പോയിന്റുകളില്‍ 420ഉം ഈ സ്‌കൂളുകളുടെ സംഭാവനയാണ്. അവസാന ദിവസമായ ഇന്ന് കോതമംഗലം സ്‌കൂളുകളുടെ ആവേശപ്പോരാട്ടത്തില്‍ സെന്റ് ജോര്‍ജ് കഴിഞ്ഞ തവണ അഞ്ചു പോയിന്റു വത്യാസത്തില്‍ വിട്ടുകളഞ്ഞ ഒന്നാം സ്ഥാനം വീണ്ടെടുക്കുമോയെന്ന്് കണ്ടറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."