അധികൃതരുടെ അവഗണനയില്‍ മഴയെ പേടിച്ച് ബാലാമണിയമ്മ
എരുമപ്പെട്ടി: അധികൃതരുടെ അവഗണനയില്‍ മഴയെ പേടിച്ച് ബാലാമണിയമ്മ. പരസഹായത്തിനു പോലും ആരുമില്ലാത്ത ബാലാമണിയമ്മക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. ചെറിയൊരു കാറ്റുവീശിയാല്‍ പോലും ജീവരക്ഷക്കായി മുറ്റത്തേക്ക് ഇറങ്ങി ഓടേണ്ട അവസ്ഥയാണ് ബാലാമണിയമ്മക്ക് ഇപ്പോഴുള്ളത്. എരുമപ്പെട്ടി പഞ്ചായത്ത് 5-ാം വാര്‍ഡ് മുരിങ്ങത്തേരി കല്ലാറ്റുവീട്ടില്‍ ബാലാമണിയമ്മയുടെ വീടാണ്
ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. അവിവാഹിതയായ ബാലാമണിയമ്മയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചു. ബന്ധുക്കളായി ഉണ്ടായിരുന്നവര്‍ അന്യസംസ്ഥാനങ്ങളില്‍ കുടുംബവുമായി താമസിക്കുകയാണ്.
തറവാട് ഭാഗം വെച്ചപ്പോള്‍ അനാഥയായ ബാലാമണിയമ്മക്ക് ലഭിച്ചതാണ് കാലപഴക്കം ചെന്ന് വീഴാറായ വീട്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൂലിപണിക്ക് പോകുന്നതിനും ഇവര്‍ക്ക് കഴിയുന്നില്ല. വല്ലപ്പോഴും കിട്ടുന്ന അവിവാഹിത പെന്‍ഷന്‍ കൊണ്ടാണ് നിത്യവൃത്തി കഴിഞ്ഞു പോകുന്നത്. സമാധാനമായി കിടന്നുറങ്ങാന്‍ ഒരു ചെറിയ മുറിയെങ്കിലും പണികഴിപ്പിച്ചു കിട്ടുന്നതിനായി വാര്‍ഡ് മെമ്പര്‍മാരോട് നിരവധി തവണ അപേക്ഷിച്ചു. എന്നാല്‍ മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ പഞ്ചായത്തില്‍ നിന്നും സഹായം അനുവദിച്ചു തരാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
ഏകദേശം 70 വര്‍ഷം പഴക്കമുള്ള വീടിന്റെ ദുരവസ്ഥയെ ഈ വര്‍ഷക്കാലത്തിനു മുന്‍പെങ്കിലും മറികടക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് എഴുപതിനോടടുത്ത ബാലാമണിയമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."