ചരക്കുലോറി നിയന്ത്രണംവിട്ട് 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ചു
എടക്കര: നാടുകാണി ചുരം പാതയില്‍ ചരക്കുലോറി നിയന്ത്രണംവിട്ട് 400 അടി താഴ്ചയുള്ള കൊക്കയിലേക്കു പതിച്ചു. രക്ഷപ്പെടാനായി എടുത്തുചാടിയ ഡ്രൈവര്‍ക്കു പരുക്കേറ്റു. കൊളപ്പറമ്പന് സ്വദേശി എടക്കടമ്പന്‍ അബ്ദുറഹ്മാനാണ് പരുക്കേറ്റത്. ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാണി ചുരം പാതയില്‍ അമ്പലമുക്കിനു സമീപം ഇന്നലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. മൈസൂരില്‍നിന്നു തൃശൂരിലേക്ക് അരിയുമായി പോകുകയായിരുന്ന പത്തു ചക്ര ലോറി ചുരമിറങ്ങുന്നതിനിടയില് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവറായ രാഗേഷ് വണ്ടിയില്‍നിന്നു ചാടിയിറങ്ങി കട്ടവച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയില്‍ വണ്ടി കൊക്കയിലക്കു മറിഞ്ഞു.
കാടിനുള്ളിലെ ചോലക്കരികിലേക്കു മറിഞ്ഞ ലോറി റോഡില്‍നിന്നു നോക്കിയാല്‍ കാണാന്‍ പറ്റുമായിരുന്നില്ല. ലോറി പതിച്ച സ്ഥലം കുത്തനെ ഇറക്കമായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് അഗ്നിശമന സേനയ്ക്ക് എത്താന്‍ കഴിഞ്ഞത്. അഗ്നിശമന സേനയും പൊലിസും നാട്ടുകാരും ട്രോമാകെയര്‍ അംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയും അരിച്ചാക്കുകളും തിരികെ കയറ്റാന്‍ കഴിഞ്ഞിട്ടില്ല..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."