സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.
സഹകരണ പ്രശ്‌നം ദേശീയ തലത്തില്‍ ഉയര്‍ത്തികൊണ്ട് വരാനും സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഹര്‍ത്താല്‍ ഒരുക്കങ്ങളെ കുറിച്ച് മുന്നണി യോഗത്തിന് ശേഷം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
നോട്ട് നിരോധനത്തിനെതിരില്‍ സാധ്യമായിടങ്ങളില്‍ ഹര്‍ത്താല്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍റോഡ് ഗതാഗതം തടയാനും കടകള്‍ അടച്ചിടാനും കഴിഞ്ഞ ദിവസം സിപിഐഎം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തിരുന്നു.
ഹര്‍ത്താലിന് ആഹ്വാനംചെയ്‌തെങ്കിലും പ്രക്ഷോഭം ഏതുതരത്തില്‍ വേണമെന്നത് അതത് സംസ്ഥാനകമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു പൊളിറ്റ് ബ്യൂറോ അറിയിച്ചത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിനെതിരെ സി.പി.ഐ.എം ബഹുജനപ്രക്ഷോഭം ശക്തമാക്കുകയാണ്. ഡിസംബര്‍ 30 വരെ പഴയനോട്ടുകള്‍ ഉപയോഗിക്കാന്‍ അവകാശം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. വ്യാഴാഴ്ച മുതല്‍ 30 വരെ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആറു ഇടതുപാര്‍ട്ടികള്‍ യോഗംചേര്‍ന്ന് തീരുമാനിച്ചിരുന്നു.
സഹകരണ പ്രശ്‌നത്തില്‍ കേരളാ നിയമസഭാ കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നല്‍കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സഹകരണ പ്രശ്‌നത്തില്‍ ഏതറ്റം വരെ പോകാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
സഹകരണത്തില്‍ വിട്ട് വീഴ്ചക്ക് തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നടപടക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എല്‍.ഡി.എഫ് തീരുമാനിച്ചത്. ഭരണത്തിലിരുന്നിട്ടും ഒന്നും ചെയ്യാനായിട്ടില്ലെങ്കില്‍ ഇടത് പക്ഷത്തിന് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."