മോദി ചക്രവര്‍ത്തി തിരുമനസല്ലെന്ന് ഡോ.ടി.എം തോമസ് ഐസക് വിദേശ പണത്തിന്റെ വരവ് കുറഞ്ഞത് കേരളത്തെ തകര്‍ക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ച നരേന്ദ്ര മോദി ചക്രവര്‍ത്തി തിരുമനസല്ലെന്നു സംസ്ഥാന ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന ഓര്‍മ വേണം. വിദേശ രാജ്യങ്ങള്‍ മുഴുവന്‍ പോകാന്‍ മോദിക്കു സമയമുണ്ട്. എന്നാല്‍ എം.പിമാരെയും മുഖ്യമന്ത്രിയെയും സര്‍വകക്ഷി സംഘത്തെയും കാണാന്‍ സമയമില്ലെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ മേഖലയെ ശ്വാസം മുട്ടിച്ചു കൊല്ലാനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമം. കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണേണ്ടെന്നു പറഞ്ഞ് ആരാണു പ്രധാനമന്ത്രിയുടെ മനസ് മാറ്റിയത്.
സഹകരണ മേഖലയിലെ നിക്ഷേപകരെ കള്ളപ്പണക്കാരായി ചിത്രീകരിച്ചു സംഘങ്ങളെ തകര്‍ക്കാന്‍ ആരില്‍നിന്നാണു ബി.ജെ.പി അച്ചാരം വാങ്ങിയത്. കേരള ജനത ഇവര്‍ക്കു മാപ്പുനല്‍കില്ല. ഒ. രാജഗോപാല്‍ പറയുന്നതു കേട്ട് ബി.ജെ.പി തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് റദ്ദാക്കിയത് പിന്‍വലിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടില്ല. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കു നിരവധി പ്രയാസങ്ങള്‍ ഉണ്ട്. അത് ലഘൂകരിക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു കഴിയും. അതിനു സഹകരണ മേഖലയ്ക്കുള്ള നിരോധനം പിന്‍വലിക്കണം എന്നാണു പറഞ്ഞത്.
നിയമസഭയല്ലാതെ മറ്റാരാണു ജനങ്ങളുടെ പ്രശ്‌നം പറയേണ്ടത്. നിയമസഭ പ്രമേയം പാസാക്കി കേരളം ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല. നോട്ട് നിരോധിച്ചതിനെതിരേ ആയിരുന്നില്ല പ്രമേയം പാസാക്കിയത്. അതിനാല്‍ അരുണ്‍ ജെയ്റ്റിലിക്ക് പ്രമേയത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അയക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
രാജ്യത്ത് നോട്ട് നിരോധനം പ്രതിസന്ധി സൃഷ്ടിച്ചതോടെ ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പണം കേരളത്തിലേക്ക് എത്തുന്നില്ല. കേരളത്തിലെ സമ്പദ്ഘടനയുടെ 30 ശതമാനവും വിദേശത്തു നിന്നുള്ള പണമാണ്.
ഇതു പുതിയ പ്രതിസന്ധിയാണു സംസ്ഥാനത്തു സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സമ്പദ്ഘടനയുടെ നിലനില്‍പു തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
വിദേശത്തുള്ളവര്‍ ഇവിടെ പണം എടുക്കാന്‍ കഴിയാത്തതിനാല്‍ സമ്പത്ത് വിദേശ രാജ്യങ്ങളില്‍ത്തന്നെ സൂക്ഷിക്കപ്പെടുകയാണെന്നും ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു.
നോട്ട് നിരോധനത്തെത്തുടര്‍ന്നുള്ള പ്രതിസന്ധി തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച നാലു ശതമാനത്തിലേയ്ക്കു താഴും. ഏഴര ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണ് ഇതു സംഭവിക്കുന്നത്. പ്രതിസന്ധി തുടരുന്നതു പണം കിട്ടിയാല്‍ ചെലവഴിക്കാത്ത സ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്.
കൈയിലുള്ളതു ചെലവാക്കാന്‍ ആളുകള്‍ക്കു മടിയാണ്. ഇതു വിപണിയെയും ബാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. നോട്ട് പിപണിയില്‍ എത്തിയാലേ നിലവിലെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരമാകൂ. ആറു മാസം കൊണ്ടുപോലും നോട്ട് അടിച്ച് തീര്‍ക്കാനാവില്ല. ഒരു നോട്ടടിക്കാന്‍ 21 ദിവസം വേണ്ടി വരും അതുപോലും കാര്യക്ഷമമായി കേന്ദ്ര സര്‍ക്കാരിനു ചെയ്യാനാവുന്നില്ലെന്നും ഐസക് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."