ഭീകരരെ സഹായിക്കുന്ന നിലപാട് പാകിസ്താന്‍ നിര്‍ത്തണം
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പാകിസ്താന്റെ പരിപൂര്‍ണ സഹായം ലഭിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുകയാണ് പാകിസ്താന്‍ ചെയ്യേണ്ടത്. നിലവിലെ അവസ്ഥയില്‍ പാകിസ്താനുമായി ഒരു വിധ ചര്‍ച്ചകള്‍ക്കും സാധ്യതയില്ലെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം തുടരുന്ന നിരന്തര വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ വികാസ് സ്വരൂപ് പ്രതിഷേധം രേഖപ്പെടുത്തി. അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ വരെ പാക് സൈന്യം ആക്രമണം നടത്താറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.നവംബര്‍ 16 മുതല്‍ 21 വരെയുള്ള കാലയളവില്‍ അതിര്‍ത്തിയില്‍ 27 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. 2003ലെ വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തകര്‍ത്തു
ശ്രീനഗര്‍: ജമ്മു കശ്മിര്‍ അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള ഭീകരരുടെ രണ്ടു ശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തി.ഗുല്‍മാര്‍ഗ്, നൗഗാം എന്നീ സെക്ടറുകളിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിയുതിര്‍ത്താണ് ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശക്തമായ വെടിവയ്പ്പുണ്ടായതോടെ ഭീകരര്‍ പിന്‍മാറുകയായിരുന്നു. അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ പലയിടത്തും ഇയിടെയായി കനത്ത ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പകരമായി ഇന്ത്യ കനത്ത ആക്രമണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."