ക്ഷേത്രത്തില്‍ കവര്‍ച്ച; പ്രതി പിടിയില്‍
മഞ്ചേരി: മഞ്ചേരി എട്ടിയോട്ട് ക്ഷേത്രത്തില്‍ നടന്ന മോഷണക്കസിലെ പ്രതി പൊലിസ് പിടിയില്‍. കോഴിക്കോട് ഒളയമ്മല്‍ കാക്കൂര്‍ ഇലംപിലാശ്ശേരി അര്‍ഷാദ് (30) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി മഞ്ചേരി അരുകിഴായ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
ഒന്നര വര്‍ഷം മുന്‍പു മഞ്ചേരി-കോഴിക്കോട് റോഡില്‍ പഴയ നര്‍ത്തകി തിയറ്ററിനു സമീപത്തുള്ള എട്ടിയോട്ട് ശിവക്ഷേത്രത്തില്‍ നടന്ന കളവുകേസിലെ പ്രധാനകണ്ണിയാണ് ഇയാളെന്നു പൊലിസ് പറഞ്ഞു. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി അഞ്ചു ഭണ്ഡാരങ്ങള്‍ പൊളിച്ചു പണവും അമ്പലത്തിലെ ഓട്ടുപാത്രങ്ങളുമാണ് മോഷണം നടത്തിയിരുന്നത്. ഇന്നലെ പിടികൂടുന്ന സമയത്തും മഞ്ചേരിയിലും പരിസരത്തുമുള്ള ക്ഷേത്രങ്ങളില്‍ മോഷണം നടത്താനുള്ള തയാറെടുപ്പിലായിരുന്നു ഇയാള്‍.
ക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച ഓട്ടുപാത്രങ്ങളും മറ്റും പൊലിസ് കണ്ടെടുത്തു. മഞ്ചേരി, കോട്ടക്കല്‍, തിരൂര്‍, കോഴിക്കോട് കസബ, നടക്കാവ് സ്റ്റേഷനുകളില്‍ കളവ്, കഞ്ചാവ് വില്പന എന്നിവയ്ക്ക് ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം മഞ്ചേരിയിലെ ടെക്സ്റ്റൈല്‍സിലെ ജീവനക്കാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ മോഷണം നടത്തിയതിനു മഞ്ചേരി പൊലിസ് പിടികൂടിയിരുന്നു. ഇതിനു ശിക്ഷിക്കപ്പെട്ടു രണ്ടു മാസംമുന്‍പാണ് പ്രതി ജയിലില്‍നിന്നിറങ്ങിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയുടെ നിര്‍ദേശപ്രകാരം മഞ്ചേരി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ മഞ്ചേരി എസ്.ഐ കൈലാസ്നാഥാണ് പ്രതിയെ അറസ്റ്റുചെയ്തത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന് മാരാത്ത്, ശ്രീകുമാര്‍, പി. സഞ്ജീവ്, സലിം, സജയന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."