ആര്‍ട്ട് ഗാലറിയില്‍ സാമൂഹ്യ വിരുദ്ധ ശല്യം; ശേഖര്‍ അയ്യന്തോളിന്റെ ചിത്രപ്രദര്‍ശനം പാതിയില്‍ നിര്‍ത്തി
കോഴിക്കോട്: സാമൂഹ്യ വിരുദ്ധരുടെ ശല്യത്തെതുടര്‍ന്ന് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച പ്രശസ്ത ചിത്രകാരന് ശേഖര്‍ അയ്യന്തോളിന്റെ ചിത്രപ്രദര്‍ശനം പാതിയില്‍ നിര്‍ത്തി. ഈമാസം 23നാണ് ഖജുരാഹോ എന്നുപേരിട്ട അയ്യന്തോളിന്റെ ചിത്രപ്രദര്‍ശനം തുടങ്ങിയത്. 24ന് വൈകുന്നേരം ചിലര്‍ ചിത്രപ്രദര്‍ശനം നടക്കുന്ന ഹാളിലെത്തുകയും ചിത്രങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും കാണാനെത്തിയവരേയും സംഘാടകരേയും അപമാനിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രദര്‍ശനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അയ്യന്തോളിന്റെ മകന് ധ്യാന്ശേഖര് പറഞ്ഞു. കോഴിക്കോട് പോലെ മഹത്തായ കലാപാരമ്പര്യം സൂക്ഷിക്കുന്ന നഗരത്തില്‍ ഉണ്ടായ ദുരനുഭവം അച്ഛനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
27 വരെയാണ് പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. കോഴിക്കോട് ആര്‍ട് ഗാലറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രദര്‍ശനം പാതിയില്‍ നിര്‍ത്തുന്നത്. സംഭവത്തെത്തുടര്‍ന്ന് അക്കാദമി അധികൃതര്‍ ടൗണ്‍ പൊലിസില്‍ പാരാതി നല്‍കിയിട്ടുണ്ട്. ആര്‍ട്ട് ഗാലറിയിലും പരിസരത്തും പതിവ് സാന്നിധ്യമായ ചെമ്പയില്‍ ഗണേഷ് ബാബുവിനെതിരേയാണ് ലളിതകലാ അക്കാദമി അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഏറെ നാള് മുന്‍പേ തന്നെ ആര്‍ട്ട് ഗാലറിയും പരിസരവും പകലും രാത്രിയും ഒരുപോലെ സാമൂഹ്യ വിരുദ്ധരുടെ ശല്യമാണെന്ന പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."