ഫിദല്‍ കാസ്‌ട്രോ: ജീവിതം, വിപ്ലവം ,രാഷ്ട്രീയം
ഏകാധിപത്യത്തിനെതിരെ എന്നെത്തെയും പോരാട്ട മാതൃകയായിരുന്ന ഫിദല്‍ കാസ്‌ട്രൊ ഓര്‍മയായി.വിപ്ലവത്തിന്റെ ലോകത്ത് ജ്വലിച്ചു നില്‍ക്കുന്ന ഫിദല്‍ കാസ്‌ട്രൊ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ നായകനായിരുന്നു.
ചെറിയ രാജ്യമായ ക്യൂബയെ ലോക വന്‍ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ വഴിയിലേക്ക് കൈപിടിച്ച് നടത്തിയ കാസ്‌ട്രൊ വിപ്ലവത്തിലൂടെ സാധരണക്കാര്‍ക്ക് വേണ്ടിയാണ് നില കൊണ്ടത് . അത്‌കൊണ്ട് തന്നെയാണ് എതിര്‍പ്പുകളുടെ തീച്ചൂളയില്‍ നില്‍ക്കുമ്പോഴും ജനങ്ങളുടെ എന്നെത്തെയും നായകനായി കാസ്‌ട്രൊ മാറിയത്.
കമ്മ്യൂണിസത്തിന്റെ ലോക മാതൃകയായി ക്യൂബ ഇപ്പോഴും നിലനില്‍ക്കുന്നത് ഫിദലിന്റെ ആത്മധൈര്യത്തിന്റെ അടയാളമാണ്. അമേരിക്കയുടെ അയല്‍രാജ്യമായിരുന്നിട്ടും പോരാട്ട രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിനെതിരെ എന്നും നിലകൊള്ളുക മാത്രമല്ല അമേരിക്കക്കെതിരെ ലോകരാജ്യങ്ങളെ അണി നിരത്താനും ഫിദല്‍ പരിശ്രമിച്ചു
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്നു എന്നും കാസ്‌ട്രോ. ഉപരോധങ്ങളിലൂടെ ക്യൂബയെ തകര്‍ക്കാന്‍ അമേരിക്ക നിരന്തരം ശ്രമിച്ചപ്പോള്‍ അതിനെയെല്ലാം ധീരതയോടെ നേരിട്ടു.
അധികാരത്തിലേറിയ ശേഷം കാസ്‌ട്രോയെ വധിക്കാന്‍ അമേരിക്കന്‍ ചാര സംഘടന പലതവണ ശ്രമിച്ചിരുന്നു. ക്യൂബയുടെ കണക്ക് പ്രകാരം 1958നും 2000ത്തിനും ഇടയില്‍ 638 തവണ അമേരിക്ക കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിച്ചു.
അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ മാര്‍ച്ചിലെ ചരിത്രപരമായ ക്യൂബന്‍ പര്യടനത്തെ തള്ളിപറഞ്ഞും ഫിദല്‍ രംഗത്തെത്തി. അമേരിക്കയുടെ ഒരു ദാനവും തങ്ങള്‍ക്കു വേണ്ട എന്നാണ് കാസ്‌ട്രോ ഒബാമക്ക് എഴുതിയ തുറന്ന കത്തില്‍ പ്രതികരിച്ചത്. കഴിഞ്ഞ അന്‍പതു വര്‍ഷത്തെ ശത്രുത മറക്കാനാവില്ലെന്ന് കാസ്‌ട്രോ അന്ന് അടിവരയിട്ട് പറഞ്ഞു.
കഴിഞ്ഞതെല്ലാം മറക്കാന്‍ ഒബാമ പറയുമ്പോള്‍ തങ്ങള്‍ എന്താണ് മറക്കേണ്ടതെന്നും കാസ്‌ട്രോ ചോദിക്കുന്നു. ക്യൂബയ്ക്കു മേല്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ ക്യൂബന്‍ ജനതക്ക് മറക്കാനാവില്ല.
അമേരിക്കന്‍ വംശീയതയില്‍ നിന്ന് തങ്ങള്‍ മോചനം നേടിയത് വിപ്ലവത്തിലൂടെയാണ്. ശാസ്ത്രത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സംസ്‌കാരത്തിലൂടെയും തങ്ങള്‍ നേടിയ അവകാശങ്ങളുംഭൗതിക സമ്പത്തും ആര്‍ക്കും അടിയറവയ്ക്കാന്‍ ക്യൂബന്‍ ജനതയ്ക്കാവില്ല.
ജനങ്ങള്‍ അവരുടെ കഴിവും ബുദ്ധിയും ഉപയോഗിച്ചു നേടിയെടുത്തതാണ് ഭക്ഷ്യവസ്തുക്കളും സമ്പാദ്യവും. അതു കൊള്ളയടിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കാസ്‌ട്രോ അന്ന് കത്തില്‍ ഒബാമയെ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് ഫിദല്‍ അവസാനമായി പൊതുവേദിയില്‍ എത്തിയിരുന്നത്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സായിരുന്നു വേദി. ക്യൂബയുടെ രാഷ്ട്രീയം എന്നും നിലനില്‍ക്കുമെന്നായിരുന്നു കാസ്‌ട്രോ അന്ന് വൈകാരികമായി പ്രസംഗിച്ചത്.
ക്യൂബക്ക് മുന്നോട്ട് പോകാനുള്ള വഴി വെട്ടിയാണ് കാസ്‌ട്രോ വിട വാങ്ങിയത്. ഭരണം പൂര്‍ണമായും കൈമാറിയ ശേഷമാണ് ഫിദല്‍ വിടവാങ്ങിയതെന്നതും ക്യൂബക്ക് ആശ്വാസമാണ്.
ഫിദല്‍ കാസ്‌ട്രോയുടെ ജീവിതം ഒറ്റനോട്ടത്തില്‍
- ക്യൂബയുടെ ഏകാധിപത്യത്തിനെതിരെ പോരാടി വിപ്ലവനായകനായി
- 1926 ആഗസ്റ്റ് 13 നാണ് കര്‍ഷക കുടുംബത്തിലാണ് ഫിദലിന്റെ ജനനം
ഹവാന സര്‍വകലാശാലയില്‍ നിയമം പഠിക്കുമ്പോഴാണ് കാസ്‌ട്രോ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത് - ഏഴു പതിറ്റാണ്ട് കാലം കമ്മ്യൂണിസത്തിന്റെ വാക്താവായി നിലകൊണ്ടു
- ക്യൂബയെ ഒരു പൂര്‍ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ ശ്രമിച്ചത് കാസ്‌ട്രോയാണ്
- 1976 മുതല്‍ 2008 വരെ ക്യൂബയുടെ പ്രസിഡണ്ടായിരുന്നു
- ഏറ്റവുമധികം കാലം രാഷ്ട്രതലവനായ വ്യക്തിയും കാസ്‌ട്രോയാണ്
- 1965ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി
- 1961 മുതല്‍ 2011 വരെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
- 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍
- ക്യൂബയില്‍ അധികാരത്തിലെത്തി
- 1965 ല്‍ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
- ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു
- ആറു തവണയാണ് ക്യൂബയുടെ പ്രസിഡന്റയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
- ആരോഗ്യപരമായ കാരണങ്ങളാല്‍ 2006 ല്‍ ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിഞ്ഞ അദ്ദേഹം അധികാരം പിന്‍ഗാമിയായിരുന്ന സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
- ക്യൂബയില്‍ ഗറില്ലാ പോരാട്ടമാണ് ഫിദല്‍ കാസ്‌ട്രൊ നടത്തിയത്.
- രണ്ടു തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്
- 90 ാം വയസ്സിലാണ് അന്ത്യം
മനുഷ്യത്വത്തിന്റെ വലിയ വൃക്ഷമെന്ന് മറഡോണ
ബ്യൂണസ് അയേഴ്‌സ്: നിര്‍വചിക്കാന്‍ കഴിയാത്ത വൈകാരികത നിറഞ്ഞ ബന്ധമായിരുന്നു ഫിദല്‍ കാസ്‌ട്രോയുമായി തനിക്കുണ്ടായിരുന്നതെന്ന് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ. താന്‍ ആരോഗ്യപ്രശ്‌നം നേരിട്ടപ്പോള്‍ രക്ഷാകരങ്ങള്‍ നീട്ടിയത് ഫിദലായിരുന്നുവെന്നും മറഡോണ പറഞ്ഞു. ചികിത്സക്കായി ക്യൂബയിലേക്ക് ക്ഷണിക്കുകയും അവിടെനിന്ന് തനിക്ക് ലഭിച്ച സ്‌നേഹവും സാന്ത്വനവും പുതിയ മനുഷ്യനാക്കിമാറ്റിയെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ഫിദലിന്റെ പ്രോത്സാഹനവും പ്രചോദനവുമാണ് ജീവിതം അവസാനിച്ചിട്ടില്ലെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും തന്നെ ബോധ്യപ്പെടുത്തിയത്. സാധാരണ മനുഷ്യന് ഏറ്റവും വലുത് ദൈവമാണെന്ന് പറയുമ്പോള്‍ ഫിദല്‍ എന്നെ സംബന്ധിച്ചിടത്തോളം അതിലും മുകളിലാണെന്ന് ഞാന്‍ ചിന്തിച്ചുപോകുന്നു.
മനുഷ്യത്വത്തിന്റെ വലിയൊരു വൃക്ഷമായിരുന്നു ഫിദലെന്നും അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യക്ക് നഷ്ടമായത് അടുത്ത സുഹൃത്തിനെ: രാഷ്ട്രപതി
ന്യൂഡല്‍ഹി: ഇന്ത്യക്കു അടുത്ത സുഹൃത്തിനെയാണ് കൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അനുശോചിച്ചു. എല്ലാ കാലവും ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.
20ാം നൂറ്റാണ്ടിന്റെ ബിംബങ്ങളില്‍ ഒരാള്‍: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇരുപതാംനൂറ്റാണ്ടിന്റെ ബിംബങ്ങളില്‍ ഒരാളായിരുന്നു ഫിദല്‍ കാസ്‌ട്രോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്നു കാസ്‌ട്രോ. നിര്യാണത്തില്‍ ക്യൂബന്‍ ജനതയുടെ ദു:ഖത്തില്‍ ഇന്ത്യയും പങ്കുചേരുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
കാസ്‌ട്രോ ഇതിഹാസം: യെച്ചൂരി
ന്യൂഡല്‍ഹി:ഫിദല്‍ കാസ്‌ട്രോ പ്രചോദനങ്ങളുടെ ഉല്‍ഭവകേന്ദ്രമായി, ഒരു ഇതിഹാസമായി എന്നെന്നും നിലനില്‍ക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു. ലോകത്തിന് എപ്പോഴും അദ്ദേഹത്തിന്റെ അസാന്നിധ്യം നഷ്ടമായി അവശേഷിക്കുമെന്നും അദ്ദേഹം അഭിപ്രാപ്പെട്ടു. കാസ്‌ട്രോയുടെ നിര്യാണത്തില്‍ ദു:ഖവും വേദനയും രേഖപ്പെടുത്തുന്നതായി സി.പി.എം പോളിറ്റ്ബ്യൂറോ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ചേരിചേരാപ്രസ്ഥാനത്തിന്റെ നായകന്‍: സി.പി.ഐ
ന്യൂഡല്‍ഹി: ചേരിചേരാപ്രസ്ഥാനത്തിന്റെ നായകനായിരുന്നു ഫിദല്‍ കാസ്‌ട്രോയെന്ന് സി.പി.ഐ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കമ്യൂണിസ്റ്റ്് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സുഹൃത്തായിരുന്ന അദ്ദേഹം, എക്കാലത്തെയും വലിയ മാര്‍ക്‌സിസ്റ്റ് ചിന്തകനും വിപ്ലവകാരിയും പോരാളിയുമായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണം ക്യൂബക്കു മാത്രമല്ല, ലോകത്തെ എല്ലാ വിപ്ലവപ്രസ്ഥാനങ്ങള്‍ക്കും കൂടിയുള്ള നഷ്ടമാണ്. അമേരിക്കയുടെ നിന്ദ്യമായ പ്രചാരണങ്ങളെയും ആക്രമണങ്ങളെയും വധശ്രമങ്ങളെയും അതിജീവിച്ച് അദ്ദേഹം ക്യൂബയെ ആധുനിക രാഷ്ട്രമാക്കി വളര്‍ത്തിയെന്നും സി.പി.ഐ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ എന്നും ഓര്‍ക്കുന്ന നേതാവ്: സോണിയാഗാന്ധി
ന്യൂഡല്‍ഹി: ചേരിചേരാപ്രസ്ഥാനം രൂപീകരിക്കുന്നതില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച കാസ്‌ട്രോയുടെ സേവനങ്ങള്‍ ഇന്ത്യന്‍ ജനത എന്നും ഓര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. പാര്‍ശ്വവല്‍കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നിലകൊണ്ടെന്നും അവര്‍ പറഞ്ഞു.
അസ്തമിച്ചത് വിപ്ലവ നഭസിലെ ശുഭ്രനക്ഷത്രം: വി.എസ്
തിരുവനന്തപുരം:ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാടോടെ വിപ്ലവ നഭസിലെ ശുഭ്രനക്ഷത്രം അസ്തമിച്ചുവെന്ന് വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.
മഹത്തായ പോരാളി: കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: രാഷ്ട്രീയമായ വിയോജിപ്പുണ്ടെങ്കിലും സാമ്രാജ്യത്വത്തിനെതിരേ പോരാട്ടം നടത്തിയ മഹത്തായ പോരാളിയായിരുന്നു ഫിദല്‍ കാസ്‌ട്രോയെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."