ജയിലില്‍ ജനിച്ച പുലിമകള്‍
രാഹുല്‍ ജി, സ്‌നേഹം നഷ്ടപ്പെട്ടവരുടെ വേദന താങ്കള്‍ക്ക് എന്നേക്കാളേറെ മനസിലാകുമല്ലോ. എന്റെ മാതാപിതാക്കള്‍ ചെയ്തത് വലിയ തെറ്റാണ്. പക്ഷേ, അവര്‍ക്കൊപ്പം ഞാനും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയല്ലേ. ഞാനെന്തു തെറ്റാണ് ചെയ്തത്? എന്റെ മാതാപിതാക്കള്‍ ചെയ്ത തെറ്റിനും അവര്‍ വേണ്ടുവോളം ശിക്ഷ അനുഭവിച്ചു കഴിഞ്ഞില്ലേ...ഇനി അവരോട് പൊറുത്തുകൂടെ... അവരെ വെറുതെ വിട്ടുകൂടേ. ഇതെന്റെ അപേക്ഷയാണ്.
എന്ന് ഹരിത്ര...
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളായ നളിനിയുടെയും മുരുകന്റെയും മകള്‍ ഹരിത്ര 2014 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്ത് ഓര്‍മയില്ലേ. ഹരിത്ര ഇന്നു ലണ്ടനില്‍ മെഡിക്കല്‍ ഫിസിക്‌സില്‍ പി.എച്ച്.ഡിക്ക് പഠിക്കുകയാണ്. ജനിക്കും മുന്‍പേ അരിഞ്ഞുവീഴ്ത്താന്‍ ഉത്തരവിട്ടിട്ടും ഉയര്‍ത്തെഴുന്നേറ്റു വന്ന അവള്‍ ഒടുവില്‍ ആത്മവിശ്വാസം കൊണ്ട് വിധിയെപ്പോലും തോല്‍പ്പിക്കുന്നു. സങ്കടകരവും വേദനാജനകവുമാണ് അവളുടെ കഥ.
[caption id="attachment_176671" align="alignleft" width="358"] മുരുകനും നളിനിയും (ഫയല്‍ ചിത്രം)[/caption]
കുസൃതിയുടെ കുഞ്ഞുടുപ്പുകളിട്ട് ചിത്രശലഭത്തെപ്പോലെ പാറിപ്പറക്കേണ്ട പ്രായത്തില്‍ ഹരിത്രക്ക് ആകാശം കാണാന്‍ ഭാഗ്യമുണ്ടായിരുന്നില്ല. പേരമരത്തണലില്‍ കളിവീട് വയ്ക്കാനും കൂട്ടുകാരോടൊത്ത് കളിക്കാനുമുള്ള അവകാശം നിഷേധിച്ച് ഒരു വന്‍ മതിലുയര്‍ന്നിരുന്നു അവള്‍ക്കു മുന്‍പില്‍. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിന്റെ വന്‍മതില്‍. ആ മതിലിനപ്പുറത്തേക്കു കടക്കാനാകുമെന്നും അവള്‍ക്കു പ്രതീക്ഷയുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗമെന്നു പൊലിസ് പറയുന്ന തമിഴ്പുലിയുടെ മകള്‍ക്ക് അത്തരം പ്രതീക്ഷകള്‍ക്കു വകയുണ്ടോ?
തൂക്കുകയറില്‍ നിന്നും മോചനം സാധ്യമായെങ്കിലും ഇന്നും ഹരിത്രയുടെ അമ്മ നളിനിക്ക് ജയിലിനപ്പുറത്തെ ലോകം കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. എന്നിട്ടും അവരുടെ മകള്‍ പഠിച്ച് ഉന്നതവിജയം നേടി. ലണ്ടനില്‍ വൈദ്യശാസ്ത്ര ശാഖയിലെ ഗവേഷക വിദ്യാര്‍ഥിയായി. സാഹചര്യത്തെളിവുകള്‍ കൊണ്ടുമാത്രം കുറ്റമാരോപിക്കപ്പെട്ട് കാരാഗ്രഹത്തിലടക്കപ്പെട്ടതായിരുന്നു ഹരിത്രയുടെ അമ്മയെ. എന്നാല്‍ അവര്‍ക്കൊപ്പം 'ജീവപര്യന്തം' തടവുകാരിയാകാന്‍ വിധിക്കപ്പെടുകയായിരുന്നു ഹരിത്രയും. ആ കുറഞ്ഞ കാലവും ആ പെണ്‍കുട്ടി ഏറെ അനുഭവിച്ചു.
ജനിക്കും മുന്‍പേ വധശിക്ഷ?
നളിനി അറസ്റ്റിലാകുമ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. ക്രൂരമായ മര്‍ദനത്തിനാണ് ചോദ്യം ചെയ്യലിനിടെ അവര്‍ ഇരയായത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നളിനിയുടെ ആത്മകഥയില്‍ കസ്റ്റഡിയില്‍ അനുഭവിച്ച പീഡനപര്‍വങ്ങളെ അക്കമിട്ടു നിരത്തുന്നുണ്ട്. അടയാറിലെ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കാന്‍ പൊലിസ് ശ്രമിച്ചു. വനിതാ ഡോക്ടറാണ് ആ 'വധശിക്ഷ' തടഞ്ഞത്. ആ ഡോക്ടര്‍ തനിക്കു ദൈവതുല്യയാണെന്ന് നളിനി ആത്മകഥയില്‍ പറയുന്നു. അങ്ങനെ ജനിച്ച ആ കുഞ്ഞിന് ജനിക്കും മുന്‍പേ അതിജീവിക്കേണ്ടി വന്നത് പരീക്ഷണങ്ങളുടെ കനല്‍പാതകളെയായിരുന്നു.
ജയിലില്‍ ജനിച്ച മിടുക്കി
ലോകത്ത് ഏറ്റവും കൂടുതല്‍ക്കാലം ജയില്‍വാസം അനുഭവിച്ച സ്ത്രീയുടെ മകള്‍ ആരാണ്? അങ്ങനെയൊരു വിശേഷണമാകും ഹരിത്രാ ശ്രീഹരന് ഏറ്റവും കൂടുതല്‍ ചേരുക. (ശ്രീലങ്കന്‍ സ്വദേശി ശ്രീഹരന് പൊലിസ് നല്‍കിയ പേരാണ് മുരുകന്‍ എന്ന് നളിനി പറയുന്നു). പൊലിസിന്റെ ക്രൂരപീഡനത്തിനിടയിലും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഹരിത്ര വളരുമ്പോഴും അവള്‍ക്കു സൈ്വര്യമുണ്ടായിരുന്നില്ല.
"ജയിലില്‍ കൊച്ചു ഹരിത്രയെ പട്ടിണിക്കിട്ടു. മരുന്നും ഭക്ഷണവും നല്‍കിയില്ല. മനുഷ്യാവകാശ ലംഘനങ്ങളുടെ ആവര്‍ത്തനങ്ങള്‍ തന്നെ ആ കുരുന്നിനോട് ജയിലധികൃതര്‍ കാണിച്ചു"
50 ദിവസമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ നളിനി കഴിഞ്ഞത്. കസ്റ്റഡി പീഡനത്തിന് പേരുകേട്ട മലയാളി പൊലിസുകാരന്‍ അവരുടെ നെഞ്ച് ഇടിച്ചുതകര്‍ത്തു. പൊലിസുകാരുടെ കൂട്ടമാനഭംഗത്തിനും ഇരയായി. അഞ്ചടി നീളവും വീതിയുമുള്ള മുറിയില്‍ ആഴ്ചകളോളം ചങ്ങലക്കിട്ടു. മൂന്നാംമുറയ്ക്കും വിധേയയാക്കി. അതിനെയെല്ലാം അതിജീവിച്ചാണ് നളിനിയുടെ ഉദരത്തില്‍ ഒരു പോറലുമേല്‍ക്കാതെ ആ കുഞ്ഞ് വളര്‍ന്നത്.
വെല്ലൂര്‍ ജയിലില്‍ ജനിച്ച ഹരിത്ര രണ്ടു വയസുവരെ മാതാവിന്റെ സംരക്ഷണത്തിലായിരുന്നു. ജയിലില്‍ കൊച്ചു ഹരിത്രയെ പട്ടിണിക്കിട്ടു. മരുന്നും ഭക്ഷണവും നല്‍കിയില്ല. മനുഷ്യാവകാശ ലംഘനങ്ങളുടെ ആവര്‍ത്തനങ്ങള്‍ തന്നെ ആ കുരുന്നിനോട് ജയിലധികൃതര്‍ കാണിച്ചു. പക്ഷേ, ചില ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ ഓര്‍ത്ത് നളിനിക്കു പണവും നല്‍കി. നല്ല മുഖങ്ങളും മനുഷ്യത്വമുള്ളവരുമായ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ വെല്ലൂര്‍ ജയിലിലും ഉണ്ടായിരുന്നു. ഹരിത്രയുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ 365 ദിവസം പിതാവ് മുരുകനു ജയിലില്‍ നിരാഹാര സമരം നടത്തേണ്ടിയും വന്നു.
രണ്ടു വയസുവരെ അമ്മയുടെ സംരക്ഷണയില്‍ ജയിലില്‍ തന്നെ ഹരിത്ര കഴിഞ്ഞുകൂടി. ആ വെയിലേറ്റു വാടാതെ ഈ അഗ്നിപരീക്ഷകളെയെല്ലാം അതിജീവിച്ചു. പിന്നീട് ബന്ധുക്കള്‍ വന്ന് കോയമ്പത്തൂരിലേക്കു കൂട്ടിക്കൊണ്ടുപോയി.
അഭയംതേടി ലണ്ടനിലേക്ക്
ഇന്ത്യയില്‍ പഠിക്കാന്‍ ഹരിത്ര ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥി വിസ ലഭിച്ചില്ല. തുടര്‍ന്നു ശ്രീലങ്കയിലേക്കു പിതാവിന്റെ ബന്ധുക്കള്‍ കൊണ്ടുപോയി. അനധികൃത കടത്തുബോട്ടില്‍ അവിടെ നിന്ന് ബ്രിട്ടനിലേക്കു കടന്നു. അമ്മാവനും അമ്മായിയുമാണ് അഭയാര്‍ഥി ബോട്ടില്‍ ലണ്ടനിലേക്കു കൊണ്ടുപോയത്. ബന്ധുക്കള്‍ അവള്‍ക്ക് അവിടെ തണലൊരുക്കി. ബ്രിട്ടന്‍ സര്‍ക്കാര്‍ അവളുടെ അഭയാര്‍ഥി അപേക്ഷ സ്വീകരിച്ചു. 2006ലാണ് ബ്രിട്ടനിലെത്തുന്നത്. തീയില്‍ കുരുത്തവളെ പിന്നീട് ജീവിതത്തിലെ വെയിലിനും ചൂടിനുമൊന്നും തളര്‍ത്താനായില്ല. പ്രതികൂല സാഹചര്യങ്ങളോടുള്ള പോരാട്ടം അവള്‍ക്കു പിന്നെ ജീവിതവിജയത്തിലേക്കുള്ള കരുത്താകുകയായിരുന്നു.
സ്‌കോട്ട്‌ലന്റിലായിരുന്നു സ്‌കൂള്‍ പഠനം. പിന്നീട് ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റിയിലേക്ക് ഉപരിപഠനത്തിനു പോയി. ഹരിത്രയുടെ വാസസ്ഥലം തേടി ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ പരക്കംപാഞ്ഞു. ഒടുവില്‍ ദേശീയ മാധ്യമങ്ങളോട് ഓണ്‍ലൈന്‍ വഴി സംസാരിച്ചപ്പോഴും ബ്രിട്ടനില്‍ എവിടെയാണുള്ളതെന്നു പറഞ്ഞില്ല. സര്‍ക്കാരിനെയും തമിഴ്പുലികളെയും അവള്‍ക്കു പേടിയായിരുന്നു.
അക്ഷരങ്ങളില്‍ അച്ഛനും അമ്മയും
മാതാപിതാക്കളെ കണ്ട ഓര്‍മയില്ല അവള്‍ക്ക്. എങ്കിലും ഓരോ മാസവും അവര്‍ക്കു മുടങ്ങാതെ കത്തെഴുതി. ഓരോ വിശേഷവും കത്തിലൂടെ അവരെ അറിയിച്ചു. രണ്ടാഴ്ച കൂടുമ്പോള്‍ അവരുടെ മറുപടി വന്നു. ആ കത്തുകളിലൂടെയാണവള്‍ അച്ഛനമ്മമാരെ കണ്ടണ്ടണ്ടത്. അവരുടെ വിശേഷങ്ങളെ തൊട്ടറിഞ്ഞത്.
മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടായിട്ടും ഒരിക്കലും അവരോടൊത്തു കഴിയാന്‍ ഭാഗ്യം ലഭിക്കാത്തവളുടെ സങ്കടങ്ങള്‍ ഏറെ കുടിച്ചുവറ്റിച്ചിട്ടുണ്ട് 25 വയസിനിടെ ഹരിത്ര. അച്ഛനും അമ്മയും ജയില്‍മോചിതരായാല്‍ അവരെ ബ്രിട്ടനിലേക്കു കൊണ്ടുവരണമെന്ന സ്വപ്നത്തിനു പിറകെയാണിപ്പോള്‍ അവള്‍. ബ്രിട്ടനില്‍ ഒരു യൂനിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലാണ് ഇപ്പോള്‍ കഴിയുന്നത്.
രാഹുലിന്റെ ദുഃഖം ഹരിത്രയുടേയും
രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 21 വയസേയുള്ളൂ. പിതാവിന്റെ ദാരുണാന്ത്യം രാഹുലിന് ഏല്‍പ്പിച്ച ആഘാതം ഹരിത്രയും മനസിലാക്കുന്നു. മാതാപിതാക്കളുണ്ടായിട്ടും അവരുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിയാത്തവള്‍ക്ക് ആ വേദനകളെയും ഉള്‍ക്കൊള്ളാനായി. ഹരിത്ര തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും സോണിയാഗാന്ധിക്കും രാഹുലിനും എഴുതിയ കത്തുകളില്‍ ഈ വേദന പങ്കുവച്ചു.
ഹരിത്രയുടെ ഭാവി ഓര്‍ത്താണ് നളിനിയുടെ വധശിക്ഷ റദ്ദാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തമിഴ്്‌നാട് ഗവര്‍ണറോട് അഭ്യര്‍ഥിച്ചത്. പിതാവ് നഷ്ടപ്പെട്ട മകന്റെ വേദന മനസിലാക്കിയ സോണിയ അതിനു കാരണക്കാരായവരോട് കാണിച്ച കാരുണ്യത്തിനും നന്ദി പറയാന്‍ ഹരിത്രക്കു വാക്കുകളില്ലായിരുന്നു. 1998 ജനുവരി 28നാണ് കോടതി രാജീവ് ഗാന്ധി വധക്കേസില്‍ നളിനിക്കും മുരുകനും കോടതി വധശിക്ഷ വിധിച്ചത്.
രണ്ടു സ്വപ്നങ്ങള്‍
1991 ഏപ്രില്‍ 21നാണ് ശ്രീഹരന്‍ എന്ന മുരുകന്‍ നളിനിയെ വിവാഹം കഴിക്കുന്നത്. 1991 മെയ് 21ന് ഇരുവരും രാജീവ് ഗാന്ധി വധക്കേസില്‍ മറ്റു പ്രതികള്‍ക്കൊപ്പം അറസ്റ്റിലായി. ഹരിത്രയെ ഗര്‍ഭം ചുമന്നാണ് നളിനി ജയിലിലെത്തുന്നത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെ വനിതാ ബ്ലോക്കിലായിരുന്നു നളിനിയെ പാര്‍പ്പിച്ചത്. കുട്ടിക്കാലം മുതലേ മുരുകനുമായി പ്രണയത്തിലായിരുന്നുവെന്ന് നളിനി വെളിപ്പെടുത്തുന്നു. രാജീവ് വധക്കേസിലെ സാക്ഷിയായ നളിനി അഞ്ചു ദിവസം കസ്റ്റഡിയില്‍ ക്രൂരപീഡനത്തിനാണ് ഇരയായത്.
മാതാപിതാക്കളെ ബ്രിട്ടനിലേക്കു കൊണ്ടുവരണമെന്നാണ് ഹരിത്രയുടെ ആദ്യ സ്വപ്നങ്ങളിലൊന്ന്. ശിഷ്ട കാലമെങ്കിലും അവരോടൊപ്പം ചെലവഴിക്കണം. അടുത്ത ആഗ്രഹം രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹവും കുടുംബവും സന്തോഷത്തോടെ ജീവിക്കുന്നുവെന്നും വിശ്വസിക്കാനാണ്. ആദ്യ സ്വപ്നമെങ്കിലും യാഥാര്‍ഥ്യമാകുമോ ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."