റവന്യൂ ജില്ലാ കായികോത്സവത്തിന് തുടക്കം: ഏറെ മുന്നില്‍ ഐഡിയലും എടപ്പാളും
തേഞ്ഞിപ്പലം: ട്രാക്കിലും ഫീല്‍ഡിലും തീക്കനല്‍ ചൊരിഞ്ഞു ജില്ലയുടെ കൗമാരക്കുതിപ്പിനു കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ സ്്മാരക സ്റ്റേഡിയത്തില്‍ തുടക്കം. മൂന്നു ദിവസങ്ങളായി നടക്കുന്ന റവന്യൂ ജില്ലാ കായികോത്സവത്തിന്റെ ആദ്യദിനം 43 മത്സരയിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എടപ്പാള്‍ ഉപജില്ല 124 പോയന്റോടെ ഏറെ മുന്നിലാണ്.
31 പോയിന്റ് നേടി വേങ്ങര, താനൂര്‍ ഉപജില്ലകള്‍ രണ്ടാമതും 23 പോയിന്റോടെ മങ്കട ഉപജില്ല മൂന്നാംസ്ഥാനത്തുമാണ്. കനത്ത വെയിലും കടുത്ത പോരാട്ടവും നിറഞ്ഞുനിന്ന മത്സരത്തില്‍ ആദ്യ ദിനംതന്നെ നിരവധി റെക്കോര്‍ഡുകള്‍ പിറന്നു.
സ്‌കൂളുകളില്‍ എടപ്പാള്‍ ഉപജില്ലയിലെ ഐഡിയല്‍ ഇഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 112 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. മങ്കട ഉപജില്ലയിലെ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 22 പോയിന്റും മഞ്ചേരി ഉപജില്ലയിലെ പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 14 പോയിന്റുമാണ് ഇന്നലെ ലഭിച്ചത്.
മൂന്നു ദിവസങ്ങളിലായി നടത്താനിരുന്ന കായികോത്സവത്തിലെ ഇന്നത്തെ മത്സരങ്ങളില്‍ ചിലത് ഹര്‍ത്താല്‍ പ്രമാണിച്ച് ഇന്നലെ നടന്നു. ബാക്കി മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും. 17 ഉപജില്ലകളില്‍ നിന്നായി 3,500 കായിക താരങ്ങളും 150 ഒഫീഷ്യല്‍സുമാണ് റവന്യൂ ജില്ലാ മേളയില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ടരയോടെയാണ് മത്സര ഇനങ്ങള്‍ ആരംഭിച്ചത്. 5000 മീറ്റര്‍ ഓട്ടമായിരുന്നു മേളയിലെ ആദ്യയിനം. സംസ്ഥാനതല കായികോത്സവം ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയത്തില്‍തന്നെയാണ് നടക്കുന്നത്. ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെയാണ് സംസ്ഥാന സ്‌കൂള്‍ കായികോത്സവം നടക്കുന്നത്.
ഇടതടവില്ലാതെ മത്സരം; മേള നാളെ സമാപിക്കും
തേഞ്ഞിപ്പലം: രാവിലെ എട്ടരയോടെതന്നെ ട്രാക്കുണര്‍ന്നു. പിന്നീട് ഇടവേളയില്ലാത്ത മത്സരം... സംസ്ഥാന വ്യാപകമായി ഇന്നു നടക്കുന്ന ഹര്‍ത്താല്‍ കായികോത്സവത്തെ ബാധിച്ചേക്കുമെന്നതു കണക്കിലെടുത്താണ് ഇന്നത്തെ മത്സരങ്ങളില്‍ ചിലത് ഇന്നലെതന്നെ നടത്തിയത്.
ബാക്കിയുള്ള മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും. മത്സരയിനങ്ങള്‍ക്കിടയിലെ ഇടവേളകള്‍ പരമാവധി കുറച്ചും ഉച്ചസമയത്തുള്‍പ്പെടെ മത്സരങ്ങള്‍ നടത്തിയുമാണ് ഇന്നു നടക്കേണ്ട പല മത്സരങ്ങളും ഇന്നലെതന്നെ പൂര്‍ത്തിയാക്കാനായത്. ഉച്ചയ്ക്കു ശേഷമാണ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നടന്നത്. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഡി.ഡി.ഇ പി. സഫറുള്ള പതാക ഉയര്‍ത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ കലാം മാസ്റ്റര്‍ അധ്യക്ഷനായി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീര്‍, സഫിയ റസാഖ് തോട്ടത്തില്‍, സി. രാജേഷ്, എ.കെ അബ്ദുറഹിമാന്‍, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍, വി. അഹമ്മദ് കുട്ടി, പി.ടി മത്തായി സംസാരിച്ചു.
നടത്തക്കാരന്റെ നാട്ടില്‍നിന്ന്
ഒരൊന്നൊന്നര ഓട്ടക്കാരന്‍!
തേഞ്ഞിപ്പലം: ഒളിംപിക്‌സിലേക്കു നടന്നുകയറിയ ആദ്യ മലയാളി താരം കെ.ടി ഇര്‍ഫാന്റെ നാട്ടില്‍നിന്നു ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്കു ചിറകുപകര്‍ന്നു പുതിയ താരോദയം. കുനിയില്‍ അല്‍ അന്‍വാര്‍ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി കെ. മുഹമ്മദ് അഫാനാണ് റവന്യൂ ജില്ലാ സ്‌കൂള്‍ കായികോത്സവത്തില്‍ 3,000 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാമതെത്തിയത്. ആദ്യമായി ജില്ലാ മത്സരത്തിനെത്തുന്ന അഫാന്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 1,500, 800 മീറ്ററുകളിലും കളത്തിലിറങ്ങുന്നുണ്ട്. ജൂനിയര്‍ ആണ്‍കുട്ടികളുടെ മൂന്നിനങ്ങളിലും ഒന്നാമതെത്തിയ അഫാന്‍, സബ്ജില്ലാ മത്സരത്തില്‍ ഗ്രൂപ്പ് ചാംപ്യനായിരുന്നു.
കീഴുപറമ്പ് സ്വദേശിയായ അഫാന്‍, ജാഫര്‍- തസ്്‌നീം ഫാത്തിമ ദമ്പതികളുടെ മകനാണ്. മുസ്തഫയാണ് പരിശീലകന്‍.
കഠിനപ്രയത്‌നത്തിന്റെ റെക്കോര്‍ഡില്‍ റുബീന
തേഞ്ഞിപ്പലം: സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ റെക്കോര്‍ഡ് മറികടന്നു കടകശ്ശേരി ഐഡിയലിലെ കെ.എ റുബീനയ്ക്കു റവന്യൂ ജില്ലാ സ്‌കൂള്‍ കായികോത്സവത്തില്‍ ഒന്നാംസ്ഥാനം. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപ് മത്സരത്തിലാണ് മീറ്റ് റെക്കോര്‍ഡോടെ 1.60 മീറ്റര്‍ ചാടി വേങ്ങര കോട്ടുമല സ്വദേശി കാവുണ്ണിയില്‍ അബൂബക്കറിന്റെയും മറിയത്തിന്റെയും മകളായ റുബീന ഒന്നാമതെത്തിയത്.
ഇതേ സ്‌കൂളിലെ സിംന എന്ന കുട്ടിയുടെ 1.40 എന്ന റെക്കോര്‍ഡാണ് റുബീന മറികടന്നത്. കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത റുബീന, ഈ ഇനത്തില്‍ ദേശീയ, സംസ്ഥാന സ്‌കൂള്‍ മീറ്റിലെയും ജൂനിയര്‍ മീറ്റിലെയും ചാംപ്യനാണ്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ നാളെ മത്സരത്തിനിറങ്ങുന്നുണ്ട്. നേരത്തെ കാരാത്തോട് പി.എം.എസ്.എ.എം.എ.യു.പി സ്‌കൂളിലും ഊരകം എം.യു.എച്ച്.എസിലുമാണ് പഠിച്ചത്. കായികപാരമ്പര്യമില്ലാത്ത കുടുംബത്തില്‍നിന്നു ദേശീയ വിജയത്തിലേക്കു റുബീന കടന്നുവരുന്നത് കഠിനപ്രയത്‌നങ്ങളുടെ ഫലമായിട്ടാണ്. നേരത്തെ തിരുവനന്തപുരത്തു നടന്ന സംസ്ഥാനമേളയില്‍ 1.61 മീറ്റര്‍ ചാടിയാണ് റുബീന സ്വര്‍ണമണിഞ്ഞത്.
ഹൈദരാബാദില്‍നടന്ന ദേശീയ ഇന്റര്‍ക്ലബ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണമണിഞ്ഞിട്ടുള്ള റുബീന ഹരിയാനയില്‍ നടന്ന ഇന്റര്‍സോണ്‍ ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നു.
താരങ്ങളായി
ശ്വേതയും റിയാ മോളും
തേഞ്ഞിപ്പലം: കായികോത്സവത്തില്‍ താരങ്ങളായത് ഐഡിയല്‍ കടകശ്ശേരിയിലെ രണ്ടു പെണ്‍കുട്ടികള്‍. 3000 മീറ്ററിലെ കന്നി ഓട്ടത്തില്‍തന്നെ റിയ മോള്‍ ഒന്നാമതെത്തി. നാളെ നടക്കുന്ന 1,500, 800 മീറ്റര്‍ ഓട്ടത്തിലും മെഡല്‍ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്.
കാസര്‍കോട് നീലേശ്വരം ജോയി അഗസ്റ്റിന്റെ മകളായ റിയാ മോള്‍ ഏഴാംക്ലാസ് മുതല്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനക്കാരിയാണ്. കഴിഞ്ഞ സ്റ്റേറ്റ് അമേച്വറിലും ഇന്റര്‍ക്ലബിലും 800 മീറ്ററില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു.
കോഴിക്കോട് ബാലുശ്ശേരി കനുമല തേനാക്കുഴി സുരേശന്റെ മകള്‍ കെ. ശ്വേതയാണ് സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഐഡിയലിനുവേണ്ടി വിജയമുറപ്പിച്ചത്. നാലു വര്‍ഷമായി ഐഡിയല്‍ സ്‌കൂളിലാണ് പഠിക്കുന്നത്. സ്റ്റേറ്റ് ജൂനിയര്‍ സ്റ്റിപ്പിള്‍ ചെയ്‌സില്‍ ഒന്നും ഇന്റര്‍ക്ലബില്‍ രണ്ടും യൂത്ത്മീറ്റില്‍ മൂന്നും സ്ഥാനങ്ങള്‍ നേടിയിരുന്നു.
ഉയരത്തില്‍ ചാടി
വിജിത്തിന് മീറ്റ് റെക്കോര്‍ഡ്
തേഞ്ഞിപ്പലം: സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ പി. വിജിത്തിന് മീറ്റ് റെക്കോര്‍ഡ്. നിലമ്പൂര്‍ ചക്കാലക്കുത്ത് എം.എസ്.എന്‍.എസ്.എസ്.എച്ച്.എസ്.എസ് വിദ്യാര്‍ഥിയായ വിജിത്ത് 1.58 മീറ്റര്‍ ചാടിയാണ് റെക്കോര്‍ഡ് കുറിച്ചത്.
കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥി അബ്രിന്‍ കെ. ബാബു 2014ല്‍ കുറിച്ച 1.55 എന്ന റെക്കോര്‍ഡാണ് വിജിത്ത് ചാടിക്കടന്നത്. സബ്ജില്ലാ ഗ്രൂപ്പ് ചാംപ്യനായിരുന്ന വിജിത്ത് റവന്യൂ ജില്ലാ ലോങ്ജംപില്‍ രണ്ടാംസ്ഥാനം നേടി. എട്ടാംക്ലാസ് വിദ്യാര്‍ഥിയായ വിജിത്ത് മുതുകാട് പാണക്കാടന്‍ വീട്ടില്‍ മുരളി-സാരത ദമ്പതികളുടെ മകനാണ്.
ജ്യേഷ്ഠനു പിന്നാലെ അനിയനും
തേഞ്ഞിപ്പലം: ദേശീയ നേട്ടംകൊയ്ത ജ്യേഷ്ഠസഹോദരനു പിന്നാലെ ജില്ലാതലത്തില്‍ സ്വര്‍ണമെഡല്‍ നേട്ടവുമായി അനിയനും. താനൂര്‍ എടക്കടപ്പുറം സ്വദേശിയും താനൂര്‍ രായിരമംഗലം എസ്.എം.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയുമായ പി.പി മുഹമ്മദ് അഫ്‌ലഹാണ് ലോങ് ജംപില്‍ സ്വര്‍ണം നേടിയത്.
മൂത്ത സഹോദരന്‍ മുഹമ്മദ് അഫ്‌സീര്‍ ഡെക്കാത്തല്‍ ഇനത്തില്‍ ദേശീയ റെക്കോര്‍ഡ് ജേതാവും ദേശീയ സ്‌കൂള്‍ മീറ്റില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവുംചൂടി ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥനാണ് . മറ്റൊരു സഹോദരന്‍ അഫനാസ് മുളവടിയുമായി സംസ്ഥാന മേളയില്‍ രണ്ടു വര്‍ഷം മുന്‍പു പോള്‍വാള്‍ട്ടില്‍ മത്സരിച്ചു ശ്രദ്ധേയപ്രകടനം കാഴ്ചവച്ചിരുന്നു. മത്സ്യത്തൊഴിലാളി കുടുംബാംഗമായ അഫ്‌ലഹിന്റെ പിതാവ് ചെറുപ്പത്തിലേ കുടുംബത്തെ ഉപേക്ഷിച്ചതാണ്.
മാതാവ് മാസിതയുടെ പിന്തുണയും പ്രേത്സാഹനവും ഈ സഹോദരങ്ങളുടെ കായിക വളര്‍ച്ചയ്ക്കു കരുത്തായി. ജില്ലാ കായികമേളയില്‍ ഹൈജംപില്‍ സുവര്‍ണ നേട്ടംകൊയ്ത ഈ മിടുക്കന്‍ ഹര്‍ഡില്‍സിലും മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."