ഫൈസല്‍ വധം: പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യം
തിരൂരങ്ങാടി: കൊടിഞ്ഞിയിലെ പുല്ലാണി ഫൈസല്‍ വധക്കേസില്‍ എട്ടു പ്രതികള്‍ അറസ്റ്റിലായതോടെ ഇവര്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന ആവശ്യമുന്നയിച്ചു വിവിധ സംഘടനകള്‍ രംഗത്തെത്തി. മതം മാറിയതിന്റെ പേരില്‍ ഫൈസലിനെ കൊലപ്പെടുത്തിയതു നാട്ടിലെ സൗഹാര്‍ദവും സമാധാനവും തകര്‍ക്കുന്നതിന്റെ ഭാഗമായിരുന്നു. അതിനാല്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്നാണ് ആവശ്യം.
അമുസ്‌ലിംകള്‍ക്കുനേരെ നടത്തുന്ന ചില പരാമര്‍ശങ്ങള്‍ക്കു പോലും യു.എ.പി.എ ചുമത്തുന്ന പൊലിസ് ഫൈസല്‍വധത്തിലും പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് കൊടിഞ്ഞി ക്ലസ്റ്റര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇബ്രാഹിം ഫൈസി, സക്കരിയ്യ ഇല്ലിക്കല്‍, പാട്ടശ്ശേരി മുഹമ്മദലി മാസ്റ്റര്‍, ശാക്കിര്‍ മുസ്‌ലിയാര്‍, അബ്ബാസ് തയ്യില്‍ സംസാരിച്ചു.
വിവിധ മതസ്ഥര്‍ ഏറെ സമാധാനത്തോടെയും സൗഹാര്‍ദത്തോടെയും ജീവിക്കുന്ന കൊടിഞ്ഞിയില്‍ ഭീതിയും മതവിദ്വേഷവുമുണ്ടാക്കുന്നതിന് ആസൂത്രിതമായുള്ള നീക്കമാണ് ഫൈസല്‍ വധത്തിലൂടെ പ്രതികള്‍ നടത്തിയതെന്നും ഏതു മതത്തിലും വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യമുണ്ടായിരിക്കെയാണ് സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഫൈസല്‍ കൊല്ലപ്പെട്ടതെന്നും ഇതിലെ മുഴുവന്‍ പ്രതികളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കണമെന്നും മുസ്‌ലിം യൂത്ത്‌ലീഗ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യു.എ റസാഖ് അധ്യക്ഷനായി. പനയത്തില്‍ ജാഫര്‍, പൊറ്റാണിക്കല്‍ ഷമീര്‍, യു. ഷാഫി, ഹക്കീം മൂച്ചിക്കല്‍ സംസാരിച്ചു.
ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് കൊടിഞ്ഞിയില്‍ നടന്നതെന്നതിനാല്‍ സംഭവത്തിന്റെ ഗൂഢാലോചന നടത്തിയ പ്രതികള്‍ക്കുമേല്‍ യു.എ.പി.എ ചുമത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ സെക്രട്ടറി സി.പി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."