രണ്ടു ദിവസത്തിനുള്ളില്‍ പൊലിഞ്ഞത് നാല് കുരുന്നുജീവനുകള്‍
ചെറുവത്തൂര്‍: കുരുന്നു ജീവനുകള്‍ പൊലിഞ്ഞ ദുരന്തവാര്‍ത്തകളില്‍ വിറങ്ങലിച്ച് ജില്ല. രണ്ടു ദിവസത്തിനുള്ളിലുണ്ടായ രണ്ടു ദുരന്തങ്ങളില്‍ നാല് കുട്ടികളെയാണ് നഷ്ടമായത്. ബാവിക്കര പയസ്വിനി പുഴയില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത് തിങ്കളാഴ്ചയായിരുന്നു. ഈ ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിനു മുന്‍പാണ് ഇന്നലെ വീണ്ടും നാടിനെ നടക്കിയ അപകടവാര്‍ത്തയെത്തിയത്. ബദിയടുക്കയില്‍ സഹോദരങ്ങളുടെ മക്കളായ രണ്ടു പിഞ്ചുകുട്ടികള്‍ കിണറ്റില്‍ വീണു മരിച്ചവെന്ന വാര്‍ത്ത നാടിനെ കണ്ണീരണിയിച്ചു.
ബദിയടുക്ക പിലാങ്കട്ടയിലെ ഹമീദ് റിയാന ദമ്പതികളുടെ മകന്‍ റംസാന്‍ (നാല്), ഹമീദിന്റെ സഹോദരന്‍ ശബീര്‍ നാഫിയ ദമ്പതികളുടെ മകന്‍ നസ്‌വാന്‍ (രണ്ട്) എന്നിവരാണ് രാവിലെ ഒന്‍പതോടെ വീട്ടു മുറ്റത്തെ കിണറ്റില്‍ വീണു മരിച്ചത്. പ്രഭാത ഭക്ഷണം കഴിഞ്ഞു വീട്ടു മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ അയല്‍വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. കിണറിനു മുകളില്‍ കെട്ടിയിരുന്ന വല മുറിഞ്ഞതും കിണറ്റില്‍ നിന്നും സ്വാഭാവികമല്ലാത്ത രീതിയില്‍ ശബ്ദം കേട്ടതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കിണറില്‍ ഇറങ്ങി പരിശോധിച്ചതോടെയാണ് കുട്ടികള്‍ അതില്‍ വീണു പോയത് വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ കുട്ടികളെ പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം ബാവിക്കരയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളുടെ മക്കളായ അബ്ദുല്‍ അസീസ് (18), അബ്ദുല്‍ ഹാഷിം (14) എന്നിവര്‍ മരണപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ കണ്ണീരുണങ്ങും മുന്‍പാണ് വീണ്ടുമൊരു ദുരന്തത്തില്‍ രണ്ടു കുരുന്നുജീവന്‍ കൂടി നഷ്ടമായത്. അപകട വാര്‍ത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് ആശുപത്രിയിലേക്കും വീട്ടിലേക്കും ഒഴുകിയെത്തിയത്
ക്ഷണനേരത്തെ അശ്രദ്ധമതി ദുരന്തത്തിനു വഴിവെക്കാന്‍. അപകടങ്ങള്‍ സംഭവിച്ചശേഷം പരിതപിച്ചിട്ടു കാര്യമില്ലല്ലോ. അതിനാല്‍ നമ്മുടെ പൊന്നോമനകളുടെ മേല്‍ എപ്പൊഴും നമുക്കൊരു കണ്ണുവേണം.
അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അവയ്‌ക്കെതിരെ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കുകയാണ് വേണ്ടത്. കുളങ്ങള്‍, പുഴകള്‍ പോലുള്ള ജലാശയങ്ങള്‍, വീട്ടുമുറ്റത്തെ കിണര്‍, പാത്രത്തില്‍ നിറച്ചു വെച്ചിരിക്കുന്ന വെള്ളം എന്നിവയിലെല്ലാം എപ്പോഴും അപകട സാധ്യത ഒളിഞ്ഞു കിടക്കുന്നു.
കുട്ടികള്‍ക്ക് ഇതെല്ലാം കൌതുകങ്ങളാണ്. മുന്നില്‍ പതിയിരിക്കുന്ന അപകട സാധ്യതയൊന്നും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അതിനാല്‍ കുട്ടികള്‍ എപ്പൊഴും ആരുടെയെങ്കിലും നിരീക്ഷണത്തിലായിരിക്കണം.
തീയില്‍ നിന്നുള്ള അപകടങ്ങള്‍ക്കെതിരെയും കാര്യമായ കരുതല്‍ വേണം. അടുക്കളയില്‍ കുട്ടികള്‍ പ്രവേശിക്കുന്നുവെങ്കില്‍ അവരുടെ മേല്‍ എപ്പൊഴും ഒരു കണ്ണ് വേണം.കത്തുന്ന അടുപ്പില്‍ നിന്നും വിറകു വലിച്ചെടുക്കാനോ, പാത്രത്തിലുള്ള ചൂട് വെള്ളം തട്ടിമറിയാനോ ഒക്കെയുള്ള സധ്യത അടുക്കളയിലുണ്ട്.
ഈ സാധ്യതകള്‍ കണ്ടറിഞ്ഞു അതിനെതിരെ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടുള്ള മുറിവുകളാണ് മറ്റൊന്ന്. കത്തികളും, കത്രികയും ബ്ലേഡുമെല്ലാം കുട്ടികള്‍ക്ക് കയ്യെത്താത്തിടത്തു വേണം സൂക്ഷിക്കാന്‍. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കരികിലേക്ക് കുട്ടികള്‍ പോകുമ്പോഴും അവര്‍ക്ക് മേല്‍ ശ്രദ്ധ വേണം വാഹനങ്ങള്‍ മറിഞ്ഞു കുട്ടികള്‍ക്ക് മേല്‍ വീണും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
നാണയങ്ങള്‍, സൂചി എന്നിവയെല്ലാം കുട്ടികള്‍ വിഴുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളുടെ കയ്യില്‍ ഇവയെത്താതെ നോക്കണം. പരിചയമില്ലാത്ത വസ്തുക്കള്‍ എടുത്തുനോക്കുക, കഴിച്ചു നോക്കുക, സിനിമാ സീരിയല്‍ രംഗങ്ങള്‍ അനുകരിച്ചു നോക്കുക എന്നിവയെല്ലാം കുട്ടികളുടെ ശീലങ്ങളാണ്.
എന്നാല്‍ ഇതിനെല്ലാം മേലെ നമ്മുടെ കണ്ണ് ഉണ്ടാകണമെന്ന ചിന്ത മുതിര്‍ന്നവര്‍ക്ക് എപ്പൊഴും ഉണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."