സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍ക്ക് ആഡംബര നികുതി
കുന്നംകുളം: നഗരത്തിലെ സ്‌കൂള്‍, മത സംഘടന ഓഡിറ്റോറിയങ്ങള്‍ക്ക് ആഡംബര നികുതി ചുമത്താന്‍ നഗരസഭ നീക്കം. പ്രതി ദിനം ലക്ഷങ്ങള്‍ വാടക വാങ്ങുന്ന സ്റ്റാര്‍ ഫസിലിറ്റി ഓഡിറ്റോറിയങ്ങള്‍ക്ക് നാമ മാത്ര നികുതി. നഗരത്തിലെ സാംസ്‌കാരിക കൂട്ടായ്മകളേയും പരിപാടികളേയും തകര്‍ക്കാനുള്ള രഹസ്യ നീക്കമാണെന്ന് ആരോപണം. സൗജന്യ ഹാളുകളിലെ പൊതു പരിപാടികള്‍ സ്വകാര്യ ഓഡിറ്റോറിയങ്ങളിലേക്ക് വഴി മാറ്റാനുള്ള അടവു തന്ത്രമാണെന്നും ആരോപണമുയരുന്നു. നഗരത്തില്‍ പൊതു സാംസ്‌കാരിക പരിപാടികള്‍ക്ക് ഇടമില്ലാതായതോടെ സ്‌കൂള്‍ ഓഡിറ്റോറയങ്ങളേയാണ് ആശ്രയിക്കുന്നത്. പൊലീസ്, ആര്‍.ടി.ഒ, ഇലക്ഷന്‍ കമ്മീഷന്‍, വിദ്യാഭ്യാസ പരിപാടികള്‍ സാസ്‌കാരിക സംഘടനകളുടേയും മറ്റും പ്രതിമാസ പരിപാടികള്‍ തുടങ്ങി നഗരത്തിലെ സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് സൗജന്യമായി ലഭിക്കുന്ന ഏക ഇടം ബഥനി ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറയമാണ്. കുന്നംകുളത്തിന്റെ സാംസ്‌കാരിക ചരിത്രപ്രധാന പരിപാടികള്‍ക്കെല്ലാം ബഥനിയാണ് ഏക ആശ്രയമെന്നിരിക്കെയാണ് ഈ ഓഡിറ്റോറിയത്തിനും ഒപ്പം ചീരം കുളം ക്ഷേത്ര ഹാളിനും ആഡംബര നികുതി ഈടാക്കാന്‍ നഗരസഭ തീരുമാനിച്ചത്.
എന്നാല്‍ പ്രതിദിനം ഒരു ലക്ഷം രൂപ വാടക ഈടാക്കുന്ന നഗരത്തിലെ പ്രധാന ഓഡിറ്റോറിയത്തിന് നഗരസഭ ഈടാക്കുന്ന നികുതി വെറും മൂവ്വായിരം രൂപ മാത്രമാണ്. 1993 ല്‍ സ്ഥാപിതമായ സ്‌കൂള്‍ ഓഡിറ്റോറിയം മുന്‍പ് പൊതു പരിപാടികള്‍ക്ക് അനുവദിച്ചിരുന്നില്ല. എന്നാല്‍ നഗരത്തില്‍ പൊതു പരിപാടികള്‍ക്കുണ്ടായിരുന്ന ഏക ആശ്രയമായ രാജീവ് ഗാന്ധി ടൗണ്‍ ഹാള്‍ കൂടി നഗരസഭ അടച്ചു പൂട്ടിയതോടെയാണ് ബഥനി പൊതു പരിപാടികള്‍ക്കായി ഇടം നല്‍കിയത്. കഥകളി ക്ലബ്ബ്, ഫെയ്‌സ്, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യേക പരിപാടികളുള്‍പടേ നഗരത്തിലെ പ്രധാന പരിപാടികള്‍ക്കെല്ലാം ബഥനി തന്നെയാണ് ഏക ആശ്രയം.
ഇട ദിവസങ്ങളില്‍ നടക്കുന്ന ഇത്തരം പരിപാടികള്‍ മുന്‍പ് സ്വകാര്യ ഓഡിറ്റോറിയങ്ങളിലാണ് നടന്നിരുന്നത്, ബഥനി സൗജന്യമായി ലഭിച്ചുതുടങ്ങിയതോടെ സ്വകാര്യ ഓഡിറ്റോറിയങ്ങളിലേക്ക് പൊതു പരിപാടികള്‍ എത്താതായെന്നതാണ് പുതിയ നികുതി നീക്കത്തിന് കാരണമായത്. ബഥനി ഓഡിറ്റോറിയത്തിന് നാല് ലക്ഷത്തി നാല്‍പത്തി ഏഴായിരും രൂപ നികുതി അടക്കാനാണ് നഗരസഭ റവന്യൂ വിഭാഗം നോട്ടിസ് നല്‍കിയിരിക്കുന്നത്. നഗരത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് 20 ഇന പരിപാടികള്‍ക്ക് തീര്‍ത്തും സൗജന്യമായി അനുവദിക്കുന്ന ഹാള്‍ ഇതോടെ സൗജന്യമായി നല്‍കാനാകാത്ത അവസ്ഥയുണ്ടാകും.
സ്‌കൂള്‍ കോമ്പൗണ്ടിലെ ചെറിയ ഓഡിറ്റോറിയത്തിന് ആഡംബര നികുതി നല്‍കേണ്ടി വരുമെന്നതിനാല്‍പരിപാടികള്‍ ആഡംബര ഓഡിറ്റോറിയങ്ങളിലേക്ക് വഴിമാറി പോകാന്‍ കാരണമാകുമെന്നതാണ് അണിയറക്കാരുടെ കുബുദ്ധി. സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഓഡിറ്റോറിയത്തിന് ലക്ഷങ്ങള്‍ നികുതി ഈടാക്കുന്ന നഗരസഭ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നേര കണ്ണടക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ആര്‍ എം പി നേതാവ് സോമന്‍ചെറുകുന്ന് വിഷയം ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ വൈസ് ചെയര്‍മാന്‍ പി എം സുരേഷ് ബഥനി സാംസ്‌കാരിക വേദിയാണെന്നതിനാല്‍ അവര്‍ക്ക് നല്‍കിയ ഇളവ് നിലനിര്‍ത്തണമെന്ന് വാദിച്ചെങ്കിലും ഇതിനെ പിന്തുണക്കാന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരും മുന്നോട്ട് വന്നില്ല.
നഗരസഭ ആവശ്യപെടുന്ന നികുതി അടക്കാന്‍ തയ്യാറാണെന്നാണ് സ്‌കൂള്‍ മാനേജ്മന്റിന്റെ പക്ഷം. എന്നാല്‍ നിലവില്‍ നല്‍കുന്ന മുഴുവന്‍ സൗജന്യങ്ങളും ഇതോടെ നിര്‍ത്തലാക്കേണ്ടിവരുമെന്ന സൂചനയും ഇവര്‍ നല്‍കുന്നുണ്ട്. കുന്നംകുളത്തിന്റെ മുഴുവന്‍ സാംസ്‌കാരിക, സൗഹൃദ വേദികളേയും ഇല്ലാതാക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."