മാവോയിസ്റ്റുകളുടെ തിരിച്ചടി ഭയന്ന് വനപാലകര്‍ മാവോയിസ്റ്റ് വേട്ട: ആശങ്കയോടെ വനം വകുപ്പ്
അഗളി : നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടക്കുശേഷം പ്രതിരോധത്തിലായത് വനം വകുപ്പ്. നിലമ്പൂരില്‍ പൊലിസ് രണ്ടു മാവോവാദികളെ വെടിവെച്ചുകൊന്നതിന്റെ പ്രതികാരം തങ്ങള്‍ക്കുനേരെയാകുമോ എന്ന ആശങ്കയിലാണ് വനം വകുപ്പ് ജീവനക്കാര്‍. മാവോയിസ്റ്റുകളുടെ പ്രധാന ശത്രുക്കള്‍ വനംവകുപ്പ് ജീവനക്കാരാണെങ്കിലും വനത്തിനകത്തു വെച്ച് മുഖാമുഖം കണ്ടിട്ടും ഇതുവരേ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ല.
വനത്തിന്റെ അവകാശികള്‍ ആദിവാസികളാണെന്നും അതിന്റെ പൂര്‍ണ്ണ നിയന്ത്രണം ആദിവാസികള്‍ക്കുവേണമെന്നുമാണ് മാവോയിസ്റ്റുകളുടെ വാദം. മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ പൊലിസിലെ പ്രത്യേക പരിശീലനം നേടിയ തണ്ടര്‍ബോള്‍ട്ടിനെ ഇറക്കിയാണ് പ്രതിരോധിച്ചുവരുന്നത്. വനംവകുപ്പ് ജീവനക്കാര്‍ക്ക് ഇത്തരം നീക്കങ്ങള്‍ക്കാവശ്യമായ പരിശീലനമോ ആയുധങ്ങളൊ ഇതുവരേ നല്‍കിയിട്ടുമില്ല.
മാവോയിസ്റ്റ് വേട്ടക്കുപോകുന്ന പൊലിസിനൊപ്പം വഴികാട്ടികളായി പോകാന്‍ മാത്രമാണ് വനംവകുപ്പിനെ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇവരുടെ പക്കലാണെങ്കില്‍ വടിയല്ലാതെ മറ്റൊരു ആയുധവുമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതുവരേ മാവോയിസ്റ്റുകള്‍ അക്രമിച്ചിട്ടില്ലെങ്കിലും നിലമ്പൂരിലെ കൊലപാതകത്തിനുശേഷം ഇവരുടെ നിലപാടില്‍ മാറ്റം വരാനുള്ള സാധ്യത വനംവകുപ്പ് ജീവനക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. മാവോയിസ്റ്റുകളുടെ പ്രതികാരം തങ്ങളുടെ നേര്‍ക്കാകുമോ എന്ന ആശങ്ക ഇവര്‍ തുറന്നുപ്രകടിപ്പിക്കുന്നു.
മാവോയിസ്റ്റ് വേട്ടക്കുശേഷം വനംവകുപ്പിലെ നിലമ്പൂര്‍, അട്ടപ്പാടി, വയനാട് ഡിവിഷനുകളിലെ വാച്ചര്‍മാര്‍ ഉള്‍പ്പെടേയുള്ളവര്‍ കാടുകളിലേക്ക് പോകാന്‍ ഭയക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. വനത്തിനുള്ളില്‍ വിവിധ ബ്ലോക്കുകളിലായി രാത്രികാലങ്ങളില്‍ വരേ ഉദ്യോഗസ്ഥര്‍ വേണമെന്നാണ് ചട്ടം. എന്നാല്‍ ഇപ്പോള്‍ കാട്ടിനകത്തേക്ക് ഡ്യൂട്ടിക്കുപോകാന്‍ ആരും തയ്യാറാകുന്നില്ല.
മാവോവാദികള്‍ ആക്രമിക്കുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഇവരെ കൂടുതല്‍ ഭയപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."