ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ യോഗ്യത: മുന്‍കാല പ്രാബല്യം റദ്ദാക്കി
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സര്‍വിസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്‌കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കിയ നടപടി മന്ത്രിസഭായോഗം റദ്ദാക്കി.
കഴിഞ്ഞ ജൂണ്‍ നാലിനു ശേഷം പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ക്കുമാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളു. നേരത്തെ ലാസ്റ്റ് ഗ്രേഡ് സര്‍വീസിന് ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും അറിയണമെന്ന യോഗ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഭേദഗതി വരുത്തിയപ്പോള്‍ മുന്‍കാല പ്രബല്യത്തോടെ ഏഴാം ക്ലാസ് ജയിച്ചിരിക്കണമെന്നും ബിരുദധാരികള്‍ ആകാന്‍ പാടില്ലെന്നും യോഗ്യത കൊണ്ടുവരികയായിരുന്നു.
ഇതേ തുടര്‍ന്ന് നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനത്തിലെ അവ്യക്തത മാറ്റാന്‍ ഉത്തരവ് തിരുത്തി പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാരിന് പി.എസ്.സി കത്ത് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യം റദ്ദാക്കിയത്. കൂടാതെ സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം, സ്‌കൂളുകളിലെ തസ്തിക നിര്‍ണയം എന്നീ വിഷയങ്ങളില്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചു.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കാനും പാലക്കാട് മെഡിക്കല്‍ കോളജില്‍ 281 തസ്തികകള്‍ സൃഷ്ടിക്കാനും 38 അധ്യാപകരെ ഉടന്‍ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."