ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട്: ചര്‍ച്ച പരാജയം
മേപ്പാടി: ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ജോയിന്റ് ലേബര്‍ കമ്മീഷന് വിളിച്ച് ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. മാനേജ്മെന്റ് പ്രതിനിധികളുടെ കടുംപിടുത്തമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു.
തോട്ടം തുറക്കുന്നതിന് സാവകാശം വേണമെന്നായിരുന്നു മാനേജ്മെന്റ് പ്രതിനിധികളുടെ ആവശ്യം. കമ്പനി എം.ഡി അസുഖ ബാധിതനായതിനാലാണ് സാവകാശം ആവശ്യപ്പെട്ടത്. തുടര്‍ന്ന് അടുത്ത ചര്‍ച്ച ഡിസംബര്‍ 16ലേക്ക് വെക്കുകയായിരുന്നു. തൃശൂരിലെ രാമ നിലയത്തിലാണ് അടുത്ത യോഗം നടക്കുക.
അഡീഷനല്‍ ലേബര്‍ കമ്മീഷന് ചര്‍ച്ച നിയന്ത്രിച്ചു. തൊഴില്‍ വകുപ്പ് മുന്‍കയ്യെടുത്ത് ചേരുന്ന രണ്ടാമത്തെ ചര്‍ച്ചയാണ് പരാജയപ്പെടുന്നത്.
ഫാത്തിമ ഫാം പ്രതിനിധികളായി ലീഗല്‍ അഡൈ്വസര്‍ അന്‍വര്‍, മാനേജര്‍ മാച്ചയ്യ, ട്രേഡ് യൂനിയന്‍ നേതാക്കളായ സമര സമിതി കണ്‍വീനര്‍ പി ഗഗാറില്‍, ചെയര്മാന് പി.കെ അനില്‍കുമാര്‍, ബി സുരേഷ് ബാബു, എന്‍ വേണു ഗോപാല്‍, എം.ഒ ദേവസ്യ, പി.കെ മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
ചര്‍ച്ചയില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു തോട്ടത്തിലെ 300ലധികം വരുന്ന തൊഴിലാളികള്‍. ചര്‍ച്ച പരാജയമായതോടെ ഇവരുടെ ജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒക്ടോബര്‍ 27നാണ് മാനേജ്മെന്റ് യാതൊരു മുന്നറിയിപ്പുമില്ലാതെ എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത്. ഇതോടെ തൊഴിലാളികള്‍ സമരം തുടങ്ങുകയായിരുന്നു. നിലവില്‍ എസ്റ്റേറ്റിലെ തേയില നുള്ളി വില്പന നടത്തുകയാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."