അരൂര്‍-അരൂക്കുറ്റി റോഡിന് ശാപമോക്ഷം; പുനര്‍നിര്‍മാണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
അരൂര്‍: അരൂര്‍-അരൂക്കുറ്റി റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഇന്ന് രാത്രി ആരംഭിക്കും. മാസങ്ങളായി തകര്‍ന്ന് കാല്‍നടയാത്ര പോലും അസാധ്യമായ നിലയിലായിരുന്നു റോഡ്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. റോഡിലെ കുഴിയില്‍ വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവ് കാഴ്ചയായിരുന്നു. കഴിഞ്ഞ ദിവസം കരിങ്കല്ലുകയറ്റി വന്ന ടിപ്പര്‍ലോറി റോഡിലെ കുഴിയില്‍ വീണ് ആക്‌സിലൊടിഞ്ഞത് ഗതാഗതസ്തംഭനത്തിന് ഇടയാക്കിയിരുന്നു.
മണിക്കൂറുകള്‍ക്കുശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കി മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കെ.എസ്.ഇ.ബിയും വാട്ടര്‍ അതോറിറ്റിയും തങ്ങളുടെ കേബിളുകള്‍ സ്ഥാപിക്കുന്നതിനായാണ് റോഡിനിരുവശവും കുഴിച്ചത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചുകൊള്ളാമെന്ന വ്യവസ്ഥയിലായിരുന്നു റോഡ് കുഴിക്കാന്‍ പി.ഡബ്ല്യു.ഡി അനുവാദം നല്‍കിയത്. എന്നാല്‍ കേബിള്‍ ജോലികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതോടെ ഇവര്‍ വ്യവസ്ഥകളില്‍ നിന്നും പിന്‍മാറി.
ഇതുമൂലം അറ്റകുറ്റപ്പണികള്‍ അനന്തമായി നീണ്ടുപോകുകയായിരുന്നു. ഒടുവില്‍ അഡ്വക്കേറ്റ് എ.എം ആരിഫ് എം.എല്‍.എ ഇടപെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തര്‍ക്കപരിഹാരമായത്. 45 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. ഈ തുക കെ.എസ്.ഇ.ബി യും വാട്ടര്‍ അതോറിറ്റിയും ചേര്‍ന്ന് നല്‍കും.
പി.ഡബ്ല്യു.ഡി വഴി ഈ തുക സ്വരൂപിച്ച് ഇന്ന് രാത്രിയോടുകൂടി പണി തുടങ്ങാനാണ് തീരുമാനം. പാണാവള്ളി സ്വദേശി അനില്‍ കുമാറിനാണ് കരാറുനല്‍കിയിട്ടുള്ളത്. അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി രൂപ മുതല്‍ മുടക്കി ദേശീയ പാതയുടെ നിലവാരത്തില്‍ റോഡ് പുനര്‍ നിര്‍മിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."