അമേരിക്കയില്‍ കൂടുതല്‍ പള്ളികള്‍ക്ക് ഭീഷണിക്കത്ത് എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു
കാലിഫോര്‍ണിയ: അമേരിക്കയില്‍ മുസ്ലിം പള്ളികള്‍ക്ക് വീണ്ടും ഭീഷണിക്കത്ത് ലഭിച്ചു. മുസ്ലിംകളെ അമേരിക്കയില്‍നിന്ന് പുറത്താക്കുമെന്നാണ് കത്തില്‍ പറയുന്നത്. സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. കാലിഫോര്‍ണിയ, ഓഹിയോ, റോഡസ്ലാന്റ്, ഇന്‍ഡ്യാന, കൊളറാഡോ, ജോര്‍ജിയ എന്നീ ആറ് നഗരങ്ങളിലെ പള്ളികളിലാണ് വീണ്ടും ഭീഷണിക്കത്ത് ലഭിച്ചത്.
ലോസ് ആഞ്ചലസിലെ വ്യക്തിയുടെ വിലാസത്തില്‍ നിന്നാണ് ഇത്തവണ പള്ളികളിലേക്ക് ഭീഷണിക്കത്ത് ലഭിച്ചത്. മുസ്ലിംകള് സാത്താന്റെ സന്തതികളാണെന്ന് അഭിസംബോധന ചെയ്യുന്ന കത്തിനെ കുറിച്ച് പൊലിസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും പള്ളികളിലേക്ക് ഭീഷണിക്കത്ത് വന്നത്. ഹിറ്റ്ലര്‍ ജൂതന്മാരെ ചെയ്തതുപോലെ ട്രംപ് മുസ്ലിംകളെയും കൈകാര്യം ചെയ്യുമെന്നായിരുന്നു നേരത്തേ ലഭിച്ച കത്തില്‍ പറഞ്ഞിരുന്നത്. മുസ്ലിംകളെ പുറത്താക്കി ട്രംപ് അമേരിക്കക്ക് പുതിയ പ്രഭാതം നല്‍കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.
നേരത്തെ അയച്ച കൈപ്പടയിലുള്ള കത്തിന്റെ ഫോട്ടോകോപ്പികളാണ് പുതുതായി പള്ളികളില്‍ ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ ഇസ്ലാമിക് റിലേഷന്‍ കൗണ്‍സിലിന്റെ പരാതിയിലാണ് എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചത്. ഭീഷണിക്കത്തുകള്‍ വീണ്ടും ലഭിച്ചതോടെ പള്ളികള്‍ക്കുസമീപം പൊലിസ് സുരക്ഷ ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."