കണ്ണൂര്‍ വിമാനത്താവളം പ്രധാന റോഡ് ജനുവരി അവസാനവാരം പൂര്‍ത്തിയാകും
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വയാന്തോട്-കാര റോഡിന്റെ പ്രവൃത്തി 2017 ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകും. ഇടക്കാലത്ത് പ്രവൃത്തി പാതിവഴിയില്‍ മങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ ഊര്‍ജിതമാണ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്ന നടപടിക്രമങ്ങള്‍ വൈകിയതാണ് റോഡിന്റെ നിര്‍മാണവും ഇഴയാന്‍ കാരണമായത്. ഇ.പി ജയരാജന്‍ എം.എല്‍.എ ഇടപെട്ടതിനെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം വേഗത്തിലായത്. പൈപ്പിടല്‍ പൂര്‍ത്തിയാകുന്നതോടെ റോഡിന്റെ മെക്കാഡം ടാറിങ് ആരംഭിക്കും. വയാന്തോട് മുതല്‍ കാര വരെ 4.5 കി.മീറ്റര്‍ നീളത്തിലാണ് റോഡ് ടാര്‍ ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ കാര പേരാവൂര്‍ വരെ റോഡിന്റെ വീതി ഏഴ് മീറ്ററാക്കി ഉയര്‍ത്തും. വയാന്തോട് മുതല്‍ കാര വരെ മൂന്നു മേജര്‍ കല്‍വര്‍ട്ട് പ്രവൃത്തിയും ഓവുചാലിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ആറു റോഡുകളുടെ നവീകരണ പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല. വയാന്തോട് കാര പ്രധാന റോഡിന്റെ പ്രവൃത്തിക്ക് 10.5 കോടി രൂപയാണ് അനുവദിച്ചത്. ഈ റോഡുകള്‍ക്ക് പുറമേ കണ്ണൂര്‍-മട്ടന്നൂര്‍ റോഡും കണ്ണൂര്‍-അഞ്ചരക്കണ്ടി- മട്ടന്നൂര്‍ റോഡും ദേശീയപാതയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടി ആയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."