ജ്വലിക്കട്ടെ കൗമാരം
തേഞ്ഞിപ്പലം: ഏറനാടിന്റെ മണ്ണിനു പോരാട്ടങ്ങളുടെ കരുത്തുണ്ട്. ആ മണ്ണില്‍ കായിക കരുത്തു തെളിയിക്കാന്‍ കേരളത്തിന്റെ കൗമാരം ഇറങ്ങുമ്പോള്‍ ട്രാക്കിലും ഫീല്‍ഡിലും തീ പാറും. 60 ാമത് സ്‌കൂള്‍ കായികോത്സവത്തില്‍ പുതിയ ഉയരവും വേഗവും ദൂരവും തേടി താരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെ സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു. ഇന്നു മുതല്‍ ആറു വരെയാണ് കായികോത്സവം അരങ്ങേറുന്നത്. ആദ്യമായി വിരുന്നെത്തിയ കൗമാര കായികോത്സവത്തെ മലപ്പുറം നെഞ്ചിലേറ്റിക്കഴിഞ്ഞു. കായികോത്സവത്തിന്റെ ട്രാക്ക് ഇന്നു രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ ദീര്‍ഘദൂര ഓട്ടത്തോടെയാണ് ഉണരുക. സംസ്ഥാനത്തെ 14 റവന്യൂ ജില്ലകളിലും സ്‌പോര്‍ട്‌സ് ഡിവിഷനുകളിലും നിന്നായി 2,650 ലേറെ കായിക താരങ്ങളാണ് എത്തിയിരിക്കുന്നത്. 30 കായിക ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 95 ഫൈനലുകള്‍ നടക്കും. ആദ്യ ദിനമായ ഇന്ന് 18 ഫൈനലുകള്‍ അരങ്ങേറും. കായികോത്സവത്തിലെ അതിവേഗക്കാരെ തീരുമാനിക്കുന്ന 100 മീറ്റര്‍ നാളെ നടക്കും.
നാളെയുടെ ഒളിംപിക്‌സ് സ്വപ്നങ്ങള്‍ക്ക് കുതിപ്പേകാന്‍ ആദ്യ ചുവടുവയ്പ്പുമായി കേരളത്തിന്റെ കുട്ടിത്താരങ്ങള്‍ ഇന്ന് ട്രാക്കിലും ഫീല്‍ഡിലും നിറഞ്ഞാടും. നിലവിലെ ജേതാക്കളായ എറണാകുളം ജില്ല കിരീടം നിലനിര്‍ത്താനുള്ള തയാറെടുപ്പില്‍ തന്നെയാണ്. അട്ടിമറി മോഹവുമായി പാലക്കാടുമുണ്ട്.
ചാംപ്യന്‍ സ്‌കൂള്‍ പട്ടം നിലനിര്‍ത്താന്‍ കോതമംഗലം മാര്‍ബേസിലും തിരിച്ചുപിടിക്കാന്‍ നിത്യവൈരികളായ സെന്റ് ജോര്‍ജും തന്ത്രങ്ങള്‍ മെനയുമ്പോള്‍ പോരാട്ടത്തിനു കരുത്തേറും. കോതമംഗലം സ്‌കൂളുകളെ വെല്ലുവിളിച്ച് പാലക്കാട് പറളി, കല്ലടി, മുണ്ടൂര്‍ സ്‌കൂളുകളുടെ വരവും വലിയ തയാറെടുപ്പുകളുമായാണ്. അനുമോള്‍ തമ്പി, ബിബിന്‍ ജോര്‍ജ് തുടങ്ങിയ വമ്പന്‍ താര നിരയുടെ കരുത്തുമായാണ് ഷിബി ടീച്ചറുടെ നേതൃത്വത്തില്‍ മാര്‍ബേസിലിന്റെ വരവ്. കഴിഞ്ഞ വര്‍ഷം 91 പോയിന്റുമായാണ് ചാംപ്യന്‍ സ്‌കൂള്‍ പട്ടം നേടിയത്. 52 അംഗ സംഘമാണ് മാര്‍ ബേസിലിന്റെ കരുത്ത്. കോഴിക്കോട് മീറ്റില്‍ ആറാം സ്ഥാനത്തേക്ക് കോതമംഗലം സെന്റ് ജോര്‍ജ് പിന്തള്ളപ്പെട്ടിരുന്നു.
ഇത്തവണ 33 താരങ്ങളുമായി തിരിച്ചു വരവിനുള്ള തയ്യാറെടുപ്പുമായാണ് രാജു പോളും സംഘവും എത്തിയിരിക്കുന്നത്. 241 പോയിന്റുമായിട്ടായിരുന്നു കഴിഞ്ഞ തവണ എറണാകുളം കിരീടത്തില്‍ മുത്തമിട്ടത്. പറളി, കല്ലടി, മുണ്ടൂര്‍ സ്‌കുളുകള്‍ക്ക് പുറമേ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നു മികച്ച താര നിരയും പാലക്കാടിന്റെ കിരീട മോഹത്തിനു കരുത്തേകാന്‍ ഇത്തവണ ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങും. ഓരോ ചുവടും ഓരോ കുതിപ്പും ഓരോ ലക്ഷ്യവും സുവര്‍ണ നേട്ടങ്ങളിലേക്ക് ലക്ഷ്യം വച്ച് കൗമാരം മനസുറപ്പിക്കുമ്പോള്‍ ട്രാക്കിലും ഫീല്‍ഡിലും പോരാട്ടങ്ങള്‍ ജ്വലിക്കുമെന്നു ഉറപ്പ്.
പറളിയുടെ ആശാന് അമിതാവേശമില്ല
ഓരോ താരങ്ങളെയും കണ്ടെടുക്കുമ്പോഴും മനോജ് മാഷിന്റെ മുന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ടാവും. ട്രാക്കിലെയും ഫീല്‍ഡിലെയും സുവര്‍ണ നേട്ടങ്ങള്‍ മാത്രമല്ല ജീവിതം സുരക്ഷിതമാക്കുന്നിടം വരെ മനോജ് മാഷ് ഒപ്പമുണ്ടാകും. ഇല്ലായ്മകളുടെയും ദുരിതങ്ങളുടെയും നടുവില്‍ നിന്നാണ് മിക്ക താരങ്ങളെയും പറളിയുടെ വിജയശില്‍പി പി.ജി മനോജ് കണ്ടെടുത്തതും ഉയരങ്ങളിലേക്ക് എത്തിച്ചതും. ഒരു പിതാവിന്റെ കരുതലോടെ ഗുരുവിന്റെ ശിക്ഷണത്തോടെ മനോജ് മാഷ് തന്റ ശിഷ്യരെ മികവിന്റെ പാതയില്‍ എത്തിച്ചു. ശിഷ്യരിലേറെയും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്. ദേശീയ അന്തര്‍ദേശീയ താരങ്ങളായി കായിക ലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. ഇത്തവണയും മനോജ് മാഷും സംഘവും എത്തിയിട്ടുണ്ട്. അമിതാവേശമോ അവകാശവാദങ്ങളോ ഉയര്‍ത്തുന്നില്ല. കോഴിക്കോട് നേരിയ വ്യത്യാസത്തിലാണ് സ്‌കൂള്‍ ചാംപ്യന്‍പട്ടം നഷ്ടമായത്. ഇത്തവണ 28 താരങ്ങള്‍ പറളി സ്‌കൂളിന്റെ സ്‌ക്വാഡിലുണ്ട്.
ലോക സ്‌കൂള്‍ മീറ്റില്‍ വെള്ളി മെഡല്‍ ഓടിപ്പിടിച്ചു രാജ്യത്തിന്റെ യശ്ശസുയര്‍ത്തിയ പി.എന്‍ അജിത്തും തുടര്‍ച്ചയായ ആറാം സ്വര്‍ണം തേടുന്ന ഇ നിഷയുമാണ് പറളിയുടെ സൂപ്പര്‍ താരങ്ങള്‍. പുതിയ രണ്ട് സബ് ജൂനിയര്‍ താരങ്ങളെ ഇത്തവണ മനോജ് മാഷ് ട്രാക്കിലിറക്കുന്നുണ്ട്. 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ.വി അഭിഷേകും 100, 200 മീറ്ററില്‍ നീതു കൃഷ്ണയും.
മരുന്നടി പിടിക്കാന്‍ നാഡ വരും
മരുന്നടിച്ചാല്‍ പിടികൂടാന്‍ നാഡ വരും. കായികോത്സവത്തിലെ ഉത്തേജക പരിശോധനയ്ക്കായി നാഡയുടെ മൂന്നംഗ സംഘം എത്തുമെന്നു സംഘാടകരെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രാലയത്തിനു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറുമായ ചാക്കോ ജോസഫ് കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് മീറ്റില്‍ പരിശോധനയ്ക്കായി നാഡ സംഘം എത്തുമെന്ന് അറിയിച്ചിട്ടുള്ളത്.
സമയം ഇ.ഡി.എം നിശ്ചയിക്കും
സമയം കൃത്യതയോടെ രേഖപ്പെടുത്താന്‍ ഇത്തവണ ഇ.ഡി.എമ്മും. ഓട്ട മത്സരങ്ങളിലെ സമയം കൃത്യതയോടെ രേഖപ്പെടുത്താന്‍ ആദ്യമായിട്ടാണ് സ്‌കൂള്‍ കായികോത്സവത്തില്‍ ഇ.ഡി.എം ഉപയോഗിക്കുന്നത്. ഇതോടെ ഫോട്ടോഫിനിഷിങിലെ പോരാട്ടത്തില്‍ വിജയിയെ പരാതിയില്ലാതെ നിശ്ചയിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."