കൊല്ലം റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്രവേശന കവാടം സമയബന്ധിതമായി പൂര്‍ത്തീകരിക്കും: ഡിവിഷണല്‍ റെയില്‍വേ മാനേജര്‍
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു.
ഡിവിഷണല്‍ റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിംയഗമായ കെ.ഡി.എഫ്.സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് വിവരം. ജില്ലാ സഹകരണ ബാങ്കിന്റെ എതിര്‍വശം കൂടുതല്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കുകയാണെന്നും കൊല്ലം ചെങ്കോട്ട റോഡും ഒന്നാം ഫ്‌ളാറ്റുഫോമും ബന്ധിപ്പിച്ച് കാല്‍നട മേല്‍പ്പാലം പണി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊല്ലം സ്റ്റേഷനിലേക്ക് അനുവദിച്ച ഹൈ പവര്‍ വാട്ടര്‍ ജെറ്റ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ എഗ്മോര്‍-തിരുവനന്തപുരം (16723-16724) അനന്തപുരി എക്‌സ്പ്രസ്സ് കൊല്ലത്തേക്ക് നീട്ടും.
റെയില്‍വേ സ്റ്റേഷനിലേക്ക് അനുവദിച്ച രണ്ടു എസ്‌കലേറ്ററുകളുടെയും രണ്ടു ലിഫ്റ്റുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഫാസ്റ്റ് ഫുഡ് യൂനിറ്റും ഐ.ആര്‍.സി.ടി.സി.യുടെ സഹായത്തോടെ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുവാനുള്ള പരിശ്രമവും നടന്നുവരികയാണ്. റെയില്‍വേ സ്റ്റേഷന്‍ സൗന്ദര്യവത്ക്കരിക്കാനും തീരുമാനമായി.
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്റെ കക്കൂസും മറ്റ് അനുബന്ധ സൗകര്യങ്ങളും അടിയന്തരമായി റിപ്പയര്‍ ചെയ്തു ഉപയോഗ യോഗ്യമാക്കുമെന്നും കാടുമൂടിക്കിടക്കുന്ന സ്റ്റേഷന്‍ പരിസരം വെട്ടിത്തെളിച്ച് ഉടന്‍ വൃത്തിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ ബി ഗ്രേഡായി ഉയര്‍ത്തുക, കൂടുതല്‍ സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ പി.രാമഭദ്രന്റെ ആവശ്യം 2016-2017 സാമ്പത്തിക വര്‍ഷത്തിലെ കരുനാഗപ്പള്ളി സ്റ്റേഷന്റെ വരുമാനം കൂടി പരിശോധിച്ച് യുക്തമായ തീരുമാനം എടുക്കാമെന്ന് റെയില്‍വേ ഉറപ്പ് നല്കി. സീനിയര്‍ ഡി.സി.എം, വി.സി സുധീഷ് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ ഉടന്‍ സന്ദര്‍ശിച്ച് സ്റ്റേഷനെ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധിയായിട്ടാണ് പി.രാമഭദ്രന്‍ റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."