അടിസ്ഥാന സൗകര്യങ്ങളില്ലാതെ മുള്ളന്‍പാറ കോളനി; ആദിവാസികളുടെ ജീവിതം നരകതുല്യം
കിനാലൂര്‍: പനങ്ങാട് പഞ്ചായത്തിലെ വയലട-മുള്ളന്‍പാറ കോളനിയില്‍ ആദിവാസികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിത ജീവിതം നയിക്കുന്നു. കോളനിയില്‍ ഒരു വീട്ടിലും വൈദ്യുതിയോ കുടിവെള്ളമോ ഇല്ല. ശുചിമുറി പോലും ഇല്ലാതെ വൃദ്ധരും സ്ത്രീകളടക്കമുള്ളവരാണ് ഇവിടെ പ്രയാസമനുഭവിക്കുന്നത്. ശൗചാലയങ്ങള്‍ക്ക് പകരം കാടും പറമ്പുമാണ് ഇവര്‍ ആശ്രയിക്കുന്നത്. ബന്ധപ്പെട്ട അധികാരികളോട് തങ്ങളുടെ പ്രയാസങ്ങള്‍ നിരവധി തവണ പറഞ്ഞിട്ടുണ്ടെന്ന് കോളനിയിലെ മാണി മൂപ്പന്‍ പറയുന്നു.
ഇടക്കൊക്കെ പഞ്ചായത്ത് അധികൃതര്‍ കോളനി സന്ദര്‍ശിക്കാറുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ഓലകൊണ്ടും പുല്ല് കൊണ്ടും നിര്‍മിച്ച ചിതലരിച്ചു വീഴാറായ ഇവരുടെ കുടിലിലേക്ക് നിവര്‍ന്ന് കടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. തൊഴുത്തിനേക്കാള്‍ ദയനീയമായ ഇതിനെ ഒരു വീടെന്ന് പറയാന്‍ കോളനിയില്‍ ഒരുതവണ പോയവര്‍ക്ക് കഴിയില്ല. ഒരു പായ പോലും വിരിക്കാനില്ലാത്തതിനാല്‍ മണ്ണില്‍ നിര്‍മിച്ച തറയിലാണ് വിശ്രമവും ഉറക്കവുമെല്ലാം.
മലബാറിന്റെ ഗവിയായി അറിയപ്പെടുന്ന മുള്ളന്‍പാറയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തിടുക്കം കാട്ടുമ്പോള്‍ പാറക്ക് താഴെ ദുരിതംപേറി കഴിയുന്ന ഒരു കൂട്ടം മനുഷ്യരുടെ നരകതുല്യമായ ജീവിതം ആരും കാണുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. തങ്ങള്‍ക്കും നല്ലൊരു വീട്ടില്‍ വൈകാതെ അന്തിയുറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷ മാത്രമാണ് മാണി മൂപ്പനും കുടുംബങ്ങള്‍ക്കുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."