തീരപരിപാലന നിയമം പ്രദേശവാസികളെ ഉന്മൂലനം ചെയ്യുന്നതാകരുതെന്ന് ജനപ്രതിനിധികള്‍
ആലപ്പുഴ : കേന്ദ്ര സര്‍ക്കാരിന്റെ തീരപരിപാലന നിയമം തീരദേശവാസികളെ ഉന്മൂലനം ചെയ്യുന്നതാകരുതെന്ന് ജനപ്രതിനിധികളുടെ യോഗം അഭ്യര്‍ഥിച്ചു. തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട അഭിപ്രായ സമന്വയത്തിനായി കെ. സി വേണുഗോപാല്‍ എം.പി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇത്തരത്തില്‍ നിര്‍ദേശം ഉയര്‍ന്നത്.
വരുന്ന എട്ടിന് ഡല്‍ഹിയില്‍ ചേരുന്ന തീരദേശ എം.പിമാരുടെ യോഗത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ എം.എല്‍.എ ടി .എന്‍ പ്രതാപന്‍ എന്നിവരും പങ്കെടുത്തു.
മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കാന്‍ പോലും പറ്റാത്ത തരത്തിലുളള നിയമമാണ് നിലനില്‍ക്കുന്നതെങ്കിലും അതില്‍ ഭേദഗതി വരുത്തിയുളള കേന്ദ്രത്തിന്റെ കരട് എം.പി ചൂണ്ടിക്കാട്ടി. ഇതില്‍ ശാസ്ത്രീയമായും സാങ്കേതികമായുമുളള പ്രശ്‌നങ്ങള്‍ ഉണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് അപ്പുറത്തേയ്ക്ക് നിയമം കൊണ്ടുപോകുന്നത് അപകടകരമാണെന്നും തീരപ്രദേശങ്ങള്‍ വ്യവസായിക ആവശ്യങ്ങള്‍ക്ക് കൊടുത്താല്‍ പ്രശ്‌നമാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
തീരവാസികളുടെ സുരക്ഷിതത്വവും തൊഴിലിടവും സംരക്ഷിച്ചുളള നിയമമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വീടുകള്‍ നവീകരിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുളളത്. നിയമം നല്ല രീതിയില്‍ വന്നാല്‍ മാത്രമേ തീരവാസികള്‍ക്ക് നിലനില്‍പ്പുളളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ തോമസ് ജോസഫ്, ഐസക് മാടവന, ബ്ലോക്ക് പഞ്ചായത്തംഗം പി സാബു, നേതാക്കളായ എ എ ഷുക്കൂര്‍, പി പി ചിത്തരഞ്ജന്‍, എ കെ ബേബി, ബാബു ആന്റണി തുടങ്ങി നിരവധിപ്പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."