പിലിക്കോട് കല്യാണമണ്ഡപങ്ങളിലും ഇനി സ്റ്റീല്‍ പാത്രങ്ങള്‍
ചെറുവത്തൂര്‍: കല്യാണമണ്ഡപങ്ങളിലും വീടുകളിലെ വിശേഷാല്‍ ചടങ്ങുകളിലും ഉള്‍പ്പെടെ ഡിസ്‌പോസിബിള്‍ ഗ്ലാസുകളുടെയും പ്ലേറ്റുകളുടെയും ഉപയോഗം ഇല്ലാതാക്കാന്‍ പിലിക്കോട് പഞ്ചായത്തില്‍ കര്‍മപദ്ധതി.
ഹരിതകേരള മിഷന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. പൊതുസ്ഥലങ്ങളില്‍ ഇവ മാലിന്യങ്ങളായി നിക്ഷേപിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഒഴിവാക്കാന്‍ സ്റ്റീല്‍ ഗ്ലാസുകളുടെയും പാത്രങ്ങളുടെയും ഉപയോഗം വ്യാപിക്കും. മിഷന്റെ ഭാഗമായി പഞ്ചായത്തിലെ 11 തോടുകള്‍ ശുചീകരിച്ചു തടയണ നിര്‍മ്മിക്കും. 8 ന് രാവിലെ കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ശുചീകരണം. വെമ്പള്ളി, പാടിക്കീല്‍, പള്ളിക്കണ്ടം, കുന്നത്തില്ലം, കൊളത്തേല്‍, ചേന്ത, നെല്ലിക്കാട്ട്, താഴെ പള്ളിക്കണ്ടം, പാടിക്കീല്‍ പുതിയ നിലം, മുത്തേടത്ത്, അയ്യങ്ങ എന്നിവിടങ്ങളിലെ തോടുകളാണ് ശുചീകരിക്കുക. 6ന് പഞ്ചായത്തിലെ കടകളില്‍ ശുചിത്വ സന്ദേശ സ്റ്റിക്കര്‍ പതിക്കും. 7ന് സ്വാപ് പദ്ധതി പ്രകാരം വിദ്യാലയങ്ങളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ശേഖരിക്കും. ഇത് അങ്കണവാടികള്‍ക്ക് കൈമാറും.7 ന് വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ശേഖരണവും നടക്കും. 8 ന് പതിനാറു വാര്‍ഡുകളിലും ശുചീകരണം നടക്കും. രാവിലെ ഒന്‍പതു മണിക്ക് ഒരു വാര്‍ഡില്‍ രണ്ടു കേന്ദ്രങ്ങളില്‍ സംഘകൃഷിക്കും തുടക്കം കുറിക്കും . വിദ്യാലയങ്ങളില്‍ വിശേഷാല്‍ അസംബ്ലി ചേര്‍ന്ന് പ്രതിജ്ഞയെടുത്ത ശേഷം ശുചീകരണം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."