രാജരാജേശ്വര ക്ഷേത്രവുമായി ജയക്കു വൈകാരിക ബന്ധം
കണ്ണൂര്‍: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു ജീവിതത്തില്‍ വൈകാരികമായി ഏറെ അടുപ്പമുള്ള ക്ഷേത്രമായിരുന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. 2001 ജൂലൈ മൂന്നിനു രാജരാജേശ്വരനെ തൊഴാന്‍ ജയലളിത തളിപ്പറമ്പില്‍ എത്തിയതോടെയാണു രാജരാജേശ്വര ക്ഷേത്രത്തിനു ദേശീയ ശ്രദ്ധ കൈവന്നത്. പ്രശസ്ത ജോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ നിര്‍ദേശ പ്രകാരമായിരുന്നു ജയലളിത അന്നു ക്ഷേത്രത്തില്‍ എത്തിയിരുന്നത്.
രാത്രി 8.50ന് ക്ഷേത്രത്തില്‍ എത്തിയ അവര്‍ പൊന്നിന്‍കുടം സമര്‍പ്പിച്ച ശേഷം തൊഴുതു മടങ്ങുകയായിരുന്നു. ഉറ്റതോഴി ശശികലയും അന്നു ജയലളിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിനു മുമ്പും ജയലളിത രാജരാജേശ്വരനെ മനസില്‍ വണങ്ങിയിരുന്നതായി ജീവനക്കാര്‍ പറയുന്നു.
1999 മാര്‍ച്ച് 27നു ജയലളിതയ്ക്കു വേണ്ടി തമിഴ്‌നാട് സ്വദേശിയായ എസ് മാരിയപ്പന്‍ ആനയെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയിരുന്നു. ഈ ആന കഴിഞ്ഞ ഏപ്രിലില്‍ ചെരിഞ്ഞു. 2001നു ശേഷം ജയലളിത രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തിയില്ലെങ്കിലും അവരുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ക്ഷേത്രത്തില്‍ പൂജകള്‍ നടന്നിരുന്നു.
ഏറ്റവുമൊടുവില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞമാസം 30നു ചെന്നൈയില്‍ നിന്നുള്ള ഒരുസംഘം ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടം സമര്‍പ്പിച്ച് പ്രാര്‍ഥിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി വെറുതെവിട്ടപ്പോഴും ജയലളിതയുടെ ഓഫിസില്‍ നിന്നുള്ള ഒരുസംഘമെത്തി ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയിരുന്നു.
ടി.ടി.കെ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രം ജയലളിതയുടെ സന്ദര്‍ശനത്തോടെയാണു ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ തുടങ്ങിയ പ്രമുഖരും രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."