സൗമ്യം ശാന്തം... മെഡലുകള്‍ വാരിക്കൂട്ടി രാമചന്ദ്രനും കുട്ട്യോളും
തേഞ്ഞിപ്പലം: ശിഷ്യര്‍ മെഡലുകള്‍ വാരിക്കൂട്ടുമ്പോഴും സൗമ്യനും ശാന്തനുമാണ് കെ രാമചന്ദ്രന്‍. ഒരിക്കലും കാമറകളുടെ മുന്നില്‍ ശിഷ്യര്‍ക്കൊപ്പം രാമചന്ദ്രനെ കാണാനാവില്ല. കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിനെ നേട്ടങ്ങളുടെ നെറുകയിലേക്ക് ഓടിക്കയറ്റിയ പരിശീലകന്‍ രാമചന്ദ്രന്‍ മാഷ് തിരശീലയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. സി ബബിതയും മുഹമ്മദ് അജ്മലും മുഹമ്മദ് അനസും സി ചാന്ദ്‌നിയും അനില വേണുവും ഉള്‍പ്പടെ താരങ്ങള്‍ രാമചന്ദ്രന്‍ മാഷിനു ദക്ഷിണയായി നല്‍കിയത് ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമാണ്. മേളയ്ക്ക് കൊടിയിറങ്ങുന്ന ഇന്ന് അഞ്ചു സ്വര്‍ണം കൂടി രാമചന്ദ്രന്‍ പ്രതീക്ഷിക്കുന്നു. മാഷിന്റെ പ്രതീക്ഷ കാക്കുമെന്നു ശിഷ്യരും ഒരേ സ്വരത്തില്‍ ഉറപ്പു നല്‍കുന്നു.
ശിഷ്യര്‍ മത്സരിക്കുമ്പോള്‍ മൈതാനത്തിനു പുറത്തെ കമ്പി വേലിക്കരികില്‍ ശാന്തനായി പ്രചോദനം നല്‍കി രാമചന്ദ്രന്‍ നിലയുറപ്പിക്കും. പോള്‍വോള്‍ട്ട് ഒഴികെ എല്ലാ ഇനങ്ങളിലും രാമചന്ദ്രന്‍ പരിശീലനം നല്‍കുന്നുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് കല്ലടി സ്‌കൂളിലെത്തിയ രാമചന്ദ്രന്റെ പ്രിയ ശിഷ്യയാണ് ലോക സ്‌കൂള്‍ മീറ്റില്‍ ഉള്‍പ്പടെ താരമായ സി ബബിത. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കണ്ണമ്പുള്ളി വീട്ടില്‍ രാമചന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല ക്രോസ് കണ്‍ട്രി ടീമില്‍ അംഗമായിരുന്നു. വാണിയംകുളം സ്‌കൂള്‍ ടീമിന പരിശീലിപ്പിച്ചിരുന്ന രാമചന്ദ്രന്‍ കല്ലടിയിലേക്ക് ചുവടു മാറ്റുകയായിരുന്നു. രാമചന്ദ്രന്റെ ശിഷ്യരായ 17 താരങ്ങളാണ് കായികോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. ആകെ 25 കുട്ടികള്‍ പരിശീലിക്കുന്നുണ്ട്. പുലര്‍ച്ചെ 6.15 മുതല്‍ 9.30 വരെയും വൈകിട്ട് 4.15 മുതല്‍ ആറു വരെയുമാണ് ശിഷ്യര്‍ക്ക് പരിശീലനം നല്‍കുന്നത്. മേളകള്‍ തുടങ്ങിയാല്‍ പരിശീലനത്തിന്റെ സമയം കൂടും. സ്‌കൂള്‍ കായിക മേളകളിലും സര്‍വകലാശാലാ തലത്തിലും സ്വര്‍ണം നേടിയ ആര്‍ അനൂജും പി.എസ് നിഷയും പി.എസ് നിഖിലുമെല്ലാം രാമചന്ദ്രന്റെ ശിഷ്യരാണ്. മകന്‍ കെ.ആര്‍ രജില്‍ ഹര്‍ഡില്‍സ് താരമാണ്. ബിബിന്‍, ജിബിന്‍ എന്നിവരാണ് മറ്റു മക്കള്‍. ഭാര്യ ബീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."