കൊയിലാണ്ടിയില്‍ കോടതി ഉത്തരവിന് പുല്ലുവില: യാത്രാ ദുരിതമേറ്റി ആര്‍.ടി.ഒ ഓഫിസിന് മുന്നിലെ ഹമ്പുകള്‍
കൊയിലാണ്ടി: ദേശീയപാതയില്‍ അധികൃതര്‍ തിരക്കിട്ട് സ്ഥാപിച്ച ഹമ്പുകള്‍ കഴിഞ്ഞ ദിവസം സ്ഥിരം യാത്രക്കാര്‍ക്ക് വിനയായി. നഗരത്തിലെ ജോയിന്റ് ആര്‍.ടി ഓഫിസിന് മുന്നിലാണ് ഒരു രാത്രി കൊണ്ട് ഹമ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ സീബ്രാലൈന്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് പത്തോളം ഹമ്പുകള്‍ നിര്‍മിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചെറുവാഹനങ്ങളില്‍ യാത്ര ചെയ്തവരാണ് ഹമ്പുള്ള വിവരമറിയാതെ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഏതാനും പേര്‍ക്ക് നിസാരമായ പരുക്കേല്‍ക്കുകയുമുണ്ടായി.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ദേശീയ പാതകളിലും മറ്റും യാതൊരുവിധ ഹമ്പുകളും സ്പീഡ് ബ്രേക്കറുകളും പാടില്ലെന്നിരിക്കെയാണ് അധികൃതരുടെ ഇത്തരമൊരു നടപടി. പൊതുവെ ഗതാഗത തടസം നേരിടുന്ന നഗരത്തില്‍ ഹമ്പുകള്‍ കൂടിയാകുന്നതോടെ യാത്രക്കാര്‍ക്ക് വിനയാകാനാണ് സാധ്യത. ഹമ്പിന് സമീപം വേഗത കുറക്കേണ്ടി വരുന്നതോടെ നഗരമധ്യത്തില്‍ ഗതാഗതക്കുരുക്കേറുമെന്നതില്‍ സംശയമില്ല. ട്രാഫിക് പൊലിസ് വിഭാഗത്തിന് പോലും ദേശീയ പാതയില്‍ ഹമ്പ് സ്ഥാപിക്കുന്നതിനെപ്പറ്റി അറിവില്ലെന്നാണ് പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."