വിദ്യാഭ്യാസമേഖലയ്ക്കായി അധ്യാപകരും രക്ഷിതാക്കളും ഒത്തുചേര്‍ന്നു
കല്‍പ്പറ്റ: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തി കുട്ടികളെ അറിവിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര ശരാശരിക്കൊപ്പം ഉയര്‍ത്തണമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ ജില്ലയിലെ സ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെയും പി.ടി.എ ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ചുവര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന അതിനൂതനവും ആശയസമ്പുഷ്ടവുമായ പദ്ധതികളെ ഇവര്‍ക്കു മുന്നില്‍ വിശദീകരിച്ചത്. വളരെ ശ്രദ്ധയോടെ പൊതുവിദ്യാഭ്യസത്തെ ശക്തിപ്പെടുത്താന്‍ പര്യാപ്തമായ മാതൃകാ പദ്ധതികളെ അധ്യാപകരും രക്ഷകര്‍ത്താക്കളും കേട്ടിരുന്നു. കേരളത്തിന്റെ സാസ്‌കാരികതയെ പരിപോഷിപ്പിച്ച മതേതരഘടനയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകരാന്‍ പാടില്ല. മൂല്യശോഷണമെന്നു മുദ്രകുത്തി ജാതിമത തീവ്രഘടകങ്ങള്‍ ഈ സംവിധാനത്തെ തകര്‍ക്കാനിരിക്കുകയാണ്. വിദ്യാഭ്യാസം കച്ചവടം ചെയ്യുന്ന സാഹചര്യത്തില്‍ നിന്നു മാറി ഏവര്‍ക്കും തുല്യമായി അറിവുകള്‍ പകരുന്ന സാഹചര്യം നാളെയും തുടരണം.
ഇതിനായി സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ്. അധ്യാപകരും ഈ പദ്ധതിയുമായി സഹകരിക്കണം. ക്ലാസ് മുറികളില്‍ എല്ലാ കുട്ടികളെയും അധ്യാപകര്‍ കൃത്യമായി നിരീക്ഷിച്ച് പഠനത്തില്‍ ഏറ്റവും മോശമായ കുട്ടികളെ മുന്നിലെത്തിക്കുന്ന വിധത്തില്‍ അറിവുകള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
മൂന്നു കാര്യങ്ങളാണ് സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ ആദ്യമായി വിഭാവനം ചെയ്യുന്നത്. ആദ്യത്തേത് രക്ഷകര്‍തൃസമിതിയുടെ പങ്കാണ്. പിടിഎ കമ്മിറ്റിയില്‍ എല്ലാത്തരം ആളുകളുടെയും പ്രാതിനിധ്യം വേണം.
രണ്ടാമതായി പൂര്‍വവിദ്യാര്‍ഥികളുടെ സമിതിയുണ്ടാക്കി വിദ്യാലയത്തിലേക്ക് ഇവരെയും ക്ഷണിക്കണം. മൂന്നാമതായി ചുറ്റുപാടുകളിലുള്ള സന്നദ്ധ സംഘടനാ പ്രതിനിധികള്‍ മുതല്‍ ക്ലബ്ബുകള്‍ മുതല്‍ വായനശാലകള്‍ മറ്റു സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഈ വിദ്യാലയ സംരക്ഷണ സമിതിയില്‍ ഉള്‍പ്പെടുത്താം. ഇവരുടെ ഒരു സംരക്ഷിത കവചം സ്‌കൂളിന് വേണ്ടി പ്രവര്‍ത്തിക്കും. ഹരിത കാംപസുകള്‍ എന്ന ലക്ഷ്യവും നിറവേറ്റപ്പെടുകയാണ്. ഒരോ വിദ്യാലയ പരിസരവും പ്ലാസ്റ്റിക് രഹിത ഇടമായി മാറ്റണം. എട്ടിന് ഹരിതകേരള മിഷന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രതിജ്ഞയെടുക്കും.
ഇതോടെ സ്‌കൂള്‍ പരിസരം പ്ലാസ്റ്റിക്മുക്ത മേഖലയായി മാറും. ഈ ശീലങ്ങള്‍ കുട്ടികള്‍ വീട്ടിലും പാലിക്കുമ്പോള്‍ അതെല്ലാം ഒരു മാറ്റത്തിന് നിദാനമാവുമെന്നും മന്ത്രി അധ്യാപകരോടും രക്ഷിതാക്കളോടുമായി പറഞ്ഞു.
അടുത്ത പടിയായി സ്‌കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകളും സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കും. ഇതില്‍ നിന്നെല്ലാം കുട്ടികള്‍ക്ക് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ധാരാളം പഠിക്കാനുണ്ടാവും.
ഉത്തമ പൗരന്‍മാരായി കുട്ടികളെ ഉയര്‍ത്തുന്നതില്‍ പൊതുവിദ്യാഭ്യാസ ഇടങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുമ്പോള്‍ കുട്ടികളും ഇവിടങ്ങളിലേക്ക് ധാരാളമായി ഒഴുകും. കുട്ടികള്‍ക്ക് അറിവു നേടാനുള്ള വഴികള്‍ തുറന്നുകൊടുക്കുക എന്ന ദൗത്യം മാത്രം അധ്യാപകര്‍ ഏറ്റെടുത്ത് നിറവേറ്റിയാല്‍ അവര്‍ക്ക് അതുതന്നെ ധാരാളമായിരിക്കും- മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി തങ്കം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."