അറസ്റ്റ് പ്രതിഷേധത്തിനു മുന്നില്‍ മുഖംരക്ഷിക്കാനെന്ന് ആക്ഷേപം
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പുതിയ അറസ്റ്റ് പൊലിസിന്റെ മുഖം രക്ഷിക്കാനെന്ന് വ്യാപകമായ ആക്ഷേപം. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ടു നാളെ മലപ്പുറം എസ്.പി ഓഫിസിലേക്ക് എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി മാര്‍ച്ച് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഒരാളെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കുന്നതിനുള്ള ശ്രമം. സംഭവം ആസൂത്രണം ചെയ്ത നന്നമ്പ്ര മേലേപ്പുറം വിദ്യാനികേതനെതിരേ നടപടികളെടുക്കണമെന്നും, മലപ്പുറം ഡിവൈ.എസ്.പിയെ അന്വേഷണ ചുമതലയില്‍നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് നാളെ സമസ്ത യുവജന വിഭാഗം മലപ്പുറത്ത് മാര്‍ച്ച് പ്രഖ്യാപിച്ചത്. ഇതേആവശ്യമുന്നയിച്ചു സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ ഇന്ന് തിരൂരങ്ങാടി സി.ഐ ഓഫിസിലേക്കും മാര്‍ച്ച് നടക്കാനിരിക്കെയാണ് ഇന്നലെ വൈകിട്ട് മുഖ്യപ്രതികളിലൊരാളുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിലാണ് കേസ് നടപടികള്‍ അരങ്ങേറിയത്. നാട്ടുകാര്‍ പ്രക്ഷോഭം നടത്താനിരിക്കെയാണ് ഗൂഢാലോചനക്കേസില്‍ എട്ടുപ്രതികളുടെ അറസ്റ്റ് കഴിഞ്ഞ 27ന് പൊലിസ് രേഖപ്പെടുത്തിയത്.
ഫൈസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ആര്‍.എസ്.എസ് ശ്രമം നടത്തിയിരുന്നു. അന്വേഷണ സംഘവും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതോടെ പ്രക്ഷോഭം ശക്തിപ്പെടുത്താനും നീതി ലഭിക്കുന്നതിനും വേണ്ടി മാര്‍ച്ചുകളും മറ്റും നടക്കാനിരിക്കെ പ്രതികളിലൊരാളുടെ അറസ്റ്റ് കാണിച്ച് പൊലിസ് മുഖംരക്ഷിക്കുകയാണെന്ന ആക്ഷേപമാണ് ശക്തമായിട്ടുള്ളത്. ഫൈസലിന്റെ കുടുംബത്തിനു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."