200 ല്‍ പാലക്കാടന്‍ മുന്നേറ്റം; സ്പ്രിന്റ് ഡബിള്‍ തികച്ച് നാല് താരങ്ങള്‍
തേഞ്ഞിപ്പലം: കിരീടം മോഹിച്ച് എറണാകുളവും പാലക്കാടും മുഖാമുഖം നില്‍ക്കുന്ന സമയം. ആവേശ ട്രാക്കില്‍ തീ പടര്‍ത്തി 200 മീറ്ററിന്റെ ഗ്ലാമര്‍ പോരില്‍ സീനിയര്‍ വിഭാഗത്തില്‍ കല്ലടി സ്‌കൂളിലെ മുഹമ്മദ് അജ്മലും അഞ്ജലി ജോണ്‍സണും സുവര്‍ണ കുതിപ്പ് നടത്തി. ഇരുവരുടെയും സുവര്‍ണ കൊയ്ത്താണു പാലക്കാടിനെ കിരീട നേട്ടത്തില്‍ മുന്നോട്ടു നയിച്ചത്.
ഉച്ചക്ക് മുന്‍പ് ഒന്‍പത് പോയിന്റ് വ്യത്യാസത്തില്‍ എറണാകുളത്തിനു പിന്നിലായിരുന്നു പാലക്കാട്. 200ല്‍ രണ്ടു സ്വര്‍ണവും കിട്ടിയതോടെ പാലക്കാട് മുന്നിലോടി കയറി തുടങ്ങി. 100 മീറ്ററില്‍ സ്വര്‍ണം നേടിയ മുഹമ്മദ് അജ്മല്‍ 21.96 സെക്കന്റിലായിരുന്നു 200 ലെ സ്വര്‍ണ കുതിപ്പ് നടത്തിയത്. അഞ്ജലി ജോണ്‍സണ്‍ 25.87 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി.
200 മീറ്ററില്‍ വര്‍ഷങ്ങളായി തകരാതെ നില്‍ക്കുന്ന റെക്കോര്‍ഡുകള്‍ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ജിസ്‌ന മാത്യുവാണ് സീനിയര്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം 200 മീറ്ററില്‍ റെക്കോര്‍ഡ് സ്ഥാപിച്ച അവസാന താരം. കാലപ്പഴക്കമേറെയുണ്ട് മറ്റു വിഭാഗങ്ങളിലെ റെക്കോഡുകള്‍ക്ക്. നാലു താരങ്ങളാണ് ഇത്തവണ സ്പ്രിന്റ് ഡബിള്‍ നേടി തിളങ്ങിയത്. ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ചാംപ്യനായിരുന്ന തിരുവനന്തപുരം സായിയുടെ സി അഭിനവ് 200 ലും സ്വര്‍ണം നേടി സ്പ്രിന്റ് ഡബിള്‍ തികച്ചു.
22.55 സെക്കന്റിലായിരുന്നു അഭിനവിന്റെ ഫിനിഷ്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ നാട്ടിക ഗവ. ഫിഷറീസ് സ്‌കൂള്‍ താരമായ ആന്‍സി സോജനാണ് സ്വര്‍ണം നേടിയത്. ഫിഷറീസ് സ്‌കൂളിന്റെ മുന്‍ താരം പി.ഡി അഞ്ജലിയെ ഫോട്ടോഫിനിഷില്‍ അട്ടിമറിച്ചായിരുന്നു സുവര്‍ണ കുതിപ്പ്. 25.55 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ കടന്ന ആന്‍സി ലോങ് ജംപിലും സ്വര്‍ണം നേടിയിരുന്നു.
സബ്ജൂനിയര്‍ വിഭാഗത്തിലെ അതിവേഗ താരമായ മലപ്പുറം അതാളൂര്‍ കെ.എം.എന്‍.എസ്.എസ്.യു.ഇ.എം.എച്ച്.എസിലെ ടി ശ്രീരാഗ് 200 മീറ്ററിലും സ്വര്‍ണം കൈവിട്ടില്ല. 24.86 സെക്കന്റിലായിരുന്നു സ്വര്‍ണ കുതിപ്പ്. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്‌കൂളിലെ എല്‍ഗ തോമസും സ്വര്‍ണ വേട്ടയിലൂടെ സ്പ്രിന്റ് ഡബിള്‍ തികച്ചു. 27.42 സെക്കന്റിലായിരുന്നു എല്‍ഗയുടെ പ്രകടനം. 400 മീറ്ററിലും എല്‍ഗ സ്വര്‍ണം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."