നോട്ടുകള്‍ അസാധുവായിട്ട് ഒരു മാസം; കള്ളപ്പണം കാണാമറയത്ത് തന്നെ
ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള 500, 1000 നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്നേക്ക് ഒരുമാസം. ബാങ്കുകളില്‍ 500 രൂപ നോട്ട് മാറ്റാന്‍ കഴിയാതിരിക്കുകയും ഇടപാടുകള്‍ക്കു നിയന്ത്രണങ്ങള്‍ കൊണ്ടുവരികയുംചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ക്കു മുന്നിലെ വരിയുടെ നീളത്തിനു കുറവുണ്ടെങ്കിലും ആവശ്യത്തിനു പണംകിട്ടാത്തതിനാല്‍ സാധാരണക്കാരുടെ ദുരിതം കൂടിവരികയാണ്.
പ്രമുഖ നഗരങ്ങളിലെ മിക്ക എ.ടി.എം കൗണ്ടറുകളും പ്രവര്‍ത്തനരഹിതമോ പണരഹിതമോ ആണ്. പണമുള്ള എ.ടി.എം കൗണ്ടറുകള്‍ക്കു മുന്നിലാവട്ടെ നീണ്ട വരിയും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഏറെക്കുറേ താളംതെറ്റി. സര്‍ക്കാര്‍ ജീവനക്കാരുടെയും പകുതിയിലേറെ സ്വകാര്യസ്ഥാപനജീവനക്കാരുടെയും ശമ്പളം അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെങ്കിലും പണമില്ലാത്തതിനാല്‍ അതു ബാങ്കുകളില്‍ തന്നെ കിടക്കുകയാണ്. ബാങ്കുകള്‍ക്കു മുന്നില്‍ വരിനില്‍ക്കുന്നതിനിടെ എണ്‍പതിലേറെ പേര്‍ മരിക്കുകയുംചെയ്തു.
കഴിഞ്ഞമാസം എട്ടിനു രാത്രിയാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കള്ളപ്പണം തടയുക, കള്ളനോട്ട് നിര്‍ത്തലാക്കുക എന്നീ രണ്ടു കാരണങ്ങള്‍ ഊന്നിപ്പറഞ്ഞാണ് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്ത് ആകെ വിനിമയത്തിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ 84 ശതമാനമാണ് ഇതോടെ അസാധുവായത്.
ഇത് പതിനഞ്ചര ലക്ഷം കോടി രൂപവരും. എന്നാല്‍ ഇതിനകം 13 ലക്ഷം കോടിരൂപയോളം വിവിധ ബാങ്കുകളില്‍ തിരിച്ചെത്തിയതായി രണ്ടുദിവസം മുന്‍പ് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ഇനിയും 20ലേറെ ദിവസം ബാക്കിയുണ്ട്. എന്നാല്‍ ഇനി തിരിച്ചെത്താന്‍ രണ്ടുലക്ഷം കോടി രൂപമാത്രമെയുള്ളൂ. ബാങ്കുകളുടെ കരുതല്‍ധനശേഖരത്തിലെയും ട്രഷറികളിലെ നോട്ടുകളും കൂടി പരിഗണിച്ചാല്‍ ജനങ്ങളുടെ കൈവശമുള്ള ഏറെക്കുറേ പഴയനോട്ടുകളും ബാങ്കില്‍ തിരിച്ചെത്തിയതായി വ്യക്തമാവും.
അതിനാല്‍ നോട്ട് നിരോധനം കള്ളപ്പണത്തെ ബാധിച്ചിട്ടില്ലെന്നു വ്യക്തം. നടപടി കള്ളപ്പണക്കാരെ ലക്ഷ്യമിട്ടാണ് എന്ന സര്‍ക്കാരിന്റെ പ്രഥമവാദമാണ് ഇതോടെ പൊളിയുന്നത്. മൂന്നു മുതല്‍ അഞ്ചുലക്ഷം കോടി രൂപവരെ നോട്ട് നിരോധനം കൊണ്ട് തിരികെകൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. ഇതിനുപിന്നാലെ നോട്ട് നിരോധനം കറന്‍സിരഹിത സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നു സര്‍ക്കാര്‍ പ്രചരിപ്പിക്കാനും തുടങ്ങി.
ആസൂത്രണമോ കൂടിയാലോചനയോ ഇല്ലാതെയാണ് നോട്ട് നിരോധിച്ചത് എന്ന ആരോപണം തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓരോ പ്രഖ്യാപനങ്ങളും. നോട്ട് നിരോധനം നിലവില്‍ വന്ന ശേഷമുള്ള മിക്ക ദിവസവും നോട്ട് മാറ്റുന്നതും ബാങ്കില്‍ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും മറ്റുമുള്ള വ്യവസ്ഥകള്‍ മാറ്റിക്കൊണ്ടേയിരുന്നു.
ആദ്യ ആഴ്ചകളില്‍ ദിവസവും ഒന്നും രണ്ടും പരിഷ്‌കാരങ്ങളാണ് സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത്ദാസ് പ്രഖ്യാപിച്ചിരുന്നത്. തീരുമാനം കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാണെന്നു സാമ്പത്തിക വിദഗ്ധനും മുന്‍പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടത് സര്‍ക്കാരിനു പ്രഹരവുമായി. എല്ലാ നോട്ടുകളും ഡിസംബര്‍ 30 വരെ മാറ്റാമെന്നു ആദ്യം അറിയിച്ചിരുന്നുവെങ്കില്‍ പിന്നീട് 1,000 രൂപ മാറ്റുന്നത് നിര്‍ത്തിവച്ചു. അത് ബാങ്കിലിടാനേ നിലവില്‍ കഴിയൂ. ആദ്യഘട്ടത്തില്‍ 2000 രൂപ മാത്രമെ എ.ടി.എം കൗണ്ടറില്‍ നിന്നു പിന്‍വലിക്കാന്‍ പറ്റൂവെന്നത് പിന്നീട് 4,000 ആക്കിയെങ്കിലും മൂന്നുദിവസത്തിനുള്ളില്‍ അത് 2,500 ആക്കി ചുരുക്കി.
ആഴ്ചയില്‍ മൊത്തം പിന്‍വലിക്കാവുന്ന പണത്തിന്റെ അളവിലും മാറ്റമുണ്ടായി. ബാങ്കുകളില്‍ നിന്ന് പണംമാറ്റുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ വരുന്നവരുടെ കൈവിരലില്‍ മഷിപുരട്ടുമെന്ന തീരുമാനവും ഇതിനിടെ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പു കമ്മിഷന്റെ അപ്രീതിക്കിടയാക്കിയ ആ തീരുമാനം പക്ഷേ പിന്നീട് നഗരങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തി.
പഴയ നോട്ടുകളുടെയും പുതിയ നോട്ടുകളുടെയും വലിപ്പവ്യത്യാസം എ.ടി.എം മെഷീനുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. ഇക്കാരണത്താല്‍ പതിനായിരക്കണക്കിനു മെഷീനുകള്‍ മാറ്റേണ്ടിവന്നു. രാജ്യത്തെ 35 ശതമാനം എ.ടി.എം കൗണ്ടറുകള്‍ മാത്രമാണ് സാധാരണനിലയില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്. കൂടുതലും 2,000ന്റെ നോട്ടുകളാണ് എ.ടി.എം കൗണ്ടറുകളിലുള്ളതെന്നതിനാല്‍ ചില്ലറക്ഷാമംരൂക്ഷമായി. ഫലത്തില്‍ സാധാരണക്കാരന് രണ്ടായിരത്തിന്റെ നോട്ട്‌കൊണ്ട് ഫലവുമില്ലാതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."