വിഷ്ണു വധം: പ്രധാന പ്രതിയും കൂട്ടാളികളും പിടിയില്‍
തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയും കൂട്ടാളികളും സിറ്റി ഷാഡോ ടീമിന്റെ പിടിയിലായി. ഗുണ്ടയും പുത്തന്‍പാലം സ്വദേശിയുമായ ഡിനി ബാബു (41), അമ്പലമുക്ക് സ്വദേശി അജീഷ് (42), കവടിയാര്‍ പൈപ്പ്‌ലൈന്‍ സ്വദേശി ഉണ്ണി (46) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വിഷ്ണുവിനെ കൊലപ്പെടുത്തുകയും അമ്മയെയും മാതൃസഹോദരിയെയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
2015ല്‍ ഡിനിയുടെ സഹോദരന്‍ സുനിലിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് വിഷ്ണു വധത്തിനു കാരണമായത്. കൊല്ലപ്പെട്ട വിഷ്ണു ഗുണ്ടയായ പുത്തന്‍പാലം രാജേഷിന്റെ ബന്ധുവാണ്. കൊലപാതകത്തിനുശേഷം ഡിനി ബാബു ഉത്തരേന്ത്യയിലെ വിവിധ ക്ഷേത്രങ്ങള്‍, ബാംഗ്ലൂര്‍, തമിഴ്‌നാട്ടിലെ തൃശ്ചിനപ്പള്ളി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലിസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഡിനി, അജീഷിന്റെ അമ്മയുടെ നാടായ തൊടുപുഴയിലെത്തുകയും അവിടെനിന്ന് ഇടുക്കിയിലെത്തി വനപ്രദേശത്ത് ഒളിവില്‍ കഴിഞ്ഞു. പൊലിസ് വീണ്ടും പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി വീണ്ടും ഉത്തരേന്ത്യയിലേക്കു കടക്കാന്‍ പണം സംഘടിപ്പിക്കുന്നതിനായി കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഡിനിയെയും കൂട്ടാളികളെയും പൊലിസ് പിടികൂടുന്നത്.
കടയ്ക്കാവൂരില്‍ മണികണ്ഠന്‍ എന്നയാളെ കൊലപ്പെടുത്തിയതും മൂന്നു വധശ്രമക്കേസുകളും ഡിനിക്കെതിരേയുണ്ട്.സിറ്റി പൊലിസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍ദേശപ്രകാരം കണ്‍ട്രോള്‍ റൂം എസി വി. സുരേഷ്‌കുമാര്‍, പേട്ട സിഐ എസ്.വൈ സുരേഷ്, ഷാഡോ ടീമിലെ എസ്‌ഐ സുനില്‍ലാല്‍, അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം സൈബര്‍സെല്ലിലെ അംഗങ്ങളും പ്രതികളെ പിടികൂടുന്നതില്‍ പങ്കുവഹിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."