ഗോളുകള്‍ നേടാനായി, പക്ഷേ മികച്ച കളി പുറത്തെടുക്കാനായില്ല: സി.കെ വിനീത്
ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിച്ചത് ആകെ ആറ് മത്സരങ്ങള്‍. നേടിയത് അഞ്ച് ഗോളുകള്‍. പോയിന്റ് പട്ടികയില്‍ മുംബൈ സിറ്റിക്കു പിന്നിലായി രണ്ടാം സ്ഥാനത്തേക്കു ടീമിനെ എത്തിച്ച സി.കെ.വിനീത് കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡിനെതിരേ നേടിയ വിജയ ഗോളിലൂടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരമായി മാറി. എന്നാല്‍ ഇതുവരെ തന്റെ മികച്ച കളി പുറത്തെടുക്കാനായിട്ടില്ലെന്നു വിനീത് സമ്മതിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ ഈ സീസണില്‍ ചാംപ്യന്മാരാക്കുന്നതില്‍ തന്റെ മികവ് പുറത്തെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിനീത് സംസാരിക്കുന്നു.
=ഐ.എസ്.എല്ലില്‍ സ്വപ്നതുല്യമായ വരവായിരുന്നു താങ്കളുടേത് ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍, മുന്നു അസിസ്റ്റുകള്‍. സീസണില്‍ ഇത്ര മികച്ച തുടക്കം താങ്കള്‍ പ്രതീക്ഷിച്ചിരുന്നുവോ
ഒരിക്കലും ഇത്രയേറെ പ്രതീക്ഷിച്ചിരുന്നില്ല. ടീമിനെ സെമിഫൈനലില്‍ എത്തുന്നതിനു സഹായിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും കളിക്കാനെത്തുമ്പോള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതേപോലെ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുവാന്‍ കഴിയുമെന്നു ഒരിക്കലും കരുതിയിരുന്നതല്ല.ഇപ്പോള്‍ എനിക്കും ടീമംഗങ്ങള്‍ക്കും മുന്നില്‍ ഫൈനലിലേക്കു യോഗ്യത നേടുകയും നേടുകയുമെന്ന ലക്ഷ്യമാണ് മുന്നിലുള്ളത്.
= സീസണില്‍ മികച്ച കളിയാണ് താങ്കള്‍ പുറത്തെടുത്തതെന്ന് പറയാമോ
സത്യസന്ധമായി പറയാം ഇതുവരെ എനിക്ക് നന്നായി കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോളുകള്‍ നേടിയെങ്കിലും ഇതുവരെ മികച്ച ഫുട്‌ബോള്‍ കളി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നതു മാത്രമാണ് ഈ സന്ദര്‍ഭത്തില്‍ എനിക്കു പറയാന്‍ കഴിയൂ
= ദേശീയ ടീമില്‍ ഇടം ലഭിക്കാന്‍ ഈ ഗോളുകള്‍ പര്യാപ്തമാണോ
അതേക്കുറിച്ച് ഒന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഈ ഗെയിമിലാണ് എന്റെ മുഴുവന്‍ ശ്രദ്ധയും. നന്നായി കളിക്കാന്‍ കഴിയുകയാണെങ്കില്‍ അവര്‍ തീര്‍ച്ചയായും വിളിക്കും. ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കേണ്ടതുണ്ട്.
= ഐ.എസ്.എല്‍ ഫൈനല്‍ കൊച്ചിയില്‍ നടക്കുന്ന സാഹചര്യത്തില്‍ ഫൈനല്‍ കളിക്കുവാന്‍ ബ്ലാസറ്റേഴ്‌സ് ആഗ്രഹിക്കുന്നുണ്ടാകും. അതിന്റെ സമ്മര്‍ദ്ദം ടീമിനുണ്ടോ
ഐ.എസ്.എല്ലില്‍ കിരീടം നേടുകയെന്നത് ബ്ലാസറ്റേഴ്‌സിന്റെ ആരാധകര്‍ കൊതിക്കുന്ന മൂഹൂര്‍ത്തമാണ്. ടീമിനെ പിന്തുണയ്ക്കുന്നവര്‍ക്കായി ഞങ്ങള്‍ക്കു ജയിക്കണം. കാരണം,ഏറ്റവും മികച്ച ആരാധകരാണ് അവര്‍. എന്നാല്‍, അതിന്റെ സമ്മര്‍ദ്ദം ഇല്ല. സ്വാഭാവിക ഗെയിം തന്നെ ആയിരിക്കും കളിക്കുക.
= ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകളില്‍ എത്രമാത്രം കാണികളുടെ പിന്തുണ സഹായമായി
അത്ഭുതാവഹമായ വന്‍ ജനക്കൂട്ടത്തിനു മുന്നില്‍ കളിക്കുക എന്നത് സത്യത്തില്‍ വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. ശരിക്കും അദ്ഭുതപ്പെടുത്തുന്ന അനുഭവമാണ് അത്. കളിക്കാര്‍ തമ്മില്‍ പറയുന്നതുപോലും കേള്‍ക്കാനാവാത്ത വിധം ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പലപ്പോഴും റഫറിയുടെ വിസിലടിപോലും കേള്‍ക്കാന്‍ കഴിയാതെ പോയിട്ടുണ്ട്.
=കഴിഞ്ഞ തവണത്തെ അവസാന ലീഗ് മത്സരത്തിനു മുന്‍പ് കാണികളുടെ പിന്തുണയെക്കുറിച്ചു സംസാരിക്കുന്നതിനിടെ വികാരഭരിതനായിരുന്നല്ലോ. ഇത്തരം വൈകാരിക യാഥാര്‍ഥ്യങ്ങള്‍ കളിയില്‍ അധികം ഊന്നല്‍ കൊടുക്കുന്നതിനു കാരണമായിരുന്നോ
എന്നെ സംബന്ധിച്ച് എപ്പോഴും അങ്ങനെയാണ്. സ്വന്തം കാണികളാണ് അവര്‍ക്കുവേണ്ടി എറ്റവും മികച്ച കളി പുറത്തെടുക്കണം. ടീമിലെ എല്ലാവരും ആഗ്രഹിക്കുന്നതും അതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."