കുപ്പു ദേവരാജിന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനു വയ്ക്കും
കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഇന്ന് ഏറ്റെടുത്തേയ്ക്കും. ദേവരാജിന്റെ ബന്ധുകള്‍ കോഴിക്കോട്ട് എത്തിയിട്ടുണ്ട്. എന്നാല്‍ അജിത എന്ന കാവേരിയുടെ ബന്ധുകളെക്കുറിച്ചുള്ള വിവരം പൊലിസിന് ഇതുവരെ ലഭിച്ചിട്ടില്ല.
ബുധനാഴ്ച വിനായകന്‍ എന്ന് പേരുള്ള ചെന്നൈ മാവോയിസ്റ്റ് നേതാവ് ഭര്‍ത്താവാണെന്ന് അവകാശവുമായി എത്തിയെങ്കിലും വൈവാഹികബന്ധം തെളിയിക്കാനുള്ള രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍ ഇയാള്‍ക്കും മൃതശരീരം വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് പൊലിസ് നിലപാട്.
അതേസമയം ദേവരാജിന്റെ മൃതദേഹം ബന്ധുകള്‍ ഏറ്റെടുക്കുമ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുതലക്കുളത്ത് പൊതുദര്‍ശനത്തിന് വയ്ക്കാനാണ് തീരുമാനം. ദേവരാജിന്റെ സഹോദരന്‍ ശ്രീധര്‍ നേരെത്തെ ഇവിടെയുണ്ടെങ്കിലും അമ്മയും സഹോദരിമാരും ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെത്തും. രാവിലെ ഒന്‍പതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വന്‍ജനാവലിയോടെ മൃതദേഹം ഏറ്റുവാങ്ങാനാണ് തീരുമാനം.
അജിതയുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് സബന്ധിച്ച് ഇടതുമുന്നണി മന്ത്രിസഭയിലെ പ്രമുഖരുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസാരിച്ചപ്പോള്‍ അനുകൂല മറുപടിയാണ് ലഭിച്ചത്. ഇക്കാരണത്താല്‍ തന്നെ മോര്‍ച്ചറി പരിസരത്ത് കൂടുതല്‍ പ്രകോപനത്തിന് സാധ്യതയും തള്ളികളയാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."