നടനമേളം ശ്രുതിതരംഗം
തലശ്ശേരി: നടനമേള ശ്രുതി തരംഗ സംഗമമായി ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിനം. പ്രധാന വേദികളില്‍ ഭരതനാട്യം, നാടോടിനൃത്തം, സംഘനൃത്തം, വട്ടപ്പാട്ട്, അറബനമുട്ട് എന്നീ നടന ഇനങ്ങള്‍ പുളകമണിയിച്ചപ്പോള്‍ മറ്റു വേദികളില്‍ ആലാപനയിനങ്ങള്‍ ആസ്വാദകരെ തൃപ്തിപ്പെടുത്തി.
നാടോടിനൃത്തവും സംഘനൃത്തവും നിറഞ്ഞാടിയ ബ്രണ്ണന്‍ സ്‌കൂളിലെ വേദി ഒന്നില്‍ ഏറെ വൈകി മത്സരം പൂര്‍ത്തിയാകും വരെ കാണികള്‍ ഒഴിഞ്ഞില്ല. നൃത്തയിനങ്ങളില്‍ പലതും പരമ്പരാഗത ശൈലി വിട്ടൊഴിഞ്ഞില്ലെങ്കിലും മത്സരാര്‍ഥികളുടെ പ്രകടനം കാഴ്ചക്കാരില്‍ വിരസതയുണ്ടാക്കിയതേയില്ല. സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന വട്ടപ്പാട്ടും അറബനമുട്ടും കാണാന്‍ ആസ്വാദകരുടെ കുത്തൊഴുക്കായിരുന്നു. ലളിതഗാനമടക്കമുള്ള ആലാപന മത്സരങ്ങളും തബലയും മൃദംഗവുമടങ്ങുന്ന വാദ്യകലകളും കലോത്സവത്തിന്റെ രണ്ടാംദിനത്തെ അവിസ്മരണീയമാക്കി. ഇന്നു വേദികളില്‍ നാടന്‍കലകളുടെ ദൃശ്യസമന്വയം ഒരുങ്ങും.
പ്രധാന വേദിയില്‍ നാടന്‍പാട്ടും നങ്ങ്യാര്‍കൂത്തും ചാക്യാര്‍കൂത്തും കൂടിയാട്ടവും യക്ഷഗാനവും എത്തുമ്പോള്‍ മറ്റു വേദികളില്‍ മേളയുടെ ആകര്‍ഷക ഇനങ്ങളായ കേരളനടനവും മിമിക്രിയും മോണോ ആക്ടുമടക്കമുള്ളവ വേദിയെ സമ്പന്നമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."