മാഹി നഗരസഭ കാത്തിരിക്കുന്നു: എന്നുവരും പുതിയ ഭരണം
മാഹി: വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഭരണസമിതിയില്ലാതെ മാഹി നഗരസഭ.
കഴിഞ്ഞ 35 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 2006 ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാഹി നഗരസഭയ്ക്കു നാഥനില്ലാത്ത അവസ്ഥയാണിപ്പോള്‍. രമേശ് പറമ്പത്ത് ചെയര്‍മാനായിരുന്ന പതിനഞ്ചംഗ ഭരണസമിതിയുടെ കാലാവധി 2011 ജൂലൈയില്‍ അവസാനിച്ചതോടെ ഭരണം അവസാനിച്ചുവെങ്കിലും പിന്നീടു പുതിയ തെരഞ്ഞെടുപ്പ് നടന്നില്ല.
പുതുച്ചേരിയില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ മാഹിയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നു പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ പ്രഖ്യാപനം ഒരുതവണ യാഥാര്‍ഥ്യമായതൊഴിച്ചാല്‍ ഇവിടെ തെരഞ്ഞെടുപ്പൊന്നും നടന്നില്ല.
നഗരസഭാ പ്രദേശത്ത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥരുടെ ആസൂത്രണം വികസനകാര്യത്തില്‍ ഫലപ്രദവുമല്ല. ഇതിനു ജനകീയ സ്വഭാവവുമില്ല. ജനകീയ പങ്കാളിത്തമുള്ള ഒരു സഭയില്ലാതെ വിവിധ തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതും മാഹി നഗരസഭയുടെ പോരായ്മയാണ്.
മാഹിയോടു ചേര്‍ന്നുകിടക്കുന്ന കേരളത്തിലെ പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടത്തെ റോഡുകള്‍, തെരുവുവിളക്കുകള്‍, കുടിവെള്ള പദ്ധതികള്‍, മാലിന്യപ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കാലതാമസം നേരിടുകയാണ്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥരുടെ ആസൂത്രണം വികസന കാര്യത്തില്‍ ഫലപ്രദവുമല്ല.
പള്ളൂരിലെ മിനി ബസ് സ്റ്റാന്‍ഡ്, ഇടയില്‍പീടിക വിവാഹ മണ്ഡപം പൊതു കക്കൂസുകള്‍, മാഹി ടൗണ്‍ഹാള്‍, നഗരസഭാ ഓഫിസിന്റെ പുതിയകെട്ടിട നിര്‍മാണം എന്നിവയൊക്കെ നഗരസഭയുടെ പുതിയ കൗണ്‍സിലിനെ കാത്തിരിക്കുന്ന പദ്ധതികളാണ്.
എം.എല്‍.എ ഫണ്ടും സര്‍ക്കാര്‍ ഗ്രാന്‍ഡുകളും ഉപയോഗിച്ചാണു നിലവില്‍ പദ്ധതികള്‍ നടക്കുന്നത്. ആരു ഭരണം നടത്തിയാലും പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ കൃത്യമായി നടത്തണമെന്നാണു മാഹിക്കാരുടെ ആവശ്യം.
ഫ്രഞ്ച് അധീന പ്രദേശമെന്ന നിലയില്‍ മാഹി നഗരസഭയ്ക്കു നേരത്തെ മേയര്‍ പദവിയുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന്റെ അധികാരവും മേയര്‍ക്ക് ഉണ്ടായിരുന്നു.
1974ല്‍ ഇന്ത്യന്‍ മുന്‍സിപ്പല്‍ ആക്ട് മാഹിക്കു ബാധകമാക്കിയപ്പോള്‍ മേയര്‍ പദവിക്കു പകരം സാധാരണ പോലെ നഗരസഭാ ചെയര്‍മാനും വൈസ് ചെയര്‍മാനുമുള്ള കൗണ്‍സില്‍ നിലവില്‍വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."