രാഷ്ട്രീയ ഭ്രാന്തില്‍ മൃതദേഹത്തെപോലും അപമാനിക്കുന്നു: ടി. പത്മനാഭന്‍
കോഴിക്കോട്:പണ്ടൊക്കെ ജാതി, മത ഭ്രാന്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇന്ന് രാഷ്ട്രീയഭ്രാന്ത് കലശലായിരിക്കയാണെന്നും കഥാകൃത്ത് ടി.പത്മനാഭന്‍. രാഷ്ട്രീയഭ്രാന്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തെപോലും അപമാനിക്കുന്നതാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച വിവാദത്തെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു പത്മനാഭന്റെ വിമര്‍ശനം. എന്‍.ജി.ഒ യൂനിയന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി ശക്തമായി സമൂഹത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. വലിയ രാഷ്ട്രീയക്കാരുടെ പേരക്കുട്ടികള്‍വരെ ജാതിപ്പേരിലാണ് അറിയപ്പെടുന്നത്. അതാരാണെന്ന് നിങ്ങള്‍ക്കറിയാം, ഞാന്‍ പറയുന്നില്ല. നമ്മള്‍ പോകുന്നത് പുരോഗമനത്തിലേക്കോ ഇരുണ്ട അറയിലേക്കോ എന്ന സംശയമാണുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന നായകരുടെ പരിശ്രമഫലമായി ഇല്ലാതായ ജാതിചിന്ത ശക്തമായിരിക്കുകയാണ്. ജാതിനാമം ഇല്ലാത്ത ആരെയെങ്കിലും ഇന്ന് കാണാനുണ്ടോ? പണ്ട് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ നായര്‍, വാര്യര്‍, മേനോന്‍ എന്നൊന്നും ഉണ്ടായിരുന്നില്ല. ജാതി ചിന്ത കൊടികുത്തി വാണിരുന്ന കാലമായിരുന്നു അതെന്ന് ഓര്‍ക്കണം. ആണ്‍കുട്ടികള്‍ വലുതാകുമ്പോള്‍ അവരെ ജാതിപ്പേര് ചേര്‍ത്ത് വിളിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് തീരെ അതുണ്ടായിരുന്നില്ല. ഒരു വയസായ കുട്ടിയുടെ ജന്മദിന പരസ്യം പത്രത്തില്‍ കൊടുക്കുമ്പോള്‍ രക്ഷിതാവ് ജാതിപ്പേര് ചേര്‍ത്താണ് നല്‍കുന്നത്. ഇന്ന് എല്ലാ നടിമാര്‍ക്കും പേരിനൊപ്പം ജാതിയാണ്.
ശ്രീനാരായണഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം കൊണ്ടാടുമ്പോഴാണ് ഇത്തരത്തില്‍ ജാതിചിന്ത നമ്മെ പിടികൂടുന്നതെന്ന കാര്യം ഓര്‍ക്കണം. അദ്ദേഹം പറഞ്ഞു.
എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എച്ച്. എം ഇസ്മാഈല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."