പട്ടികജാതി, വര്‍ഗക്കാരുടെ ഇരുനൂറോളം പെട്രോള്‍ പമ്പുകള്‍ നടത്തുന്നത് ബിനാമികള്‍
പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കു അനുവദിച്ച ഭൂരിഭാഗവും പെട്രോള്‍പമ്പ് ഔട്ട്‌ലെറ്റുകളും ഇപ്പോള്‍ ബിനാമികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടികജാതി,വര്‍ഗക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പമ്പുകള്‍ മിക്കതും സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചനിലയിലുമാണ്. പമ്പ് നടത്തി കടം കയറിയതിനാല്‍ നാലുപേര്‍ ആത്മഹത്യ ചെയ്തു.
കേരളത്തില്‍ 240 ഔട്ട്‌ലെറ്റുകളാണ് പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ 90 ശതമാനം പമ്പുകളും ഇപ്പോള്‍ ബിനാമികളാണ് നടത്തിവരുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍കോര്‍പറേഷന്‍ എന്നിവയുടെ ഔട്ട്‌ലെറ്റുകളാണ് കേരളത്തില്‍ കൂടുതലുള്ളത്. ഏകദേശം 2500ഔട്ട്‌ലെറ്റുകള്‍ ഉള്ളതില്‍ 240 എണ്ണമാണ് പട്ടികജാതി വര്‍ഗക്കാര്‍ക്കായി നല്‍കിയിട്ടുള്ളത്.
കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് പമ്പുകള്‍ നന്നായി നടത്തി കൊണ്ടുപോവാന്‍ കോര്‍പ്പസ് ഫണ്ടുകള്‍ നല്‍കിയിരുന്നെങ്കിലും, വേണ്ടത്ര വില്‍പ്പന നടക്കാത്തതിനാല്‍ ലൈസന്‍സികള്‍ക്കു തവണ തുക അടക്കാനുള്ള വരുമാനം പോലും കിട്ടാറില്ല. പട്ടികജാതി, പട്ടിക വര്‍ഗക്കാരുടെ പമ്പുകളുള്ള സ്ഥലത്തിനടുത്ത് മറ്റുള്ളവര്‍ക്ക് പമ്പുകള്‍ അനുവദിക്കുന്നതും കൂടിയാവുമ്പോള്‍ ഇവരുടെ പമ്പുകളില്‍ കച്ചവടം കുറയാനിടവരുന്നു. കമ്പനി നല്‍കുന്ന ഡീസലിന്റെയും, പെട്രോളിന്റെയും വില യഥാസമയം അടക്കാന്‍ പറ്റാതെ വരുമ്പോള്‍ ബന്ധപ്പെട്ട കമ്പനിയുടെ ഉദ്യോഗസ്ഥര്‍ നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വിട്ടു കൊടുക്കാന്‍ നിര്‍ബന്ധിക്കും.
സ്ഥിരമായി എണ്ണ എടുത്തില്ലെങ്കില്‍ ഔട്ട് ലെറ്റിന്റെ ലൈസന്‍സ് നഷ്ട്ടപെടും. ചിലര്‍ കടം വീട്ടാനുള്ള പണം നല്‍കും. പിന്നീട്, പതുക്കേ ഇവര്‍ പമ്പുകള്‍ കൈവശപ്പെടുത്തും. സ്വന്തമായി നടത്തുന്ന ചിലരും ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണ.് മുന്‍പ് കോര്‍പസ് ഫണ്ട് നല്‍കി തിരിച്ചടച്ചവര്‍ക്ക് സര്‍ക്കാര്‍ വീണ്ടും ഫണ്ട് നല്‍കിയാല്‍ തല്‍ക്കാലം പിടിച്ചു നില്ക്കാന്‍ പറ്റുമെന്ന് കേരളാ സ്റ്റേറ്റ് ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബസ് പെട്രോളിയം ഡീലര്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ മോഹിനി സുപ്രഭാതത്തോട് പറഞ്ഞു. ഇതിനുവേണ്ടി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പലതവണ പ്രധാന മന്ത്രിക്കും, കേന്ദ പെട്രോളിയം, നാച്ചുറല്‍ ഗ്യാസ് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതു വരെ ഒരു മറുപടി പോലും നല്‍കിയില്ലെന്നും അദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."