മാഞ്ചസ്റ്റര്‍ സിറ്റിയെ ലെയ്സ്റ്റര്‍ വീഴ്ത്തി; വിജയം തുടര്‍ന്ന് ചെല്‍സി
ലണ്ടന്‍: സീസണില്‍ ആദ്യമായി ജാമി വാര്‍ഡി ഫോമിലേക്കുയര്‍ന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ലെയ്സ്റ്റര്‍ സിറ്റി വീഴ്ത്തി. ഹാട്രിക്ക് ഗോളുകളുമായി വാര്‍ഡി നിറഞ്ഞാടിയപ്പോള്‍ ലെയ്സ്റ്റര്‍ 4-2നാണ് വിജയം പിടിച്ചത്. മറ്റു മത്സരങ്ങളില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകളും വിജയിച്ചു.
കഴിഞ്ഞ 16 മത്സരങ്ങളിലായി ഗോളടിക്കാന്‍ കഴിയാതെ ഉഴറിയ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ അതിന്റെ സങ്കടം തീര്‍ത്താണ് ലെയ്സ്റ്ററിനു സീസണിലെ മികച്ച വിജയങ്ങളിലൊന്നു സമ്മാനിച്ചത്.
കളി തുടങ്ങി അഞ്ചു മിനുട്ടിനുള്ളില്‍ രണ്ടു ഗോളുകളാണ് ലെയ്സ്റ്റര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വലയില്‍ നിക്ഷേപിച്ചത്.
മൂന്നാം മിനുട്ടില്‍ വാര്‍ഡിയും അഞ്ചാം മിനുട്ടില്‍ ആന്‍ഡി കിങുമാണ് വല കുലുക്കിയത്. പിന്നീട് 20, 78 മിനുട്ടുകളിലും വാര്‍ഡി വലയില്‍ പന്തെത്തിച്ചു. 82ാം മിനുട്ടില്‍ കൊളറോവും 90ാം മിനുട്ടില്‍ നൊളിറ്റോയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരാജയ ഭാരം കുറച്ച് ഗോളുകള്‍ നേടി.
ചെല്‍സി ഒറ്റ ഗോളിനു വെസ്റ്റ്‌ബ്രോംവിചിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 76ാം മിനുട്ടില്‍ ഡീഗോ കോസ്റ്റയാണ് മുന്‍ ചാംപ്യന്‍മാര്‍ക്ക് വിജയം സമ്മാനിച്ചത്. സീസണില്‍ പ്രീമിയര്‍ ലീഗില്‍ കോസ്റ്റ നേടുന്ന 12ാം ഗോളാണിത്. ഗോള്‍ വേട്ടയില്‍ ആഴ്‌സണല്‍ താരം അലക്‌സിസ് സാഞ്ചസിനെ രണ്ടാം സ്ഥാനത്തേക്ക് പന്തള്ളി ഒന്നാമതെത്താനും സ്പാനിഷ് താരത്തിനായി.
സ്വന്തം തട്ടകത്തില്‍ ടോട്ടനം ഹോട്‌സ്പറിനെ വീഴ്ത്തിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയം സ്വന്തമാക്കിയത്. 29ാം മിനുട്ടില്‍ മിഖിതര്യനാണ് യുനൈറ്റഡിനായി വല ചലിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."