തട്ടകത്തില്‍ കരുത്തര്‍ കൊമ്പന്മാര്‍ തന്നെ
കൊച്ചി: സ്വന്തം തട്ടകത്തില്‍ തകര്‍ക്കാന്‍ കഴിയില്ലെന്നു കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തെളിയിച്ചു. ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ വമ്പന്മാരായ ഡല്‍ഹി ഡൈനാമോസിനെ കേരളത്തിന്റെ കൊമ്പന്മാര്‍ ഏകപക്ഷീയമായ ഒരുഗോളിനു കീഴടക്കി ഫൈനലിലേക്കുള്ള ദൂരം കുറച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പതിനായിരങ്ങള്‍ മഞ്ഞക്കടല്‍ തീര്‍ത്ത ആവേശത്തിരയില്‍ രണ്ടാം പകുതിയില്‍ ബെല്‍ഫോര്‍ടിന്റെ മനോഹരമായ ഗോളിലൂടെ കേരളം വിജയം കരസ്ഥമാക്കി. ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ നേടുന്ന തുടര്‍ച്ചയായ ആറാം ജയമാണിത്. രണ്ടാംപാദ സെമി 14നു ഡല്‍ഹിയില്‍ നടക്കും. ഈ മത്സരത്തില്‍ ഡല്‍ഹിക്ക് 2-0ന് ജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഫൈനലില്‍ കയറാന്‍ കഴിയു. അതേസമയം ബ്ലാസ്റ്റേഴ്‌സിനു സമനില നേടിയാലും ഫൈനല്‍ ഉറപ്പിക്കാം.
പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന പ്രതിരോധം
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 64ാംമിനുട്ടില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ടാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. കളിയില്‍ കൂടുതല്‍ അവസരങ്ങള്‍ മെനഞ്ഞതും പന്തിന്മേല്‍ മുന്‍തൂക്കം നേടിയതും ഡല്‍ഹിയായിരുന്നെങ്കിലും മാഴ്‌സെലീഞ്ഞോയും കീന്‍ ലൂയിസും റിച്ചാര്‍ഡ് ഗാഡ്‌സെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കരുത്തും ഗുണകരമായി. ബ്ലാസ്റ്റേഴ്‌സ് ഡക്കന്‍സ് നാസനെ ഏക സ്‌ട്രൈക്കറാക്കി 4-4-1-1 ശൈലിയിലാണു കളത്തിലിറങ്ങിയത്.
തുടക്കം മുതല്‍ ഡല്‍ഹി ആക്രമണം തുടങ്ങിയപ്പോള്‍ പതുക്കെ കളിയുടെ ഗതി മനസിലാക്കി കൗണ്ടര്‍ അറ്റാക്കുകളാണ് ബ്ലാസ്റ്റേഴ്‌സ് തുടക്കത്തില്‍ പുറത്തെടുത്തത്. മലൂദയുടെ പ്ലേ മേക്കിങ്ങിനൊപ്പം മാഴ്‌സെലീഞ്ഞോയും കീന്‍ ലൂയിസും റിച്ചാര്‍ഡ് ഗാഡ്‌സെയും ഇരമ്പിയാര്‍ത്തപ്പോള്‍ ഹ്യൂസും ഹെങ്ബര്‍ട്ടും ജിങ്കാനുമടങ്ങിയ പ്രതിരോധം ബ്ലാസ്റ്റേഴിനെ തുണച്ചു.
35ാം മിനുട്ടില്‍ രണ്ട് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പന്തുമായി മുന്നേറി മാഴ്‌സെലീഞ്ഞോ ഷോട്ട് ഉതിര്‍ത്തെങ്കിലും ദുര്‍ബലമായ അടി അനായാസം സന്ദീപ് നന്ദി പുറത്തേക്ക് തട്ടിയിട്ടു കോര്‍ണറിനു വഴങ്ങി. തുടര്‍ന്ന് 43, 44 മിനുട്ടുകളില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച രണ്ടു നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി വല കുലുക്കിയതോടെ സ്റ്റേഡിയം ആവേശത്താല്‍ ആര്‍ത്തിരമ്പിയെങ്കിലും റഫറി ഹാന്‍ഡ് വിളിച്ചു.
മിന്നിത്തിളങ്ങിയ രണ്ടാം പകുതി
രണ്ടാം പകുതിയില്‍ ജയിച്ചേ തീരൂ എന്ന വാശി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ശരീര ഭാഷയില്‍ പ്രകടമായപ്പോള്‍ അതു കളിയില്‍ മാറ്റം വരുത്തി. നാസനും ബെല്‍ഫോര്‍ട്ടും വിനീതും തുടര്‍ച്ചയായി എതിര്‍ ബോക്‌സിലേക്ക് പന്തെത്തിച്ചെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. നിരന്തരാക്രമണത്തിനു ഫലം 64ാം മിനുട്ടില്‍ കണ്ടു. ആവേശം വിതച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍. ഹെങ്ബര്‍ട്ട് തട്ടിക്കൊടുത്ത പന്തുമായി മൈതാന മധ്യത്തില്‍ നിന്നു ഇടതു വിങിലൂടെ ഒറ്റക്ക് മുന്നേറിയ ബെല്‍ഫോര്‍ട് ഡൈനാമോസ് താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ ശേഷം ബോക്‌സില്‍ പ്രവേശിച്ച് മുന്നോട്ടു കയറിയ സ്പാനിഷ് ഗോളി ഡൊബ്ലാസിനെയും കീഴടക്കി മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. 76ാം മിനുട്ടില്‍ മലൂദയെടുത്ത കോര്‍ണര്‍ കിക്ക് കിന്‍ ലൂയിസ് മാഴ്‌സെലീഞ്ഞോക്ക് കണക്കായി മറിച്ചു. മാഴ്‌സെലീഞ്ഞോ നല്ലൊരു ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിലെ കരുത്തന്‍ ഹെങ്ബര്‍ട്ട് അതിലും മികച്ചൊരു ഹെഡ്ഡറിലുടെ പന്ത് പുറത്തേക്കു പായിച്ചു. 84ാം മിനുട്ടില്‍ വിനീതിന്റെ നല്ലൊരു ഷോട്ട് ഡൈനാമോസ് ഗോളി മുഴുനീളെ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. അവസാന മിനുട്ടുകളില്‍ സമനിലക്കായി ഡല്‍ഹി പൊരുതിയെങ്കിലും കൊമ്പന്മാരുടെ പ്രതിരോധ മതില്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."