ഓര്‍ക്കാട്ടേരിയില്‍ ആശുപത്രി കെട്ടിടം പ്രവര്‍ത്തി ഇനിയും തുടങ്ങിയില്ല
എടച്ചേരി: ഓര്‍ക്കാട്ടേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പൊളിച്ചുമാറ്റിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ല. കഴിഞ്ഞ മഴക്കാലത്തിന് മുന്‍പാണ് നിലവിലുളള കെട്ടിടം പൊളിച്ചു മാറ്റിയത്. തറയടക്കം കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ പ്രദേശവാസിയായ കോണ്‍ട്രാക്റ്റര്‍ക്ക് കരാര്‍ കൊടുക്കുകയായിരുന്നു. കരാറുകാരന്‍ സമയത്തു തന്നെ തന്നെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. കെട്ടിടത്തിന്റെ തറയോട് ചേര്‍ന്ന മണ്ണ് കൂടി മാറ്റിയതോടെ ഇവിടെ വീതിയേറിയ കുഴി രൂപപ്പെട്ടിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ഇതില്‍ വെളളം കെട്ടി നിന്നത് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. അടുത്ത മഴക്കാലത്തിന് മുന്‍പായി ജോലി പൂര്‍ത്തീകരിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും തറയുടെ ജോലി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
വടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ ഹെല്‍ത്ത്‌സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പുതുക്കിപ്പണിത് താലൂക്ക് ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചത് ബ്ലോക്ക് പഞ്ചായകത്തിന്റെ കഴിഞ്ഞ ഭരണ സമിതിയാണ്. എന്നാല്‍ തീരുമാനം നടപ്പിലാക്കുന്നതിന് മുന്‍പായി ഭരണ സമിതിയുടെ കാലാവധി അവസാനിക്കുകയും ചെയ്തു. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷമാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ സ്വകാര്യ വ്യക്തിക്ക് കരാര്‍ കൊടുത്തത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കെട്ടിടം പൊളിച്ചു നീക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതിയ രണ്ട് കെട്ടിടങ്ങള്‍ കൂടി പണിതതിനാല്‍ രോഗികളെ പരിശോധനയും മരുന്ന് കൊടുക്കലും മുടക്കമില്ലാതെ നടക്കുകയാണ്. അഞ്ചോളം പഞ്ചായത്തുകളിലെ രോഗികള്‍ക്ക് ആശ്വാസമാകേണ്ട ഈ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് നാട്ടുകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."